Connect with us

Ongoing News

കൂട്ടുകക്ഷി സര്‍ക്കാറിന് പിന്തുണ നല്‍കുന്നത് ഭാവനാശൂന്യം: ദിഗ്‌വിജയ് സിംഗ്

Published

|

Last Updated

ഹൈദരാബാദ്: കൂട്ടുകക്ഷി സംവിധാനത്തില്‍ ഒരു സര്‍ക്കാറിന് പുറത്തുനിന്ന് പിന്തുണ നല്‍കുന്നത് അപ്രായോഗികവും ഭാവനാശൂന്യവുമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. “പുറത്തു നിന്നുള്ള പിന്തുണ പ്രാവര്‍ത്തികമല്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഏറ്റവും വലിയ കക്ഷി മുന്നണിക്ക് പുറത്തായിക്കൂട. അത് നടപ്പുള്ള കാര്യവുമല്ല”- സിംഗ് പറഞ്ഞു.
“മുന്നണിക്ക് പ്രായോഗിക നയം വേണം. മന്ത്രിസഭയില്‍ എല്ലാവരും കണക്ക് പറയാന്‍ ബാധ്യസ്ഥരാകുന്ന വിധം പ്രവര്‍ത്തിക്കണം. പുറത്തുനിന്നുള്ള ആളുകള്‍ എന്നത് എന്നെ സംബന്ധിച്ചിടത്തോളം നടക്കുന്ന കാര്യമല്ല-ദിഗ്‌വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.
1996ലെ ഐക്യ മുന്നണി സര്‍ക്കാറിന് പാര്‍ട്ടി (കോണ്‍ഗ്രസ്) പുറത്തുനിന്ന് പിന്തുണ നല്‍കിയത് പോലുള്ള സംവിധാനം പ്രായോഗികമല്ലെന്ന് സിംഗ് വ്യക്തമാക്കി. അന്ന് കോണ്‍ഗ്രസിന് പറ്റിയ ഒരു അബദ്ധമായിരുന്നോ ഐക്യമുന്നണിക്ക് പുറത്തുനിന്ന് പിന്തുണ നല്‍കാനെടുത്ത തീരുമാനമെന്ന ചേദ്യത്തിന്, “എന്ന് ഞാന്‍ പറയില്ലെന്നായിരുന്നു” സിംഗിന്റെ മറുപടി. “അന്ന് അങ്ങനെ തീരുമാനിച്ചത് ശരിയായിരുന്നേക്കാം. പക്ഷേ, ശരിയായ തീരുമാനമായിരുന്നു അതെന്ന് തെളിയിക്കപ്പെട്ടിട്ടില്ല”.
മൂന്നാം മുന്നണിയുമായി കൈകോര്‍ത്ത് കോണ്‍ഗ്രസിന് അടുത്ത സര്‍ക്കാര്‍ രൂപവത്കരിക്കാനാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ സിംഗിന്റെ അഭിപ്രായ പ്രകടനത്തിന് പ്രാധാന്യമുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം മൂന്നാം മുന്നണിക്ക് മന്ത്രിസഭ രൂപവത്കരിക്കാന്‍ പിന്തുണ നല്‍കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുകയോ, സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കോണ്‍ഗ്രസ് മൂന്നാംമുന്നണിയുടെ പിന്തുണതേടുകയോ ചെയ്യാമെന്ന് കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും അഭിപ്രായപ്പെട്ടിരുന്നു.
സര്‍ക്കാറുണ്ടാക്കാന്‍ വേണ്ട അംഗബലം എന്‍ ഡി എക്ക് കിട്ടാതെ വന്നാല്‍ പുറത്തുനിന്ന് മൂന്നാം മുന്നണിക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഞായറാഴ്ച കേന്ദ്ര മന്ത്രി ജയറാം രമേഷ് വ്യക്തമാക്കിയിരുന്നു. മൂന്നാം മുന്നണി മന്ത്രിസഭയുടെ ഭദ്രത ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് അതില്‍ ചേരുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest