Connect with us

Kasargod

ട്രോമകെയര്‍ യൂണിറ്റ് കാസര്‍കോട്ടും

Published

|

Last Updated

കാസര്‍കോട്: അപകടത്തില്‍പ്പെട്ടവര്‍ക്ക് ഉടനടി വിദഗ്ധ സഹായം എത്തിക്കുക, വളണ്ടിയര്‍മാര്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കുക, അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായം നല്‍കുക, ബ്ലഡ് ബാങ്ക് രൂപവത്കരണം, അവയവദാനര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുക, ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍മാര്‍ക്ക് അപകടരഹിത ഡ്രൈവിങ്ങില്‍ പരിശീലനം നല്‍കുക, നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുക എന്നീ ഉദ്ദേശത്തോടെ ജില്ലയില്‍ സന്നദ്ധ സേവകരുടെ ഒരു വോളന്റിയര്‍ ഗ്രൂപ്പ് രൂപവത്കരിക്കുന്നു. ട്രോമ കെയര്‍ കാസര്‍കോടിന്റെ ജില്ലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ ടി ഒ പ്രകാശ് ബാബു എക്‌സിക്യൂട്ടീവ് ഡയറക്ടറായും ജേസീസ് അന്താരാഷ്ട്ര പരിശീലകന്‍ വേണുഗോപാല്‍ സെക്രട്ടറിയായും റിട്ട.ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി വി കുഞ്ഞമ്പു നായര്‍ പ്രസിഡണ്ടായും കമ്മിറ്റി രൂപവത്കരിച്ചു. ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ കമ്മിറ്റിയുടെ രക്ഷാധികാരികളായിരിക്കും.
10 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം വളണ്ടിയര്‍മാരെ പരിശീലിപ്പിക്കുകയെന്നതാണ് ട്രോമകെയറിന്റെ പ്രധാന ലക്ഷ്യമെന്ന് ആര്‍ ടി ഒ പറഞ്ഞു. ഈമാസം 26ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ട്രോമകെയര്‍ കാസര്‍കോടിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ട്രോമകെയര്‍ കാസര്‍കോട് യൂണിറ്റില്‍ മെമ്പര്‍ഷിപ്പ് ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിശദവിവരങ്ങള്‍ക്ക് സെക്രട്ടറിയുമായി(മൊബൈല്‍ നം: 9446068159) ബന്ധപ്പെടണം. യോഗത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍, സന്നദ്ധസംഘടന പ്രതിനിധികള്‍, വിവിധ യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Latest