Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പിനും വോട്ടിംഗ് യന്ത്രം

Published

|

Last Updated

തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പും വോട്ടിംഗ് യന്ത്രത്തിലേക്ക് മാറുന്നു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുള്ള സാഹചര്യത്തിലാണ് യന്ത്രത്തിലേക്കുള്ള മാറ്റം. ഇതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ പദ്ധതി തയ്യാറാക്കി. 80 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാറിന് ബാധ്യത വരാത്ത വിധം നടപ്പാക്കാനുള്ള നിര്‍ദേശവും കമ്മീഷന്റെ പരിഗണനയിലുണ്ട്.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കായി മൂന്ന് വോട്ട് ചെയ്യേണ്ടതിനാല്‍ മള്‍ട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഒരു വോട്ട് ചെയ്യാന്‍ കഴിയുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിംഗ് യന്ത്രം. ഈ മാതൃകയിലുള്ള യന്ത്രമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുനിസിപ്പല്‍, കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നതും. ഉപ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതും യന്ത്രം ഉപയോഗിച്ചാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കായി മൂന്ന് യന്ത്രം വെച്ച് വോട്ടെടുപ്പ് നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുള്ളതിനാല്‍ മള്‍ട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രം തന്നെ വേണ്ടി വരും.
വോട്ടിംഗ് യന്ത്രത്തിലേക്ക് മാറുന്നതോടെ ജീവനക്കാരുടെ എണ്ണവും വോട്ടിംഗിനും എണ്ണലിനുമുള്ള സമയവും വലിയ തോതില്‍ കുറക്കാനാകും. ബാലറ്റ് പേപ്പറുകളുടെ അച്ചടി ചെലവും ഒഴിവാകും. നിലവിലെ രീതിയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തുന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടാം ദിവസമാണ് പൂര്‍ത്തിയാകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പോലും ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെണ്ണല്‍ പൂര്‍ത്തിയായത് പിറ്റേ ദിവസമാണ്. മൂന്ന് നിറത്തിലുള്ള ബാലറ്റ് പേപ്പറുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. ബാലറ്റ് പേപ്പര്‍ നല്‍കാന്‍ മാത്രം ഓരോ ബൂത്തിലും മൂന്ന് ഉദ്യോഗസ്ഥര്‍ വീതം ആവശ്യവുമാണ്. എട്ട് ഉദ്യോഗസ്ഥരെയാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു ബൂത്തിലെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. യന്ത്രം വരുന്നതോടെ ഇത് അഞ്ചായി കുറക്കാം. തദ്ദേശ തിരഞ്ഞെടുപ്പിന് കൂടുതല്‍ ജീവനക്കാര്‍ ആവശ്യമായി വരുന്നതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പലപ്പോഴും മതിയാകാറില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളിലും ബേങ്കുകളിലുമുള്ളവരെയും നിയോഗിക്കുകയാണ് പതിവ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിയമപരമായി ഇതിന് അധികാരമില്ലാത്തതിനാല്‍ ജീവനക്കാര്‍ പലപ്പോഴും കോടതിയെ സമീപിക്കാറുണ്ട്.
വോട്ടിംഗ് യന്ത്രം വരുന്നതോടെ സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗിച്ചു തന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബൂത്തുകളുടെ എണ്ണത്തിലും കാര്യമായ കുറവ് വരുത്താന്‍ കഴിയും. 37,000 ബൂത്തുകളാണ് സജ്ജീകരിക്കാറുള്ളത്. യന്ത്രം ഉപയോഗിച്ചാല്‍ പതിനായിരം ബൂത്തുകളെങ്കിലും കുറക്കാനാകും. 600 പേര്‍ക്ക് ഒരു ബൂത്ത് എന്നാണ് ഇപ്പോഴത്തെ കണക്ക്. ഇത് 1200 പേര്‍ക്ക് ഒന്ന് എന്ന തോതിലാക്കാം.
തദ്ദേശ തിരഞ്ഞെടുപ്പിന് മഹാരാഷ്ട്രയില്‍ മാത്രമാണ് നിലവില്‍ വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത്. ബംഗളൂരുവിലെ ഭാരത് ഇലക്ട്രിക്കല്‍സും ഇലക്‌ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമാണ് മള്‍ട്ടി പോസ്റ്റ് യന്ത്രം നിര്‍മിക്കുന്നത്. 40,000 യന്ത്രങ്ങളെങ്കിലും കേരളത്തിലെ തിരഞ്ഞെടുപ്പിനായി വേണ്ടി വരും. 80 കോടി രൂപ ഇതിന് ചെലവ് വരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. പൊതു തിരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം അവശേഷിക്കുന്നതിനാല്‍ അടുത്ത രണ്ട് ബജറ്റുകളിലായി ഇതിനുള്ള പണം നീക്കി വെക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. ഇതിന് കഴിയില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി തുകയില്‍ നിന്ന് ഇതിനുള്ള പണം ചെലവഴിക്കാന്‍ അനുമതി നല്‍കണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.
വോട്ടിംഗ് യന്ത്രമുപയോഗിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഗസ്റ്റ്ഹൗസിലെ മിനി കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. ദേശീയ, സംസ്ഥാന കക്ഷികളുടെയും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികളെയാണ് ക്ഷണിച്ചത്.

Latest