രാജീവ് ഗാന്ധി വധം: പ്രതികളുടെ മോചനം ഭരണഘടനാ ബഞ്ചിന് വിട്ടു

Posted on: April 25, 2014 7:13 am | Last updated: April 26, 2014 at 10:49 am

rajeev gandhi

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനകാര്യത്തില്‍ തീരുമാനമെടുക്കുന്നത് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു. പ്രതികളെ ഇപ്പോള്‍ വിട്ടയക്കനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഭരണഘടനാ ബഞ്ചിന് വിടുകയായിരുന്നു. ഇതിനായി മൂന്ന് മാസത്തിനകം ഭരണഘടനാ ബഞ്ച് രൂപവത്കരിക്കുമെന്നും ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

മുഖ്യ പ്രതികളായ വി ശ്രീഹരണ്‍ എന്ന മുരുകന്‍, എ ജി പേരറിവാളന്‍, ടി സാന്തന്‍ എന്നിവരുടെ മോചനകാര്യത്തിലാണ് തീരമാനം ഭരണഘടനാ ബഞ്ചിന്  വിട്ടത്. പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനത്തിന്റെ സാധുത സംബന്ധിച്ചും ഭരണഘടനാ ബഞ്ച് തീരുമാനമെടുക്കും.

പ്രതികളെ വിട്ടയക്കാത്തതിന് എതിരെ മറ്റൊരു പ്രതിയായ പി ആര്‍ രവിചന്ദ്രന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.

ഫെബ്രുവരി 19നാണ് സുപ്രീംകോടതി മൂന്ന് പ്രതിളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തത്. ഏപ്രില്‍ 26ന് വിരമിക്കുന്നതിനു മുമ്പ് രാജീവ് വധക്കേസ് പ്രതികളുടെ മോചനം സംബന്ധിച്ച ഹര്‍ജിയില്‍ വിധി പറയുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി. സദാശിവം അടുത്തിടെ വ്യക്തമാക്കിയിരുന്നു.