Connect with us

Kasargod

പരിസ്ഥിതി പ്രശ്‌നം: മാടക്കാല്‍ ബണ്ട് പൊളിക്കണമെന്ന് ഒരുവിഭാഗം; അനുവദിക്കില്ലെന്ന് മറുവിഭാഗം

Published

|

Last Updated

തൃക്കരിപ്പൂര്‍: മാടക്കാല്‍ ബണ്ട് പ്രദേശത്ത് ഉടലെടുത്ത പരിസ്ഥിതി, ആരോഗ്യ പ്രശനം പരിഹരിക്കാന്‍ ബണ്ട് പൊളിക്കണമെന്ന ആവശ്യവും, പൊളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി പ്രദേശവാസികള്‍ ചേരിതിരിഞ്ഞതോടെ പ്രശ്‌നം രൂക്ഷമായി.
ഇതിനിടയില്‍ മാടക്കാല്‍ ബണ്ട് കാരണം സ്വാഭാവികമായ ഒഴുക്ക് നിലച്ച കവ്വായി കായലില്‍ ഉടലെടുത്ത പരിസ്ഥിതി പ്രശ്‌നവും ഉടുമ്പുന്തല ഭാഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രശ്‌നവും പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ സ്ഥലത്തെത്തിയ ജനപ്രതിനിധികളോട് ശക്തമായി പ്രതിഷേധിച്ചു.
മാടക്കാല്‍ പുഴയില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം ജീവിതം ദുസ്സഹമായ പ്രദേശവാസികള്‍ ഇന്നലെ രാവിലെ പത്തുമണിയോടെ സ്ഥലത്തെത്തിയ കെ കുഞ്ഞിരാമന്‍ എം എല്‍ എ, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വലിയപറമ്പ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി പ്രമോദ,് താഹസില്‍ദാര്‍ കെ ബാലന്‍ എന്നിവരോട് പ്രതിഷേധം അറിയിച്ചത്.
വര്‍ഷങ്ങളോളമായി വേനല്‍ക്കാലം വന്നാല്‍ തുടരുന്ന ഈ പരിസ്ഥിതി പ്രശനം പരിഹരിക്കുന്നതിന് വേണ്ടത്ര ഗൗരവം കാണിക്കാന്‍ അധികൃതര്‍തയ്യാരാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. പ്രദേശത്ത് കടുത്ത ആരോഗ്യ പ്രശ്‌നം ഉടലെടുക്കുമെന്ന ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എം എം എല്‍ എയും സംഘവും സ്ഥലത്തെത്തിയത്. ദുര്‍ഗന്ധത്തിനു കാരണമായ പുഴയില്‍ അടിഞ്ഞുകൂടിയ പായല്‍ മാറ്റാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാമെന്നു അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും, ഒരു താത്കാലിക പ്രശ്‌ന പരിഹാരത്തിന് ഒരു വിഭാഗം ജനങ്ങള്‍ വഴങ്ങിയില്ല. ബണ്ട് പൊളിച്ച് പുഴയുടെ ഒഴുക്ക് ഉണ്ടാക്കണമെന്ന് ഉടുമ്പുന്തല വാസികള്‍ ആവശ്യപ്പെട്ടുവെങ്കിലും ബണ്ടില്‍ കൂടിയുള്ള ഗതാഗതം തടസ്സപ്പെടുത്തിയുള്ള ഒരു നടപടിയും അംഗീകരിക്കില്ലെന്ന നിലപാടിലാണ് മാടക്കാല്‍ നിവാസികള്‍. ഇത് കാരണം നാട്ടുകാര്‍ രണ്ടു തട്ടിലായി.
കാല്‍ നൂറ്റാണ്ടു മുമ്പാണ് മാടക്കാലിലേക്ക് ഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുഴയില്‍ നാന്നൂറ് മീറ്ററോളം നീളത്തില്‍ ബണ്ടുകെട്ടിയത്. ഇത് പുഴയുടെ നിലവിലുള്ള ഒഴുക്കിനെ തടഞ്ഞുകൊണ്ടായിരുന്നു. പുഴയുടെ ഒഴുക്ക് നിലച്ചതോടെ പായലും ചെളിയും അടിഞ്ഞുകൂടിയത് അസഹനീയമായ ദുര്‍ഗന്ധത്തിനും കടുത്ത ആരോഗ്യ പ്രശനത്തിനും ഇടയാക്കി. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ഉടുംപുംതല തെക്കേ അറ്റത്ത് താമസിക്കുന്നവരെയാണ് ഇത് കൂടുതലായും ബാധിച്ചത്. ദുര്‍ഗന്ധം കാരണം ഭക്ഷണം കഴിക്കാനോ, ശ്വാസോച്ഛ്വാസം നടത്താനോ കഴിയാത്ത സ്ഥിതിയാണിവിടെ. വയറിളക്കം, ശ്വാസതടസ്സം, ചൊറിച്ചില്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജനങ്ങള്‍ ദുരിതത്തിലായി. ബണ്ട് പൊട്ടിച്ച് അടിയില്‍ ഭീമന്‍ പൈപ്പുകള്‍ സ്ഥാപിച്ചോ, മധ്യത്തില്‍ കള്‍വര്‍ട്ടുകള്‍ സ്ഥാപിച്ചോ നീരൊഴുക്കിന് സംവിധാനങ്ങള്‍ ഉണ്ടാക്കിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂവെന്നാണ് ഒരുവിഭാഗം ജനങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മാടക്കാല്‍ തൂക്കുപാലം ഉദ്ഘാടനവേളയില്‍ മന്ത്രി അടൂര്‍ പ്രകാശ് നീരൊഴുക്കിനുള്ള സൗകര്യങ്ങള്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എം എല്‍ എയും അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും പ്രശ്‌നപരിഹാരത്തിന് മാര്‍ഗങ്ങളൊന്നും കണ്ടെത്തിയില്ലെന്നാണ് ജനങ്ങള്‍ പരാതി പറയുന്നത്.

Latest