Connect with us

Malappuram

വെങ്ങാട് തവരക്കുന്നില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

Published

|

Last Updated

കൊളത്തൂര്‍: രൂക്ഷമായ കുടിവെള്ളക്ഷാമം മൂലം എഴുപതോളം കുടുംബങ്ങള്‍ ദുരിതത്തില്‍.
മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തിലെ 8, 13 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന തവരക്കുന്ന്, പൂവ്വക്കുഴി പ്രദേശങ്ങളിലെ എഴുപതോളം കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ പ്രയാസപ്പെടുന്നത്. കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങിയിട്ടുണ്ട്.
കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ് ഇവിടത്തുകാര്‍. കഴിഞ്ഞ വേനലിലുണ്ടായ കൊടും വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദേശമനുസരിച്ച് മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ ജനപ്രതിനിധികളുടെയും ജനകീയ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തിയത് ഇവര്‍ക്ക് ഏറെ ആശ്വാസമായിരുന്നു.
ജല അതോറിറ്റിയുടെ വെങ്ങാട് കീഴ്മുറി മൂതിക്കയത്തുള്ള ശുദ്ധ ജലപദ്ധതിയുടെ പൈപ്പ് ലൈനും പഞ്ചായത്ത് നിര്‍മിച്ചു കൊടുത്ത കുഴല്‍ കിണറും ഈ ഭാഗങ്ങളിലുണ്ടങ്കിലും അവ നോക്കുകുത്തിയായി കിടക്കുകയാണ്.
മാസങ്ങളായി ഒരു തുള്ളി വെള്ളം പോലും പൈപ്പുകളില്‍ നിന്നും ലഭിക്കാറില്ല. വെങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദയ പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ ശുദ്ധജല ക്ഷാമം രൂക്ഷമായ ഭാഗങ്ങളില്‍ രണ്ടാഴ്ച്ചയോളം നടത്തിയ ശുദ്ധജല വിതരണവും ഇപ്പോഴില്ല.

Latest