Connect with us

Kannur

ഷോക്കേറ്റ് പിടയുന്നവരുടെ എണ്ണം കൂടുന്നു: സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ മാത്രം നടപടിയില്ല

Published

|

Last Updated

കണ്ണൂര്‍: സുരക്ഷാ ഉപകരണങ്ങളോ ആധുനിക പണിയായുധങ്ങളോ ഇല്ലാത്തതിനാല്‍ മഴക്കാലത്ത് വൈദ്യുതി ജീവനക്കാര്‍ അപകട ഭീഷണിയിലാകുമെന്ന് ആശങ്ക. ഓരോ വര്‍ഷവും വര്‍ഷ കാലത്ത് ഷോക്കേറ്റ് മരണത്തിനും മറ്റ് അപകടങ്ങള്‍ക്കും ഇരയാകുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല.

2001 മുതല്‍ 2013 വരെയുള്ള 12 വര്‍ഷത്തിനിടയില്‍ വൈദ്യുതി അപകടത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 2230 ആണ്. ഇവരില്‍ വൈദ്യുതി ജീവനക്കാര്‍ 191ഉം കരാര്‍ തൊഴിലാളികള്‍ 193ഉം ആണ്. 1846 പേര്‍ പൊതുജനങ്ങളാണ്. ഇക്കാലയളവിനിടയില്‍ സാരമായി പരുക്കേറ്റവര്‍ 2052 ആണ്. ഇവരില്‍ 869 പേര്‍ ബോര്‍ഡ് ജീവനക്കാരാണ്. 421 പേര്‍ കരാര്‍ തൊഴിലാളികളും 762 പേര്‍ പൊതുജനങ്ങളുമാണ്.
സാരമായി പരുക്കേറ്റവര്‍ പലരും മരണതുല്യരായി ജീവിക്കുകയാണ്. അപകടരഹിതമായ വൈദ്യുതി മേഖലക്ക് വേണ്ടി വൈദ്യുതി ബോര്‍ഡിന് മുന്നില്‍ സംഘടനകള്‍ നിരവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചുവെങ്കിലും നടപ്പാക്കാറില്ലെന്നതാണ് സത്യം.
വൈദ്യുത പ്രസരണ വിതരണ ശൃംഖല അപകടരഹിതമാക്കുന്നതിനായി നേരത്തെ മോഡല്‍ സെക്ഷന്‍ പദ്ധതി അവതരിപ്പിച്ചുവെങ്കിലും ഇപ്പോള്‍ പേരിന് പോലും പ്രവര്‍ത്തനം നടക്കാറില്ല. സെക്ഷന്‍ ഓഫീസുകളിലും സബ് സ്റ്റേഷനുകളിലും വിതരണ സ്റ്റേഷനുകളിലും വേണ്ട സുരക്ഷാ ക്രമീകരണങ്ങളും ഇപ്പോഴില്ല.
സെക്ഷന്‍ ഓഫീസുകളില്‍ എല്ലാ ഫീല്‍ഡ് സ്റ്റാഫിനും റബ്ബര്‍ കൈയുറകള്‍, മഴക്കോട്ട്, ഹെല്‍മെറ്റ് തുടങ്ങിയ ഗുണമേന്മയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യമുണ്ട്.
എന്നാല്‍ ഇതൊന്നും ലഭ്യമല്ല. ഏണി, എര്‍ത്ത് റാഡ്, എര്‍ത്ത് ചെയിന്‍, വര്‍ക്കര്‍മാര്‍ മുതല്‍ ലൈന്‍മാന്‍മാര്‍ വരെയുള്ളവര്‍ക്ക് വേണ്ടി സേഫ്റ്റി ബല്‍റ്റ്, സേഫ്റ്റി ഷൂ, നൈലോണ്‍ കയര്‍, റീ ചാര്‍ജബിള്‍ ടോര്‍ച്ച് എന്നിവയും ആവശ്യമാണ്. ഗുണമേന്മയുള്ള ആധുനിക പണിയായുധങ്ങള്‍ ഒരു സെറ്റ് വീതം എല്ലാ ലൈന്‍മാന്‍മാര്‍ക്കും നല്‍കണം.
ജനറേറ്ററിംഗ് സ്റ്റേഷനുകളിലും സബ് സ്റ്റേഷനുകളിലും കൃത്രിമശ്വാസം നല്‍കാനുള്ള ഉപകരണങ്ങളും സുരക്ഷാ ബെല്‍റ്റും ഹെല്‍മെറ്റ്, ഓക്‌സിമാസ്‌ക്, സ്റ്റാറ്റിസ്‌കോപ്പ് എന്നിവയും വേണം. എന്നാല്‍ സെക്ഷനുകളിലൊന്നും മതിയായ അളവില്‍ ഇത്തരം ഉപകരണങ്ങളില്ല. ഇത് അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുകയാണ്.
എ ബി സ്വിച്ചുകളുടെ അഭാവവും സെക്ഷന്‍ ഓഫീസുകളില്‍ ഫ്യൂസ് യൂനിറ്റുകളില്ലാത്തതും ഗുണനിലവാരമില്ലാത്ത എച്ച് ടി, എല്‍ ടി ഇന്‍സുലേറ്റര്‍ തുടങ്ങിയവയുമൊക്കെ അപകടം വിളിച്ചുവരുത്തുന്നു. കാലപ്പഴക്കം ചെന്ന ലൈനുകളും പോസ്റ്റുകളും സ്റ്റേ വയറും പുനഃസ്ഥാപിക്കാനാവശ്യമായ സാധനസാമഗ്രികള്‍ ഇല്ലാത്തതു കാരണം മഴക്കാലത്ത് പോസ്റ്റുകളും ലൈനുകളും തകര്‍ന്നും അപകടമുണ്ടാകുന്നുണ്ട്.

 

 

---- facebook comment plugin here -----

Latest