Connect with us

Editorial

ഫയല്‍ തീര്‍പ്പാക്കല്‍: പ്രഖ്യാപനം മാത്രം പോരാ

Published

|

Last Updated

സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും വകുപ്പു മേധാവികളുടെ ഓഫീസുകളിലുമായി തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ഫെബ്രുവരി അവസാനത്തില്‍ നാല് ലക്ഷത്തോളം വരുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ സി ജോസഫ് വെളിപ്പെടുത്തുകയുണ്ടായി. മറ്റു ഓഫീസുകളിലെ ഫയലുകളും ഫെബ്രുവരിക്ക് ശേഷം ലഭിച്ചവയും ചേരുമ്പോള്‍ എണ്ണം ഇനിയും കുത്തനെ ഉയരും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സെക്രട്ടേറിയറ്റില്‍ ലഭിച്ച 2,30,711 ഫയലുകളില്‍ 56,878 എണ്ണത്തിലും (25 ശതമാനം) വിവിധ വകുപ്പ് അധ്യക്ഷന്മാരുടെ ഓഫീസുകളിലെ 2,55,862 ഫയലുകളില്‍ 41, 226 എണ്ണത്തിലും (16 ശതമാനം) മാത്രമാണ് തീരുമാനമായതെന്നും മന്ത്രി വളിപ്പെടുത്തി.

പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് യഥാസമയം തീര്‍പ്പ് കല്‍പ്പിക്കാതെ അകാരണമായി നീട്ടിക്കൊണ്ടു പോകുന്നത് ഗുരുതരമായ വീഴ്ചയാണ് ജനാധിപത്യ ഭരണത്തില്‍. എന്നാല്‍ ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ സംവിധാനമെന്ന് അധികൃതര്‍ മേനി നടിക്കുന്ന ഇന്ത്യയില്‍ ഫയലുകള്‍ യഥാസമയം തീര്‍പ്പ് കല്‍പ്പിക്കുന്നത് ചുരുക്കമാണ്. ജനങ്ങളുടെ നികുതിപ്പണത്തില്‍ 85 ശതമാനവും കൈപ്പറ്റുന്ന ഉദ്യോഗസ്ഥ വിഭാഗത്തിന്റെ അലസതയും കെടുകാര്യസ്ഥതയും ഭരണകര്‍ത്താക്കളുടെ കൊള്ളരുതായ്മയുമാണ് കാരണം. ഏഷ്യയിലെ ഉദ്യോഗസ്ഥ സംവിധാനത്തല്‍ ഏറ്റവും മോശം ഇന്ത്യയിലാണെന്ന് ഹോംങ്കോംഗ് ആസ്ഥാനമായുള്ള “പോളിറ്റിക്കല്‍ ആന്‍ഡ് ഇക്കണോമിക് റിസ്‌ക് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ്” നടത്തിയ പഠനം കണ്ടെത്തിയിരുന്നു. അതിനെ സാധൂകരിക്കുന്നതാണ് സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിലെ കൃത്യവിലോപമുള്‍പ്പെടെ ഉദ്യോഗസ്ഥ ലോബിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്ന ശോച്യാവസ്ഥയുടെ കഥകള്‍.
കെട്ടിക്കിടക്കുന്ന ഫയലുകളില്‍ ബഹുഭൂരിഭാഗവും സാധാരണക്കാരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണ്. ഉന്നതരും സമ്പന്ന വിഭാഗവും രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം കൊണ്ട് കാര്യങ്ങള്‍ എളുപ്പത്തില്‍ നേടിയെടുക്കുകയും ഫയലുകളില്‍ തീര്‍പ്പാക്കിപ്പിക്കുകയും ചെയ്യുമ്പോള്‍ സാധാരണക്കാരന് കാര്യം സാധിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്നതാണ് അവസ്ഥ. അല്ലെങ്കില്‍ കൈക്കൂലി പോലുള്ള അനധികൃത മാര്‍ഗങ്ങള്‍ സ്വീകരിക്കണം. അവകാശങ്ങളോ നീതിയോ തേടിയുള്ള വ്യക്തിയുടെയോ കുടുംബത്തിന്റെയോ സ്ഥാപനത്തിന്റെയോ അപേക്ഷകളായിരിക്കും ഇത്തരം ഫയലുകളിലെ ചുവപ്പുനാടക്കുള്ളില്‍ കുരുങ്ങിക്കിടക്കുന്നത്. അകാരണമായി അവ കെട്ടിക്കിടക്കുമ്പോള്‍ ഹരജിക്കാര്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളെയും സാമ്പത്തിക നഷ്ടങ്ങളെയും സംബന്ധിച്ചു ചിന്തിക്കുന്ന ഉദ്യോഗസ്ഥര്‍ തുലോംവിരളം. സാധാരണക്കാരന്റെ ദൈന്യതയാര്‍ന്ന മുഖത്തിന് നേരെ പുറം തിരിയുന്ന ഇവര്‍, വേതന, സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട തങ്ങളുടെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് അല്‍പ്പം കാലതാമസം നേരിടുമ്പോള്‍ കടുത്ത ധാര്‍മിക രോഷം പ്രകടിപ്പിക്കുകയും ചെയ്യും.
നിലവില്‍ സെക്രട്ടേറിയറ്റിലും മറ്റും കെട്ടിക്കിടക്കുന്ന ഫയലുകളില്‍ ഏറെയും വര്‍ഷങ്ങളുടെ പഴക്കമുള്ളവയാണ്. “അധിവേഗം ബഹുദൂരം” മുദ്രാവാക്യവുമായി അധികാരത്തിലേറിയ നിലവിലെ സര്‍ക്കാറിന് ഉദ്യോഗസ്ഥ തലത്തിലെ ഉദാസീനതക്ക് പരിഹാരം കാണുന്നതില്‍ ഒരിഞ്ച് പൊലും മുന്നോട്ട് നീങ്ങാനായിട്ടില്ല. മാത്രമല്ല, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സ്വയം കേട്ടു ഉടനടി പരിഹാരം നിര്‍ദേശിക്കാനെന്ന അവകാശവാദത്തോടെ ലക്ഷങ്ങള്‍ ചെലവിട്ട് മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയും കേവല രാഷ്ട്രീയ നാടകമായി മാറി. ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 1,28,535 പരാതികളില്‍ ബഹുഭൂരിഭാഗവും തീര്‍പ്പാക്കാതെ കിടക്കുകയാണിപ്പോഴും. പൊതുജനങ്ങള്‍ക്ക് വീട്ടിലിരുന്ന് സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കം അറിയാനായി ഏര്‍പ്പെടുത്തിയ ഇന്‍ഫര്‍മേഷന്‍ & ഡാറ്റാ എക്‌സ്‌ചേഞ്ച് അഡ്വാന്‍സ്ഡ് സിസ്റ്റവും വേണ്ടത്ര ഫലവത്തായില്ല.
കെട്ടിക്കിടക്കുന്ന ഫയലുകളില്‍ മൂന്ന് വര്‍ഷത്തിലേറെ പഴക്കമുള്ളവ തീര്‍പ്പാക്കുന്നതിന് 100 ദിവസത്തെ ഫയല്‍ തീര്‍പ്പ് യജ്ഞം സംഘടിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മന്ത്രി അറിയിക്കുകയുണ്ടായി. ഇത്തരം പ്രഖ്യാപനങ്ങളും തീരുമാനങ്ങളും മുമ്പും നടന്നതാണ്. എല്ലാം പ്രഖ്യാപനങ്ങളിലൊതുങ്ങാറാണ് പതിവ.് ഇത്തവണയെങ്കിലും അത് പ്രയോഗത്തില്‍ വരുത്തുകയും യജ്ഞ കാലാവധിക്കുള്ളില്‍ എത്ര ഫയലുകള്‍ തീര്‍പ്പാക്കിയെന്ന് പൊതുജനത്തെ അറിയിക്കാനുള്ള ആര്‍ജവവും കാര്യക്ഷമതയും ബന്ധപ്പെട്ടവര്‍ കാണിക്കുകയും ചെയ്യുമോ? കൂടെ ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ ആരെല്ലാമെന്ന് കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണം. ചുരുക്കമെങ്കിലും ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കുന്നവരുമുണ്ട് ഉദ്യോഗസ്ഥ വിഭാഗത്തില്‍. അവര്‍ക്ക് പോത്സാഹനവും പാരിതോഷികങ്ങളും നല്‍കാവുന്നതുമാണ്.