മലാപ്പറമ്പ് സ്‌കൂളിലെ ക്ലാസ് മുറികളുടെ പുനര്‍നിര്‍മാണം 15 നകം പൂര്‍ത്തിയാക്കും

Posted on: May 1, 2014 10:31 am | Last updated: May 1, 2014 at 10:31 am

കോഴിക്കോട്: മലാപ്പറമ്പ് എ യു പി സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന ക്ലാസ് മുറികള്‍ ഈ മാസം 15 നകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ സി എ ലത അറിയിച്ചു.
ജൂണ്‍ ഒന്നിന് പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതിനാണ് ത്വരിത ഗതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. കലക്ടര്‍ സ്‌കൂളിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്തി. 18.5 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലാസ് മുറികള്‍ നിര്‍മിക്കുന്നത്. സ്‌കൂള്‍ അടച്ചുപൂട്ടലിനെതിരെ സംരക്ഷണ സമിതി ചെയര്‍മാന്‍ നല്‍കിയ നിവേദനത്തിലെ വസ്തുതകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പരിശോധിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിച്ച് സര്‍ക്കാര്‍തലത്തില്‍ തന്നെ തീരുമാനമെടുക്കണമെന്ന് അഭ്യര്‍ഥിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തയച്ചതായും കലക്ടര്‍ പറഞ്ഞു. സാമൂഹികമായി പിന്നാക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന്റെ പ്രവര്‍ത്തനത്തില്‍ തടസ്സമുണ്ടാകാത്ത വിധം ഉചിത നടപടി സ്വീകരിക്കാനാണ് അഭ്യര്‍ഥിച്ചിട്ടുള്ളത്.
53 വിദ്യാര്‍ഥികളാണ് നിലവില്‍ സ്‌കൂളില്‍ പഠിക്കുന്നത്. 14 വിദ്യാര്‍ഥികള്‍ അടുത്ത അധ്യയന വര്‍ഷത്തിലേക്ക് അഡ്മിഷന്‍ നേടിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.