ആറാം ഘട്ടം: സമ്മിശ്ര പ്രതികരണം

  Posted on: April 25, 2014 6:01 am | Last updated: April 25, 2014 at 12:25 am

  iran electionന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഉള്‍പ്പടെ 117 മണ്ഡലങ്ങളിലേക്ക് നടന്ന പോളിംഗ് അവസാനിച്ചു. അസം, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഛത്തീസ്ഗഢ്, ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ് മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. ലഭ്യമായ കണക്കുകളനുസരിച്ച് മൊത്തം പോളിംഗ് ശതമാനം നാല്‍പ്പത് ആണ്. ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അസമിലെ കൊക്രജാറില്‍ പോലീസുകാരന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു.
  തമിഴ്‌നാട്ടിലും ബംഗാളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പതിവ് പോലെ മുംബൈയിലെ പകുതിയിലേറെ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 47 ശതമാനമാണ് മുംബൈയിലെ പോളിംഗ്. എന്നാല്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗില്‍ നേരിയ മുന്നേറ്റമുണ്ട്. എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ സ്ഥാപനങ്ങളെല്ലാം അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും പോളിംഗിനെ ഇത് സ്വാധീനിച്ചില്ല. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും മഹാരാഷ്ട്രയില്‍ റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ബീഹാറില്‍ അറുപത് ശതമാനവും ഝാര്‍ഖണ്ഡില്‍ 63.4 ശതമാനവും മധ്യപ്രദേശില്‍ 63 ശതമാനവും അസമില്‍ 71 ശതമാനവും വോട്ട് രേഖപ്പെടുത്തി.
  ആറാം ഘട്ടം പൂര്‍ത്തിയായതോടെ ലോക്‌സഭയിലെ 543 സീറ്റുകളില്‍ 349 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ശേഷിക്കുന്ന 194 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 30, മെയ് ഏഴ്, മെയ് 12 തിയതികളിലാണ് നടക്കുന്നത്. ഏഴാം ഘട്ടത്തില്‍ 89 സീറ്റുകളിലേക്കും എട്ടില്‍ 64 സീറ്റുകളിലേക്കും ഒമ്പതാം ഘട്ടത്തില്‍ 41 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്.
  പ്രമുഖരും സ്ഥാനാര്‍ഥികളും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തന്റെ ബൂത്തില്‍ രാവിലെയെത്തി ആദ്യവോട്ട് രേഖപ്പെടുത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചു. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിത, ഡി എം കെ അധ്യക്ഷന്‍ എം കരുണാനിധി, എം കെ സ്റ്റാലിന്‍, ദയാനിധിമാരന്‍, സിനിമാ താരങ്ങളായ ഖുശ്ബു, അജിത്ത്, ഭാര്യ ശാലിനി, ഡി എം ഡി കെ നേതാവും നടനുമായ വിജയകാന്ത്, കമല്‍ഹാസന്‍, ഗൗതമി തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.
  മുംബൈയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഭാര്യ അഞ്ജലി, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, വിദ്യാ ബാലന്‍, എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവരും വോട്ട് രേഖപ്പെടുത്തി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അസമിലെ ദിസ്പൂരില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ ഗുര്‍ചരണ്‍ കൗറിനൊപ്പം എത്തിയാണ് പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.
  കൊക്രജാറില്‍ 40 അംഗ സംഘം ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിച്ചതോടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ബി എസ് എഫ് വെടിവെപ്പ് നടത്തി. ഈ സംഭവത്തിലാണ് ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ദുസയില്‍ അക്രമ സംഭവങ്ങളെ തുടര്‍ന്ന് ഇന്തോ ടിബറ്റന്‍ പോലീസ് സേന 14 റൗണ്ട് വെടിവെച്ചു. നാല് പത്രഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു.
  ദൗലത്പൂര്‍ ഗ്രാമത്തില്‍ ആര്‍ എല്‍ ഡി, ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവിടെയും പോലീസ് വെടിവെപ്പ് നടത്തി.
  ഝാര്‍ഖണ്ഡില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. മാര്‍ക്‌സിസ്റ്റ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തകരും കോണ്‍ഗ്രസുമാണ് ഏറ്റുമുട്ടിയത്.