മോദി പ്രധാനമന്ത്രി പദത്തിന് യോഗ്യനല്ല: അമര്‍ത്യാസെന്‍

Posted on: April 30, 2014 11:33 pm | Last updated: April 30, 2014 at 11:33 pm
SHARE

amarthya-senബോല്‍പൂര്‍: മോദി പ്രധാനമന്ത്രിയാകുന്നത് മുസ്‌ലിംകള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷം ഭയപ്പെടുന്നുവെന്നും അദ്ദേഹം അതിന് യോഗ്യനല്ലെന്നും നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്‍. 2001 ലെ അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് പശ്ചിമബംഗാളിലെ ബോല്‍പൂരില്‍ അമര്‍ത്യാസെന്‍ വോട്ട് ചെയ്തത്. തുടര്‍ന്നായിരുന്നു മോദിക്കെതിരെയുള്ള പരാമര്‍ശം. മതേതരത്വ സംരക്ഷണമാണ് ജനാധിപത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
മോദിക്കെതിരെയുള്ള കുറ്റങ്ങളില്‍ നിന്ന് അദ്ദേഹത്തെ കോടതി വിമുക്തനാക്കിയെങ്കിലും ന്യൂനപക്ഷങ്ങളുടെ ആശങ്കയകന്നിട്ടില്ല. മോദി നല്ല പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയെ കുറിച്ച് തന്റെ കാഴ്ചപ്പാട് നേരത്തേ വ്യക്തമാക്കിയതാണ്. മോദി വ്യവസായികളുടെ പ്രതിനിധിയാണ്. എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുള്ള ആളായിരിക്കണം രാജ്യത്തെ ഭരിക്കേണ്ടതെന്നും സെന്‍ പറഞ്ഞു.
2013 ജൂലൈയിലും മോദിക്കെതിരെ അമര്‍ത്യാസെന്‍ രംഗത്ത് ന്നിരുന്നു. മതേതര കാഴ്ചപ്പാടില്ലാത്ത മോദി പ്രധാനമന്ത്രിയാന്‍ യോഗ്യനല്ലെന്നായിരുന്നു അന്ന് അദ്ദേഹം പ്രസ്താവിച്ചത്. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ മോദി പ്രധാനമന്ത്രിയാകുന്നത് താന്‍ ഇഷ്ടപ്പെടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മോദി വരുന്നത് ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വം അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദി മതേതരത്വത്തിലേക്ക് തിരിച്ചുവരണമെന്നും സെന്‍ പറഞ്ഞു.
നേരത്തെ ബി ജെ പിയുടെ സമുന്നതരായ നേതാക്കളുമായി അമര്‍ത്യാസെന്‍ ചര്‍ച്ച നടത്തിയിരുന്നു. എല്‍ കെ അഡ്വാനി, ജസ്‌വന്ത് സിംഗ്, യശ്വന്ത് സിന്‍ഹ എന്നിവരെയാണ് അദ്ദേഹം കണ്ടത്. സ്‌കൂള്‍ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ സംബന്ധിച്ചാണ് ഇവരുമായി സംസാരിച്ചതെന്നും മോദിയെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here