Connect with us

Editorial

തിന്മയുടെ കടന്നു കയറ്റം; നന്മയുടെ മിന്നലാട്ടവും

Published

|

Last Updated

മനുഷ്യത്വവും സ്‌നേഹവും കാരുണ്യവും സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നു എന്ന ആശങ്കയുളവാക്കുന്ന വര്‍ത്തമാനങ്ങളാണ് നിത്യവും കേള്‍ക്കുന്നത്. നന്മക്ക് മേല്‍ തിന്മയുടെ കടന്നുകയറ്റം. എന്നാല്‍ ഇതിനിടയില്‍ അന്ധകാരത്തില്‍ ശുഭ്ര നക്ഷത്രം കണക്കെയുള്ള ചില മിന്നലാട്ടങ്ങള്‍ പ്രത്യാശ നല്‍കുന്നു. പഠനാവശ്യത്തിന് സ്വന്തമായി പണം കണ്ടെത്താന്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഫൈജു നടത്തിവന്ന ഫാമിലെ 800 ഓളം കാടകളെ ചിലര്‍ വിഷം കൊടുത്ത് കൊന്ന സംഭവം ആരേയും നടുക്കുന്നതാണ്. കഴിഞ്ഞ ഫെബ്രുവരി 19ന് കൂട് തകര്‍ത്ത് 500 കാടകളെ വിഷം കൊടുത്ത് കൊന്നതിന്റെ തുടര്‍ച്ചയായി ഏപ്രില്‍ 18ന് രാത്രി 300ലേറെ കാടകളെ കൂടി കൂട്ടക്കുരുതി ചെയ്തു. വീട്ടുപറമ്പില്‍ കെട്ടിയുണ്ടാക്കിയ ഷെഡ്ഢിലായിരുന്നു ഫാം. കൂടിന്റെ പിറകുവശത്തെ ഇരുമ്പ് വല മുറിച്ച് അതിലൂടെ കാടകള്‍ക്ക് വിഷം കലര്‍ത്തിയ തീറ്റ കൊടുക്കുകയായിരുന്നു. പോലീസ് കേസെടുക്കുകയും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. പക്ഷേ, ഇത്രയും നിന്ദ്യമായ സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ ഇനിയും പോലീസിനായിട്ടില്ല.
മിണ്ടാപ്രാണികളുടെ കൂട്ടക്കുരുതിക്ക് ഇനിയും സാക്ഷ്യം വഹിക്കേണ്ടിവരുമോ എന്ന ആശങ്കയില്‍ ഫൈജുവും കുടുംബവും കഴിയുമ്പോഴാണ് കഴിഞ്ഞ ദിവസം അഭിമാനകരമായ സംഭവമുണ്ടായത്. മനുഷ്യരില്‍ കാരുണ്യത്തിന്റെ ഉറവ വറ്റാത്തവര്‍ ഇനിയുമുണ്ടെന്നതിന് സാക്ഷ്യം കൂടിയായി അത്. പോയ വര്‍ഷം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സലിം കുമാര്‍ ഫൈജുവിന്റെ വീട്ടിലെത്തി ആ കുടുംബത്തിന് പകര്‍ന്നു നല്‍കിയ ആശ്വാസ വചനങ്ങളും തന്റെ വകയുള്ള സഹായവും അത്രമേല്‍ ഹൃദയഹാരിയായിരുന്നു. കാടക്കുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊന്നുവെന്നറിഞ്ഞപ്പോള്‍ തളര്‍ന്നു പോയ ഫൈജുവിന്റെ സ്ഥാനത്ത് തന്റെ മകന്റെ മുഖമാണ് താന്‍ ദര്‍ശിച്ചതെന്ന സലിം കുമാറിന്റെ പ്രസ്താവം “അഭിനയ”ത്തിന്റെ ഭാഗമായിരുന്നില്ല. കരള്‍ പിളരുന്ന വേദനയോടുള്ള പ്രതികരണമായിരുന്നു ഇത്. ആ മനുഷ്യന്റെ മനസ്സിലുള്ള നന്മയുടേയും കാരുണ്യത്തിന്റേയും പ്രവാഹമായിരുന്നു അത്. മഹനീയമായ ഒരു മാതൃകയാണ് സലിം കുമാര്‍ കാഴ്ചവെച്ചത്.
ഇത്രയും പറഞ്ഞുവന്നത്, മനുഷ്യരില്‍ സ്‌നേഹബന്ധങ്ങള്‍ ദുര്‍ബലമാകുകയും അസഹിഷ്ണുത നന്മക്ക് മേല്‍ കടന്നാക്രമണം നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ സമൂഹത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്. കൊല്ലത്ത് ഒരു പിതാവ് 24കാരിയായ മകളെ വെടിവെച്ച് പരിക്കേല്‍പ്പിച്ച സംഭവം ആരേയും ഞെട്ടിക്കുന്നതാണ്. പിതാവുമായി പിണങ്ങിക്കഴിയുന്ന തന്റെ മാതാവിനെ കാണാന്‍, മകള്‍ പോയതായിരുന്നു വെടിവെപ്പിനുള്ള പ്രകോപനം. അസിസിയ മെഡിക്കല്‍ കോളജിലെ ഫിസിയോളജി ട്യൂട്ടറാണ് ഈ യുവതി. മക്കള്‍ക്ക് മാതൃകയാകേണ്ട മാതാവും പിതാവും തമ്മിലുള്ള ബന്ധം ശിഥിലമായതിന്റെ തിക്തഫലമാണ് മകള്‍ ഏറ്റുവാങ്ങിയ വെടിയുണ്ടകള്‍.
കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ യുവാവ് വീട്ടില്‍ കയറി നാല് വയസ്സുള്ള ബാലികയേയും അവളുടെ പിതാവിന്റെ മാതാവായ 67കാരിയായ മുത്തശ്ശിയേയും വെട്ടിക്കൊന്ന സംഭവം ഹൃദയ ഭേദകമാണ്. ബാലികയുടെ പിതാവിനും വെട്ടേറ്റിട്ടുണ്ട്. കാമുകനൊപ്പം കഴിയാന്‍ അവസരം സൃഷ്ടിക്കാനുള്ള ഈ ഇരട്ടക്കൊല ആസൂത്രണം ചെയ്തതില്‍ ബാലികയുടെ മാതാവിനും പങ്കുണ്ടായിരുന്നുവെന്നറിയുമ്പോള്‍ എന്തുചെയ്യും? ടെക്‌നൊ പാര്‍ക്കില്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് ഇരട്ടക്കൊല നടത്തിയ യുവാവും ബാലികയുടെ മാതാവും. ഇതുകൊണ്ടും തീര്‍ന്നില്ല. കൊലയാളിയെന്നാരോപിക്കുന്ന യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. കുടുംബ ബന്ധങ്ങളിലെ ശൈഥില്യം എന്തെല്ലാം അനര്‍ഥങ്ങള്‍ക്ക് വഴിവെക്കുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ഈ ഇരട്ടക്കൊല.
നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും വര്‍ധിച്ചുവരുന്ന, നിസ്സാര കാര്യങ്ങളെ ചൊല്ലിയുള്ള താളപ്പിഴകളാണ് പലപ്പോഴും സ്‌ഫോടനാത്മക സംഭവങ്ങള്‍ക്കിടയാക്കുന്നത്. പ്രണയ സാഫല്യത്തിനായി കുടുംബത്തെ കുഴിച്ചുമൂടാന്‍ പോലും മടിക്കാത്ത നരാധമന്മാര്‍ സമൂഹത്തിലുണ്ടെന്ന് ആറ്റിങ്ങല്‍ കൂട്ടക്കൊല ഓര്‍മിപ്പിക്കുന്നു. ആര്‍ഭാടവും ധൂര്‍ത്തും വഴിവിട്ട ജീവിതവുമാണ് കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നത്. ആഗോളവത്കരണവും കമ്പോളവത്കരണവും കോര്‍പ്പറേറ്റ് ജീവിത ശൈലികളുമാണ് സമൂഹത്തില്‍ ഇന്ന് പ്രകടമാകുന്ന പല ദുഷിപ്പുകള്‍ക്കും കാരണം. കൂട്ടുകുടുംബത്തില്‍ നിന്നും അണു കുടുംബത്തിലേക്കുള്ള എടുത്തുചാട്ടം കുടുംബത്തിലുണ്ടായിരുന്ന സുരക്ഷാ കവചം ഇല്ലാതാക്കിയെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.

Latest