ബാര്‍ ലൈസന്‍സും പ്രതിച്ഛായാ നിര്‍മിതിയും

Posted on: April 29, 2014 5:55 am | Last updated: April 28, 2014 at 11:56 pm

barനിലവാരത്തകര്‍ച്ചയുടെ പേരില്‍ സംസ്ഥാനത്തെ 418 ബാറുകള്‍ അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വാദപ്രതിവാദങ്ങളും കൊഴുക്കുകയാണ്. സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായപ്രകടനങ്ങള്‍. ചാനലുകളും പത്രങ്ങളും ആവേശത്തോടെ ആഘോഷിക്കുന്നു. ലൈസന്‍സ് നിഷേധിച്ചതിനെ മഹത്വവത്കരിച്ചും ഇതിന്റെ ഉേദ്ദശ്യശുദ്ധിയെ ചോദ്യം ചെയ്തും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എന്നാല്‍ നിലവാരമില്ലെന്ന് പറഞ്ഞ് ബാറുകള്‍ അടച്ചുപൂട്ടിയ നടപടിക്ക് പിന്നിലെ താത്പര്യവും തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളും ഒട്ടേറെ ദുരൂഹതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
ഭരണാധികാരികളുടെ തിരഞ്ഞെടുപ്പ് കാലത്തെ പതിവ് നാടകങ്ങളുടെ ഭാഗമായുള്ള നടപടിയും ചിലര്‍ക്ക് ഇമേജ് വര്‍ധിപ്പിക്കാനുള്ള വഴിയുമാണ് ഈ ലൈസന്‍സ് നിഷേധമെന്നാണ് പ്രധാന ആക്ഷേപം. നിലവാരമില്ലെന്ന പേരില്‍ ബാറുകള്‍ക്ക് ലൈസന്‍സ് നിഷേധിക്കുന്നത് എങ്ങനെ മദ്യനിയന്ത്രണത്തിന്റെ ഭാഗമാകുമെന്നാണ് സംശയം. നിലവാരമില്ലെന്ന കാരണത്താല്‍ ലൈസന്‍സ് നിഷേധിച്ചാല്‍ നിലവാരമുയര്‍ത്തിയാല്‍ വീണ്ടും ലൈസന്‍സ് നല്‍കേണ്ടിവരും. ഇങ്ങനെ വന്നാല്‍ എങ്ങനെയാണ് മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിക്കപ്പെടുന്നത്?
മദ്യ ഉപഭോഗം നിയന്ത്രിക്കാന്‍ ബിവറേജ് കോര്‍പ്പറേഷനു കീഴില്‍ സര്‍ക്കാര്‍ നടത്തുന്ന വിദേശ മദ്യ ഷാപ്പുകളുടെ എണ്ണം കുറക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം നിലനില്‍ക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുറക്കാന്‍ ഏറ്റവും നല്ല നടപടി ബിവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറക്കലാണെന്ന് സംസ്ഥാന സര്‍ക്കാറിനറിയാം. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ ഒരു നടപടിയും എടുക്കാതെയാണ് സര്‍ക്കാര്‍ ബാറുകളെ നിയന്ത്രിക്കാന്‍ നടപടി ആരംഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ അവലോകന യോഗം ചേരുന്നതിന് മുമ്പ് ചേര്‍ന്ന പാര്‍ട്ടി- സര്‍ക്കാര്‍ ഏകോപന സമിതിയില്‍ ധൃതിപ്പെട്ട് ബാറുകളുടെ ലൈസന്‍സ് പുതുക്കാനുള്ള സമവായമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ഇക്കാര്യത്തില്‍ മദ്യ ലോബികളോടുള്ള ഭരണാധികാരികളുടെ താത്പര്യവും തീരുമാനം തിരഞ്ഞെടുപ്പ് സ്റ്റണ്ടുമായിരുന്നുവെന്ന യാഥാര്‍ഥ്യവും വ്യക്തമാണ്. ഇതോടെ 418 ബാറുകള്‍ക്ക് ലൈസന്‍സ് നിഷേധിച്ചത് സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറക്കാനായിരുന്നുവെന്ന വാദം പൊളിയുകയാണ്. സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം കുറക്കാന്‍ ബീവറേജസ് ഔട്ടുലെറ്റുകളേക്കാള്‍ നല്ലത് ബാറുകളാണെന്നതാണ് സത്യം. കാരണം ബാറുകളിലെ മദ്യപാനം 30 മില്ലി വീതമുള്ള ഏതാനും പെഗ്ഗുകളില്‍ ഒതുങ്ങുമ്പോള്‍ ബീവറേജ് കോര്‍പ്പറേഷനുകളില്‍ 180 മില്ലി (ക്വാര്‍ട്ടര്‍) ആണ് ഏറ്റവും കുറഞ്ഞ മദ്യലഭ്യത. എന്നാല്‍ പലപ്പോഴും ഇത് ലഭിക്കാറില്ല. ഈ സാഹചര്യത്തില്‍ 375 മില്ലി വരുന്ന ഒരു പൈന്റും, 750 മില്ലി വരുന്ന ഫുള്ളും ബീവറേജ് കോര്‍പ്പറേഷനില്‍ നിന്ന് മദ്യം വാങ്ങുന്ന ഒരു ശരാശരി മദ്യപാനി അകത്താക്കേണ്ടിവരുന്നു. ഇതാണ് മദ്യത്തിന്റെ ഉപഭോഗവും അത് വഴിയുള്ള ആരോഗ്യ, സാമൂഹിക പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നതെന്ന് പറഞ്ഞാല്‍ അത് തെറ്റാകാനിടയില്ല. ഒപ്പം ബീവറേജസ് കോര്‍പറേഷനുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ മദ്യപാനം പൊതുസ്ഥലങ്ങളിലേക്കും വീട്ടിന്റെ അകത്തളങ്ങളിലേക്കും നീങ്ങുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വേറെയും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ വിറ്റഴിഞ്ഞ മദ്യത്തില്‍ 76 ശതമാനവും ബിവറേജസ് കോര്‍പറേഷനുകളുടെ ഔട്ട്‌ലെറ്റുകള്‍ വഴിയായിരുന്നു. ഒപ്പം 752 ബാറുകളിലൂടെ വിറ്റഴിച്ചത് 24 ശതമാനവും. സംസ്ഥാനത്തെ മദ്യ ഉപഭോഗം വര്‍ധിപ്പിക്കുന്നതില്‍ ബിവറേജസ് കോര്‍പറേഷന്റെ പങ്ക് ഇതിലൂടെ വ്യക്തമാണ്. മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരുമെന്നും ഘട്ടം ഘട്ടമായി മദ്യനിരോധം നടപ്പിലാക്കുമെന്നുമുള്ള സര്‍ക്കാറിന്റെ വാഗ്ദാനങ്ങള്‍ ആത്മാര്‍ഥതയോടെയുള്ളതാണെങ്കില്‍ ബീവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം നിയന്ത്രിക്കാനാണ് ശ്രമിക്കേണ്ടത്.
മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടെന്നുവെക്കാന്‍ തയ്യാറാണെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെയാണ് പാര്‍ട്ടി- സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ ബാറുകള്‍ക്ക് വേണ്ടി നിലകൊണ്ടതെന്നത് വളരെ കൗതുകകരമാണ്. എന്നാല്‍ ഇതിനെ മുഖ്യമന്ത്രിയുടെ പതിവ് വാചകക്കസര്‍ത്തായി തന്നെയാണ് ജനങ്ങള്‍ കാണുന്നത്. പാമോലിന്‍ കേസില്‍ കോടതി പരാമര്‍ശമുണ്ടായാല്‍ രാജി വെക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനവും വിഷു ദിനത്തില്‍ എയര്‍ കേരള പറന്നുയരുമെന്ന പ്രഖ്യാപനവും മുഖ്യമന്ത്രിയില്‍ നിന്ന് കേട്ട ജനങ്ങള്‍ ഇങ്ങനെ കരുതിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇതര വ്യവസായങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വാണിജ്യ നികുതി നല്‍കുന്ന വ്യവസായമാണിത്. കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ നിന്ന് ലഭിച്ചത് 127.65 ശതമാനമാണ്. എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ 115 ശതമാനവും കെ സി ബി സിയുടെ ലാഭവിഹിതം 75 ശതമാനവും ലൈസന്‍സ് ഫീ ഇനത്തില്‍ മാത്രം 23.30 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് ഈ മേഖല നല്‍കിയ വരുമാനം. ഇത് ഒഴിവാക്കാന്‍ തയ്യാറാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
അതേ സമയം ലൈസന്‍സ് നിഷേധത്തിലൂടെ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെങ്കിലും അതോടൊപ്പം കെ പി സി സി അധ്യക്ഷന്‍ തന്റെ ഇമേജ് വര്‍ധന കൂടി ലക്ഷ്യമിട്ടുവെന്നു വേണം കരുതാന്‍. കാരണം 418 ബാറുകള്‍ക്ക് ലൈസന്‍സ് നിഷേധിച്ച അന്ന് തന്നെ താനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും തന്റെ ശക്തമായ ഇടപെടലിലൂടെയാണ് മന്ത്രിസഭ ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും മാലോകരെ അറിയിക്കാന്‍ പ്രത്യേക പത്രസമ്മേളനം വിളിച്ചത് ഇത് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തങ്ങളുടെ ലക്ഷ്യം സാധൂകരിച്ച സര്‍ക്കാര്‍, പതിവ് നടപടികളിലൂടെ ലൈസന്‍സ് പുതുക്കി നല്‍കാനുള്ള നടപടി സ്വീകരിച്ചപ്പോള്‍ അത് തനിക്ക് ക്ഷീണം ചെയ്യുമെന്ന് മനസ്സിലാക്കി കെ പി സി സി അധ്യക്ഷന്‍ അതിനെ എതിര്‍ത്തതോടെയാണ് കാര്യങ്ങള്‍ തെരുവിലേക്കെത്തിയത്. ഇതോടെ കെ പി സി സി അധ്യക്ഷനെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമങ്ങള്‍ മദ്യ ലോബിയും ഒപ്പം ഇവര്‍ക്ക് വേണ്ടി വാദിക്കുന്ന അധികാരികളും ചേര്‍ന്ന് ആരംഭിച്ചു. തന്റെ വാദങ്ങള്‍ക്ക് പ്രായോഗിക രാഷ്ട്രീയ തലങ്ങളില്‍ അത്ര വലിയ പിന്തുണ കിട്ടാനിടയില്ലെന്ന് മനസ്സിലാക്കുന്ന കെ പി സി സി അധ്യക്ഷന്‍ വിവാദമായ ഇതര വിഷയങ്ങളിലെ പോലെ ഇക്കാര്യത്തിലും ഇവരുടെ സമ്മര്‍ദത്തിന് വഴങ്ങി പ്രായോഗിക രാഷ്ട്രീയത്തോട് രാജിയാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം മദ്യത്തിന്റെ ഉപഭോഗം കുറക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനവും സ്വീകരിച്ച നടപടികളും മാനദണ്ഡങ്ങള്‍ പാലിച്ചല്ലായിരുന്നുവെന്ന വസ്തുത അധികമാരും അറിഞ്ഞിരിക്കാനിടയില്ല. 2006ലെ ടൂറിസം വകുപ്പിന്റെ പരിശോധനകളുടെ ഭാഗമായി തരം തിരിച്ച ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് 2014ല്‍ നടപടിയെടുത്തിരിക്കുന്നത്. 2006ല്‍ ടൂറിസം വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഹോട്ടലുകളിലും ബാറുകളിലുമായി നടത്തിയ പരിശോധനക്കൊടുവില്‍ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ബാറുകളെ രണ്ടായി തരം തിരിച്ചു. അന്ന് ആകെയുള്ള 460 ബാറുകളില്‍ 42 എണ്ണം മികച്ച സൗകര്യമുള്ളവയും 418 എണ്ണം സൗകര്യങ്ങള്‍ കുറഞ്ഞവയെന്നുമാണ് തരം തിരിച്ചത്. ഈ 418 ബാറുകള്‍ നിലവാരമില്ലാത്തതെന്ന് കാണിച്ചാണ് എട്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇക്കാലയളിവില്‍ ഈ 418ലെ പല ബാറുകളും പുതുക്കിപ്പണിയുകയും സൗകര്യങ്ങളൊരുക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഇതില്‍ 65 ബാറുകള്‍ക്ക് വിവിധ സര്‍ക്കാറുകള്‍ ടു, ത്രീ സ്റ്റാര്‍ പദവികള്‍ നല്‍കിയിട്ടുമുണ്ട്. ഇതൊന്നും ബാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ന്യായീകരണമല്ല. മറിച്ച് ജനനന്മ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതിന്് സുതാര്യമായ ഒട്ടേറെ വഴികളുണ്ട്. അതിനു പകരം താത്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടിയും ദുരുദ്ദേശ്യത്തോടെയുമുള്ള അജന്‍ഡകള്‍ നടപ്പിലാക്കുന്നതിനു വേണ്ടി നടത്തുന്ന കസര്‍ത്തുകള്‍ ഭരണാധികാരികളെ കൂടുതല്‍ അപഹാസ്യരാക്കുകയാണെന്ന യാഥാര്‍ഥ്യം ഇവര്‍ വിസ്മരിക്കുകയാണ്.