Connect with us

Wayanad

അപൂര്‍വ നാണയശേഖര പ്രദര്‍ശനത്തിന് കൃഷ്ണന്‍കുട്ടി 'നാണയപ്പുര' ഒരുക്കുന്നു

Published

|

Last Updated

വൈത്തിരി: നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും അപൂര്‍വങ്ങളായതുമടക്കം നാണയങ്ങളുടെ പ്രദര്‍ശനത്തിന് വയനാട്ടിലെ തളിപ്പുഴയില്‍ “നാണയപ്പുര” ഒരുക്കുന്നു. തളിപ്പുഴയിലെ ഉത്തോന്തില്‍ കൃഷ്ണന്‍കുട്ടിയാണ് കോഴിക്കോട്-കൊല്ലൈഗല്‍ ദേശീയപാതയോട് ചേര്‍ന്ന് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല ആസ്ഥാനത്തിന് എതിര്‍വശത്തുള്ള സ്വന്തം ഭൂമിയില്‍ സ്ഥിരം “നാണയപ്പുര” തയാറാക്കുന്നത്. പുരയുടെ പണി പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം പ്രദര്‍ശനം ആരംഭിക്കാനാണ് 65 കാരനായ കൃഷ്ണന്‍കുട്ടിയുടെ തീരുമാനം. എട്ടാം വയസ്സ് മുതല്‍ ശേഖരിച്ച് സൂക്ഷിക്കുന്ന നാണയങ്ങളും കറന്‍സികളുമാണ് “നാണയപ്പുരയില്‍” ഉണ്ടാകുകയെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു.
ചെറുപ്പത്തിലെ തുടങ്ങിയതാണ് നാണയങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിലുള്ള കൃഷ്ണന്‍കുട്ടിയുടെ കമ്പം. പിതാവിന്റെ പക്കല്‍ നിന്ന് ബാല്യത്തില്‍ ലഭിച്ച ചതുരാകൃതിയിലുള്ള രണ്ടണയാണ് നാണയങ്ങള്‍ ശേഖരിക്കുന്നതിന് പ്രചോദനമായത്. ആറാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് വര്‍ഷങ്ങളോളം മണ്ണുമായി മല്ലടിച്ച കൃഷ്ണന്‍കുട്ടി 1983ല്‍ ബഹ്‌റൈനില്‍ എത്തി. 17 വര്‍ഷം നീണ്ട പ്രവാസ ജീവിതത്തിനിടയിലാണ് നാണയ, കറന്‍സി ശേഖരം വിപുലമാക്കിയത്. പൗരാണിക ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും വിരല്‍ചുണ്ടൂന്ന നാണയങ്ങളില്‍ പലതും മോഹവിലക്കാണ് സ്വന്തമാക്കിയിരുന്നതെന്ന് ബഹ്‌റൈന്‍ സെക്യൂരിറ്റി സര്‍വീസില്‍ ഡ്രൈവറും പിന്നീട് മനാമ, ഗലാരി, മുഹറാഖ്, സമാഹിജ്ജ് എന്നിവിടങ്ങളില്‍ കച്ചവടക്കാരനുമായിരുന്ന കൃഷ്ണന്‍കുട്ടി പറഞ്ഞു. പ്രവാസ ജീവിതം അവസാനിപ്പിച്ച് 2000ല്‍ വയനാട്ടില്‍ തിരികെയെത്തി കാര്‍ഷികവൃത്തിയില്‍ മുഴുകിയ അദ്ദേഹം നാണയശേഖരണം തുടര്‍ന്നു. ഇന്ത്യയില്‍ ഇറങ്ങിയ സ്മാരക നാണയങ്ങളടക്കം സ്വന്തമാക്കി.
നിലവില്‍ വിവിധ കാലഘട്ടങ്ങളിലെ പതിനായിരത്തില്‍പ്പരം നാണയങ്ങളും വിവിധ രാഷ്ട്രങ്ങളില്‍ പ്രചാരത്തിലുള്ള കറന്‍സികളും കൃഷ്ണന്‍കുട്ടിയുടെ ശേഖരത്തിലുണ്ട്. ഗുപ്ത, മൗര്യ, മുഗള്‍ കാലഘട്ടങ്ങളിലേതാണ് നാണയങ്ങളില്‍ ഏറെയും. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്ന നാണയങ്ങളില്‍ പലതും ശേഖരത്തിന്റെ ഭാഗമാണ്. വിദേശ നിര്‍മിത നാണയങ്ങള്‍ പുറമേ, ഇതില്‍ ചിലത് ഇന്ത്യയും വിദേശനാടുകളുമായി ഉണ്ടായിരുന്ന വ്യാപാര ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ്.
തളിപ്പുഴയിലെ വീട്ടില്‍ പെട്ടികളിലാക്കി സൂക്ഷിച്ച നാണയങ്ങളും കറന്‍സികളും പ്രദര്‍ശിപ്പിക്കുന്നതിന് സ്ഥിരം സംവിധാനം എന്ന ആശയം അടുത്തകാലത്താണ് ഉദിച്ചതെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. നാണയങ്ങളും കറന്‍സികളും അവയുടെ പഴക്കത്തിനനുസരിച്ച് വേര്‍തിരിച്ച് “നാണയപ്പുരയില്‍” പ്രദര്‍ശിപ്പിക്കുംപതിറ്റാണ്ടുകള്‍ പഴക്കമുള്ള റേഡിയോകള്‍, ടേപ്പ് റെക്കോര്‍ഡറുകള്‍, ക്യാമറകള്‍, പത്രങ്ങള്‍ തുടങ്ങിയവും കൃഷ്ണന്‍കുട്ടിയുടെ “പുരാവസ്തു” ശേഖരത്തിലുണ്ട്. ഇവക്കും “നാണയപ്പുരയില്‍” ഇടം നല്‍കുമെന്ന്് അദ്ദേഹംപറഞ്ഞു.

 

 

Latest