Connect with us

Ongoing News

കുട്ടികളുടെ സ്ഥാപനങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിനു കീഴില്‍ കൊണ്ടുവരണം

Published

|

Last Updated

തിരുവനന്തപുരം: കുട്ടികളുടെ സ്ഥാപനങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന് കീഴില്‍ കൊണ്ടുവരാന്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ശിപാര്‍ശ ചെയ്യും. ചെയര്‍പേഴ്‌സണ്‍ നീല ഗംഗാധരന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന സമ്പൂര്‍ണ്ണയോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ ഹോമുകള്‍, ഒബ്‌സര്‍വേഷന്‍ ഹോമുകള്‍, ആഫ്റ്റര്‍ കെയര്‍ ഹോമുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യനീതി വകുപ്പും സര്‍ക്കാരും കുട്ടികളുടെ വിദ്യാഭ്യാസം, വ്യക്തിശുചിത്വം, വിനോദോപാധികള്‍ ലഭ്യമാക്കല്‍ മുതലായവയില്‍ സമയബന്ധിതമായി കൈക്കൊള്ളേണ്ട നടപടികള്‍ നിര്‍ദ്ദേശിച്ച് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിക്കും.
സംസ്ഥാനത്ത് നിലവില്‍ ആയിരത്തിലധികം അനാഥാലയങ്ങളാണുള്ളത്. സന്നദ്ധസംഘടനകളും സര്‍ക്കാരും നടത്തുന്ന കുട്ടികളെ പരിപാലിക്കുന്ന സ്ഥാപനങ്ങള്‍ സമയബന്ധിതമായി ജൂവനൈല്‍ ജസ്റ്റിസ് ആക്ടിനു കീഴില്‍ കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. 2009-ലെ നിര്‍ബന്ധിത വിദ്യാഭ്യാസത്തിനുള്ള അവകാശത്തിലെ വ്യവസ്ഥകള്‍ ന്യൂനപക്ഷ, അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന വിവിധ കോടതികളുടെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്നതിന് ദേശീയ ബാലാവകാശ കമ്മീഷനോട് അഭ്യര്‍ഥിക്കും.

 

Latest