ചിറ്റൂര്‍പ്പുഴയിലെ ജലനിരപ്പ് താഴ്ന്നു; ഒരാഴ്ചത്തെ വിതരണത്തിനേ വെള്ളമുള്ളൂവെന്ന് ജല അതോറിറ്റി

Posted on: April 26, 2014 8:19 am | Last updated: April 26, 2014 at 8:19 am

ചിറ്റൂര്‍: ചിറ്റൂര്‍ മേഖലയുടെ കുടിവെള്ളം മുട്ടിച്ച് ചിറ്റൂര്‍പ്പുഴയിലെ ജലനിരപ്പ് താഴ്ന്നു. ഇങ്ങനെ പോയാല്‍ എട്ടുദിവസത്തെ വിതരണത്തിനേ പുഴയില്‍ വെള്ളമുള്ളൂവെന്ന് ജല അതോറിറ്റി അധികൃതര്‍ പറയുന്നു. കുന്നങ്കാട്ടുപതി റെഗുലേറ്ററില്‍നിന്ന് വെള്ളം ലഭിച്ചില്ലെങ്കില്‍ ജലവിതരണം പൂര്‍ണമായും നിര്‍ത്തേണ്ടിവരും.
ചിറ്റൂര്‍പ്പുഴയില്‍ തെക്കേഗ്രാമം, കൂമ്പന്‍പാറ, പുഴപ്പാലം എന്നിവിടങ്ങളിലാണ് തടയണയുള്ളത്. ഇതില്‍ തെക്കെഗ്രാമത്തിലുള്ള തടയണ പൂര്‍ണമായും വരണ്ടു. ആറടിയോളം ഉയരമുള്ള കൂമ്പന്‍പാറ തടയണയില്‍ രണ്ടടി വെള്ളമേയുള്ളൂ. പുഴപ്പാലത്തെ തടയണയിലും ജലക്ഷാമം അനുഭവപ്പെട്ടിട്ടുണ്ട്. ചിറ്റൂര്‍പ്പുഴ കുടിവെള്ളപദ്ധതിയില്‍നിന്ന് നഗരസഭാപ്രദേശം, പട്ടഞ്ചേരി, നല്ലേപ്പിള്ളി, പൊല്‍പ്പുള്ളി, പെരുവെമ്പ്, കൊടുവായൂര്‍, പുതുനഗരം പഞ്ചായത്തുകളിലാണ് ജലവിതരണം നടത്തുന്നത്.
പുഴപ്പാലത്തെ പ്ലാന്റില്‍നിന്ന് 24 മണിക്കൂറും പമ്പിംഗ് നടക്കുന്നുണ്ട്. ദിവസേന 100 ലക്ഷം ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്.
പുഴപ്പാലത്ത് വെള്ളത്തിനടിയിലായിരുന്ന ജലസംഭരണി വെള്ളം കുറഞ്ഞതോടെ പുറമേ കാണാന്‍ തുടങ്ങി. വേനലിന്റെ തീഷ്ണത കുറഞ്ഞില്ലെങ്കില്‍ കുന്നങ്കാട്ടുപതിയില്‍നിന്ന് വെള്ളം ലഭിച്ചാല്‍ത്തന്നെ ജലവിതരണത്തിലും ഇന്നത്തെ പമ്പിംഗ്‌രീതിയിലും വ്യത്യാസം വരുത്തേണ്ടിവരുമെന്ന് ജല അതോറിറ്റി അധികൃതര്‍ പറഞ്ഞു. കൃഷിയാവശ്യത്തിന്റെ പേരില്‍ ചിറ്റൂര്‍പ്പുഴയില്‍ പലഭാഗങ്ങളില്‍ മോട്ടോര്‍ ഉപയോഗിച്ച് ദിവസേന വന്‍തോതില്‍ വെള്ളമെടുക്കുന്നതുമൂലം പുഴയില്‍ ജലവിതാനം കുറയാനിടയായി.
കഴിഞ്ഞ സീസണില്‍ ജലക്ഷാമം അനുഭവപ്പെട്ടപ്പോള്‍ കെ എസ് ഇ ബി അധികൃതര്‍, പുഴയില്‍ വെച്ചിട്ടുള്ള മോട്ടോറുകളുടെ കണക്ഷന്‍ വിച്ഛേദിച്ചിരുന്നു. ജലക്ഷാമം നിലനില്‍ക്കുന്നതുമൂലം പുഴയില്‍ സ്ഥാപിച്ചിട്ടുള്ള മോട്ടോറുകളുടെ കണക്ഷന്‍ വിച്ഛേദിക്കണമെന്ന് വൈദ്യുതിബോര്‍ഡിനോട് ആവശ്യപ്പെട്ടതായി ജല അതോറിറ്റി അധികൃതര്‍ പറഞ്ഞു.
ജലക്ഷാമം നിലനില്‍ക്കുമ്പോള്‍ വാഹനങ്ങള്‍ കഴുകാനും മരാമത്തുപണികള്‍ക്കും കുടിവെള്ളം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജല അതോറിറ്റി എന്‍ജിനീയര്‍ പറഞ്ഞു ചിറ്റൂര്‍ മേഖലയില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടാതിരിക്കാന്‍ കുന്നങ്കാട്ടുപതി റെഗുലേറ്ററില്‍ നിന്ന് വെള്ളമെത്തിക്കുമെന്ന് കെ അച്യുതന്‍ എം എല്‍ എ പറഞ്ഞു.