Connect with us

Kozhikode

മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച്‌

Published

|

Last Updated

കോഴിക്കോട്: മലാപ്പറമ്പ് എ യു പി സ്‌കൂള്‍ കെട്ടിടം തകര്‍ത്ത മാനേജരെ അറസ്റ്റ് ചെയ്യുക, വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. സ്‌കൂളിലെ കുട്ടികളും പൂര്‍വവിദ്യാര്‍ഥികളും വിദ്യാര്‍ഥി- യുവജന സംഘടനാപ്രവര്‍ത്തകരും അധ്യാപകരും ജീവനക്കാരും പങ്കെടുത്തു. മാര്‍ച്ച് എ പ്രദീപ്കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ആദ്യത്തെ ചുവടുവെപ്പാണ് മലാപ്പറമ്പ് സ്‌കൂളില്‍ നടന്നതെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു. ഈ ചുവടുവെപ്പ് വിജയിച്ചാല്‍ അടച്ചൂപൂട്ടല്‍ ഭീഷണി നേരിടുന്ന സംസ്ഥാനത്തെ 1,533 സ്‌കൂളുകളും തകര്‍ക്കപ്പെടും. ഉന്നതതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സ്‌കൂള്‍ തകര്‍ത്തത്. ഡി പി ഐയും ജില്ലയിലെ വിദ്യാഭ്യാസ അധികൃതരും സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തെ എതിര്‍ത്തിട്ടും ഭൂമാഫിയക്കുവേണ്ടിയാണ് സ്‌കൂള്‍ ഇടിച്ചുനിരത്തിയതെന്നും യുഡിഎഫിലെ ഒരുഘടകകക്ഷിയുടെ പ്രാദേശിക നേതാവായ മാനേജരുടെ സഹോദരനാണ് ഇതിന്റെ മുഖ്യസൂത്രധാരനെന്നും പ്രദീപ്കുമാര്‍ പറഞ്ഞു.