Connect with us

Malappuram

കടവുകളില്‍ നടപ്പാക്കുന്നത് മണല്‍ മാഫിയകളുടെ നിയമം

Published

|

Last Updated

Kalikavu manal alvum thookkavum kuravu news and photo sand pass On line Sand passകാളികാവ്: സര്‍ക്കാര്‍ അംഗീകൃത കടവുകളില്‍ നടപ്പാക്കുന്നത് മണല്‍ മാഫിയകളുടെ നിയമം. അളവിലും തൂക്കത്തിലും വന്‍ കുറവ് വരുത്തുന്നതിന് പുറമെ അധിക വിലയും ഈടാക്കി മണല്‍ മാഫിയ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ്. ഇതിന് പോലീസിന്റേയും റവന്യൂ ഉദ്യോഗസ്ഥരുടേയും ഒത്താശയുള്ളതായും ഉപഭോക്താക്കള്‍ പറയുന്നു.
മാസങ്ങള്‍ക്ക് മുമ്പ് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയവരാണ് മണലിനായി കടവുകളില്‍ എത്തുന്നത്. സര്‍ക്കാര്‍ നല്‍കിയ പാസുമായി എത്തിയിട്ടും അളവിലും തൂക്കത്തിലും വന്‍കുറവിലാണ് മണല്‍ നല്‍കുന്നത്. അഞ്ച് ടണ്‍ മണലിന് സര്‍ക്കാര്‍ നല്‍കിയ വില 3332 രൂപയാണ്. നികുതിയും തൊഴിലാളികളുടെ ലോഡിംഗ് ചാര്‍ജും അടക്കമാണ് പാസില്‍ മണലിന് വില നിശ്ചയിച്ചിട്ടുള്ളത്. വാഹന വാടക കൂടി നല്‍കിയാല്‍ മിതമായ വിലക്ക് ഉപഭോക്താക്കള്‍ക്ക് മണല്‍ ലഭ്യമാകേണ്ടതാണ്. എന്നാല്‍ കടവുകളില്‍ തന്നെ മണലിന് 1800 രൂപ അധികമായി മാഫിയക്കാര്‍ ചോദിക്കുന്നു.
ചോദിക്കുന്ന പണം കൊടുത്തിട്ടില്ലെങ്കില്‍ മണല്‍ കയറ്റി തരില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ നല്‍കിയ പാസില്‍ രേഖപ്പെടുത്തിയ തൂക്കത്തെക്കാള്‍ വന്‍ കുറവാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന മണലിനെന്നും പരാതിയുണ്ട്. ബുധനാഴ്ച അഞ്ച് ടണ്‍ മണലിന് സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ 1800 രൂപ കൊടുത്തതിന് പുറമെ പലര്‍ക്കും കിട്ടിയ മണലില്‍ ഒരു ടണ്‍ കുറവും. ജില്ലയിലെ 33 പഞ്ചായത്തുകളിലായി 170 അംഗീകൃത മണല്‍ കടവുകളാണ് ഉള്ളത്.
തിങ്കളാഴ്ച മുതലാണ് അംഗീകൃത കടവുകളില്‍ നിന്ന് മണല്‍ വാരല്‍ തുടങ്ങിയത്. കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ നിയന്ത്രണം കാരണം കഴിഞ്ഞ നവംബര്‍ മുതല്‍ മണല്‍ വാരല്‍ പൂര്‍ണമായും നിരോധിച്ചിരുന്നു.
എന്നാല്‍ നിയമങ്ങള്‍ക്കെല്ലാം മിക്ക മണല്‍ കടവുകളിലും പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവര്‍ക്ക് മാത്രമെ മണല്‍ നല്‍കാവൂ എന്നും കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ നിഷ്‌കര്‍ശിച്ചിട്ടുണ്ട്. കടവുകളില്‍ നിന്ന് മണലിന് 1800 രൂപ കൂടുതല്‍ വാങ്ങുന്നുണ്ടെന്ന് പരാതി പറഞ്ഞപ്പോള്‍ അത് കൊടുക്കേണ്ട എന്ന മറുപടി മാത്രമാണ് അധികൃതര്‍ നല്‍കുന്നത്.