Connect with us

Articles

'സമസ്തയുടെ ഊന്നുവടി'

Published

|

Last Updated

“സമുദായ നേതാക്കളേ, ധനാഢ്യരേ, യുവ പ്രവര്‍ത്തകരേ നിങ്ങളുടെ ഉത്തരവാദിത്വം നിങ്ങളുടെ മുമ്പിലിതാ അവതരിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ രംഗത്തിറങ്ങൂ, ഞങ്ങള്‍ നിങ്ങളെ സഹായിക്കാം. റബ്ബ് നമ്മുടെ സേവനങ്ങള്‍ വിജയിപ്പിക്കട്ടെ” എസ് വൈ എസ്സിന്റെ ആവശ്യകതയും പ്രാധാന്യവും വിവരിച്ചുകൊണ്ട് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ആയിരത്തിത്തൊള്ളായിരത്തി അന്‍പതുകളില്‍ തയ്യാറാക്കിയ “സുന്നി യുവജന സംഘം നിലകൊള്ളുന്നതെന്തിന്?” എന്ന ലഘുലേഖ അവസാനിക്കുന്നത് കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ഭാവി കരുപ്പിടിപ്പിക്കുന്നതില്‍ കരുത്തുറ്റ കര്‍ത്തൃത്വം വഹിക്കാന്‍ കഴിയുന്ന വ്യത്യസ്ത ജനവിഭാഗങ്ങളെ എസ് വൈ എസ്സിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു. പരസ്പരം സഹകരിക്കാനും ഒരുമിച്ചു പ്രവര്‍ത്തിക്കാനും ആവശ്യമായ കര്‍മ മേഖലകള്‍ ഇല്ലാത്തവര്‍ എന്ന് പ്രത്യക്ഷത്തില്‍ പുറമേക്ക് തോന്നിയേക്കാവുന്ന ഈ ജനവിഭാഗങ്ങളെയെല്ലാം ഒരുമിച്ചു ഒരു കര്‍മ മണ്ഡലത്തില്‍ എത്തിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ പൊതുവായ വളര്‍ച്ചക്ക് അനുഗുണമാകും വിധം ഏകോപിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു സമസ്ത കേരള സുന്നി യുവജന സംഘത്തി (എസ് വൈ എസ്) ന്റെ രൂപവത്കരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇതിനുവേണ്ടി വിപുലവും വൈവിധ്യപൂര്‍ണവുമായ ജനവിഭാഗങ്ങളെയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെയും കേരളത്തിലെ ഇസ്‌ലാമിക പരിസരത്തു നിന്നു മനസ്സിലാക്കുകയും അവക്ക് സാമുദായികമായ ആവശ്യങ്ങളുടെയും മുന്‍ഗണനകളുടെയും അടിസ്ഥാനത്തില്‍ പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യുകയായിരുന്നു എസ് വൈ എസ്സിന്റെ പ്രധാന ദൗത്യം. മുസ്‌ലിം യുവാക്കള്‍ക്ക് ആദര്‍ശപരവും സാംസ്‌കാരികവും ധാര്‍മികവുമായ ദിശാബോധം നല്‍കുന്നതിലൂടെയേ ഈ ലക്ഷ്യം നേടിയെടുക്കനാകൂ എന്നതായിരുന്നു എസ് വൈ എസ്സിന്റെ നിലപാട്. ആ നിലപാടിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ആശയങ്ങളും ചിട്ടപ്പെടുത്തിയ കര്‍മ പദ്ധതികളുമായിരുന്നു എസ് വൈ എസ്സിന്റെ കരുത്ത്.
ഒരു പ്രത്യേക സാമൂഹിക സാമുദായിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു എസ് വൈ എസ് അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്‍പതുകളുടെ തുടക്കം പല കാരണങ്ങളെ കൊണ്ടും കലുഷിതവും സങ്കീര്‍ണവുമായിരുന്നു. ശുഭാപ്തി വിശ്വാസങ്ങളേക്കാള്‍ പല മേഖലകളിലും സന്നിഗ്ധതകളായിരുന്നു രാജ്യത്തെ നയിച്ചുകൊണ്ടിരുന്നത്. ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യ ഒരു രാജ്യമെന്ന നിലയില്‍ അതിന്റെ യാത്ര തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വിഭജനം ഉണ്ടാക്കിയ രാഷ്ട്രീയ അസ്വസ്ഥതകളും മറ്റു ബാലാരിഷ്ടതകളും രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ അസ്വസ്ഥതകളെയും സന്നിഗ്ധതകളെയും ചൂഷണം ചെയ്യാന്‍ അവസരം പാര്‍ത്തു നില്‍ക്കുന്നവരായിരുന്നു ഇന്ത്യന്‍ സമൂഹത്തിനു പൊതുവില്‍ നേരിടാനുണ്ടായിരുന്ന മറ്റൊരു ശത്രു. സ്വാതന്ത്ര്യത്തിന്റെയും വിഭജനത്തിന്റെയും ഇരകള്‍ എന്ന നിലയില്‍ ഈ വക കാര്യങ്ങള്‍ മുസ്‌ലിം സമുദായത്തിനകത്തെ സന്നിഗ്ധതകളെ ഏറ്റി. മതത്തിനകത്തെ പരിഷ്‌കരണവാദികള്‍ എന്നറിയപ്പെട്ടു പോന്നിരുന്ന വിഭാഗങ്ങള്‍ ഈ അവസരം മുതലെടുത്ത് തങ്ങളുടെ പരിമിതമായ രാഷ്ട്രീയ അജന്‍ഡകള്‍ നടപ്പിലാക്കാന്‍ തുടങ്ങി. വിശ്വാസപരമായ ശൈഥില്യം മുസ്‌ലിംകളുടെ മതകീയ ജീവിതത്തെ എന്ന പോലെ സാമൂഹിക ജീവിതത്തെയും ദുരിതപൂര്‍ണമാക്കി. ഇത്തരമൊരു പശ്ചാത്തലത്തില്‍ മുസ്‌ലിം യുവാക്കള്‍ക്ക് ദിശാബോധം നല്‍കുകയും അവരുടെ ഊര്‍ജത്തെയും സമയത്തെയും മതത്തിന്റെയും രാഷ്ട്രത്തിന്റെയും നിര്‍മാണാത്മകമായ ഭാവി കരുപ്പിടിപ്പിക്കാന്‍ വേണ്ടി വഴിതിരിച്ചു വിടുകയും ചെയ്യുക എന്നത് സമുദായത്തോട് കടപ്പാടുള്ള ഒരു പ്രസ്ഥാനത്തിന് ചെയ്യാനുണ്ടായിരുന്ന മിനിമം ഉത്തരവാദിത്വത്തില്‍ പെട്ടതാണെന്ന് അക്കാലത്തെ തലയെടുപ്പുള്ള മുസ്‌ലിം ധിഷണാശാലികള്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ് 1954ല്‍ താനൂരില്‍ വെച്ചു നടന്ന സമസ്തയുടെ ഇരുപതാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് സമസ്ത കേരള സുന്നി യുവജന സംഘ (എസ് വൈ എസ്)ത്തിന്റെ രൂപവത്കരണത്തിലേക്ക് ചവിട്ടുപടിയായി വര്‍ത്തിച്ച ചര്‍ച്ചകള്‍ ഉണ്ടായത്. തുടര്‍ന്ന് കോഴിക്കോട് അന്‍സാറുല്‍ മുസ്‌ലിമീന്റെ ഓഫീസില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ വെച്ചു എസ് വൈ എസ്സിന്റെ രൂപവത്കരണത്തിലേക്ക് നയിക്കുകയും ചെയ്തതു.
ഒരു പണ്ഡിത സഭ എന്ന നിലയില്‍ ബഹുജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് പരിമിതികള്‍ ഉണ്ടായിരുന്നു. അതേ സമയം സമസ്തയുടെ നയനിലപാടുകള്‍ പൊതുജനങ്ങളിലെത്തിക്കും വിധത്തിലുള്ള ഒരു സംവിധാനത്തിന്റെ ആവശ്യകത ദിനേനയെന്നോണം വര്‍ധിച്ചുവരുന്ന ഒരു സാഹചര്യവും നിലവിലുണ്ടായിരുന്നു. ഈ പരിമിതിയെ മറികടക്കുക കൂടിയായിരുന്നു എസ് വൈ എസ്സിന്റെ രൂപവത്കരണത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. അതായത് കേരളത്തിലെ പരമോന്നത മുസ്‌ലിം പണ്ഡിത സഭയും കേരളത്തിലെ മുസ്‌ലിം പൊതു സമൂഹത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ചാലക ശക്തിയായി മാറുക എന്നതായിരുന്നു എസ് വൈ എസ്സിന്റെ നിയോഗം. ആ നിയോഗം എസ് വൈ എസ് ഏറ്റെടുക്കുകയും കുറഞ്ഞ കാലം കൊണ്ടു തന്നെ ദൗത്യ നിര്‍വഹണ രംഗത്ത് ശക്തമായ മുന്നേറ്റം നടത്തുകയും ചെയ്തു. ഈ മുന്നേറ്റമാണ് 1961ല്‍ എസ് വൈ എസ്സിനെ സമസ്തയുടെ കീഴ്ഘടകമായി പ്രഖ്യാപിക്കാന്‍ സമസ്തയെ പേരിപ്പിച്ച ഘടകം. സമസ്തയുടെ ഊന്നുവടി എന്നായിരുന്നു തലയെടുപ്പും ദീര്‍ഘ വീക്ഷണവുമുള്ള പണ്ഡിതന്മാര്‍ എസ് വൈ എസ്സിനെ അക്കാലത്ത് തന്നെ വിശേഷിപ്പിച്ചത്.
എസ് വൈ എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണുന്നുണ്ടായിരുന്നു എന്നതിന് അക്കാലത്തെ രാഷ്ട്രീയ മത സംഘടനാ നേതാക്കളും പ്രസ്ഥാനങ്ങളും എസ് വൈ എസ്സിനോട് സ്വീകരിച്ച നിലപാടുകള്‍ തന്നെയാണ് സാക്ഷി. തുടക്കം മുതലേ മതത്തിനകത്തെയും പുറത്തെയും ശത്രുക്കള്‍ എസ് വൈ എസ്സിന്റെ പ്രവര്‍ത്തനങ്ങളെ ഭീതിയോടെയാണ് കണ്ടുകൊണ്ടിരുന്നത്. ആ ഭീതിയായിരുന്നു സംഘടനയോടുള്ള അവരുടെ നിലപാടുകളെ രൂപപ്പെടുത്തിയതും. മുസ്‌ലിംകളുടെ വിശ്വാസത്തെ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നവരും മുസ്‌ലിംകളുടെ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തി മതത്തിന്റെ തന്നെ അന്തഃസത്തയെ നശിപ്പിക്കാന്‍ രംഗത്തിരങ്ങിയവരുമായിരുന്നു ശത്രുഭാഗത്ത് മുന്‍ നിരയിലുണ്ടായിരുന്നത് എന്നതു തന്നെയായിരുന്നു എസ് വൈ എസ്സിന്റെ പ്രവര്‍ത്തന വിജയം. രാഷ്ട്രീയമല്ല, വിശ്വാസമാണ് പ്രധാനം എന്നതായിരുന്നു സമസ്തയുടെയും എസ് വൈ എസ്സിന്റെയും നിലപാട്. വിശ്വാസത്തിനു നിരക്കാത്ത കാര്യങ്ങളുമായി രാജിയാകാന്‍ മുസ്‌ലിംകള്‍ക്ക് നിര്‍വാഹമില്ലെന്നും വിശ്വാസത്തെ ബാധിക്കുന്ന എതൊന്നിനെയും, അത് മതത്തിനകത്തു നിന്നുള്ളതയാലും പുറത്തുനിന്നുള്ളതായാലും ശരി, ഉപേക്ഷിക്കണം എന്നതുമായിരുന്നു എസ് വൈ എസ്സിന്റെ നിലപാട്. ആ നിലപാടിന്റെ ഗുണഭോക്താവ് മതവും ഓരോ വിശ്വാസിയും ആയിരിക്കുമെന്നും മുസ്‌ലിംകളുടെ ഈ ലോകത്തെ ജീവിതത്തെ ചിട്ടപ്പെടുത്തേണ്ടത് അത്തരം വിശ്വാസമായിരിക്കണം എന്നും എസ് വൈ എസ്സിന് നിര്‍ബന്ധമുണ്ടായിരുന്നു. ആ നിര്‍ബന്ധം പലരുടെയും മുഖം ചുളിപ്പിക്കുക സ്വാഭാവികമായിരുന്നു. രാഷ്ട്രീയാതീതമായി മതത്തെയും രാഷ്ട്രത്തെ തന്നെയും കാണുകയും മനസ്സിലാക്കുകയും അതിനനുസരിച്ചുള്ള നയനിലപാടുകളും പ്രവര്‍ത്തനങ്ങളും രൂപപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രസ്ഥാനം സാമ്പ്രദായിക മതരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഒരു തലവേദനയായിത്തീരുക സ്വാഭാവികമാണല്ലോ? അതാണ് സമസ്തയേക്കാള്‍ എസ് വൈ എസ്സിനെ ലക്ഷ്യം വെക്കാന്‍ പ്രാസ്ഥാനിക ശത്രുക്കളെ പ്രേരിപ്പിച്ച പ്രധാന ഘടകം. മുസ്‌ലിംകളുടെ ആദര്‍ശപരമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് തങ്ങളുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുമെന്ന് ആദര്‍ശ പ്രതിയോഗികള്‍ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. 1954 മുതല്‍ ഇന്നു വരെയുമുള്ള എസ് വൈ എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ നൊമ്പരപ്പെടുത്തിയത് ആരെയൊക്കെയായിരുന്നു എന്ന് പരിശോധിച്ചാല്‍ ആദര്‍ശ ശത്രുക്കളുടെ കൂട്ടായ്മയില്‍ ആരൊക്കെയുണ്ടായിരുന്നുവെന്ന് പകല്‍പോലെ വ്യക്തമാകും. സമസ്തയുടെ ഊന്നുവടിയെ ദുര്‍ബലപ്പെടുത്തിയാല്‍ സമസ്തയെ തന്നെ കൈപ്പിടിയിലൊതുക്കാം എന്നായിരുന്നു ശത്രുക്കളുടെ കണക്കുകൂട്ടല്‍. പക്ഷേ, ഊന്നുവടിയുടെ ശക്തിയും സ്വാധീനവും മനസ്സിലാക്കുന്നതില്‍ ശത്രുക്കള്‍ക്ക് പിഴച്ചു. കെ എം മാത്തോട്ടം, പൂന്താവനം പി അബ്ദുല്ല മുസ്‌ലിയാര്‍, പി എം എസ് എ പൂക്കോയ തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ഇ കെ ഹസ്സന്‍ മുസ്‌ലിയാര്‍, എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു എസ് വൈ എസ് അതിന്റെ വളര്‍ച്ചയും സ്വാധീനവും കൈവരിച്ചത്.
1978ലെ എസ് വൈ എസ്സിന്റെ ഐതിഹാസികമായ കോഴിക്കോട് സമ്മേളനം കേരളത്തിലെ മുസ്‌ലിം ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത സമ്മേളനങ്ങളില്‍ ഒന്നായിരുന്നു. എസ് വൈ എസ് പല നിലക്കുമുള്ള അതിന്റെ വളര്‍ച്ച പ്രാപിച്ചതിന്റെ അടയാളം കൂടിയായിരുന്നു ആ സമ്മേളനം. സംഘടനാപരമായും ആദര്‍ശാത്മകമായ ഒരു കൂട്ടായ്മ എന്ന നിലയിലും എസ് വൈ എസ്സിന്റെ അക്കാലമത്രയുമുള്ള പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്തുന്നതായിരുന്നു ആ സമ്മേളനം. മുസ്‌ലിം സമ്മേളന വേദിയില്‍ നിന്ന് സമുദായത്തിന്റെ ചോര കുടിച്ചു വീര്‍ത്ത രാഷ്ട്രീയക്കാരെ മുഴുവന്‍ പടിക്ക് പുറത്ത് നിര്‍ത്തിക്കൊണ്ട് സംഘടിപ്പിച്ച ആ സമ്മേളനം സംഘടനയുടെ നയനിലപാടുകളുടെ ഒരു വിശദീകരണം മാത്രമായിരുന്നില്ല, ഒരു മുന്നറിയിപ്പ് കൂടിയായിരുന്നു. ഇ കെ ഹസ്സന്‍ മുസ്‌ലിയാരും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുമായിരുന്നു ആ സമ്മേളനത്തിന്റെ പ്രധാന സംഘാടകര്‍. മത സംഘടനകളെ കുറിച്ചുള്ള പലരുടെയും ധാരണ തിരുത്താന്‍ ആ സമ്മേളനം നിമിത്തമായി. അതേ സമയം ശത്രുക്കളെ അത് കൂടുതല്‍ സജ്ജരാകാനും പ്രേരിപ്പിച്ചു. ഇതേ സമ്മേളനത്തില്‍ വെച്ചു തന്നെയാണ് തുടക്കത്തില്‍ കേരള മുസ്‌ലിംകളുടെയും ഇന്ന് ദേശീയതലത്തില്‍ തന്നെയും ശ്രദ്ധേയ സാന്നിധ്യമായി മാറിയ മര്‍കസ് സ്ഥാപനങ്ങള്‍ക്ക് എസ് വൈ എസ്സിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചതും. രാഷ്ട്രീയക്കാരെ കൃത്യമായ അകലത്തില്‍ നിര്‍ത്തുകയും മതപണ്ഡിതന്മാരുടെ നേതൃത്വത്തിലുള്ള സമുദായ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തതോടെ കേരളത്തിലെ മുസ്‌ലിംകള്‍ നഷ്ടപ്പെട്ടുപോയ അവരുടെ ചൈതന്യവും ആത്മവിശ്വാസവും തിരിച്ചുപിടിക്കാന്‍ തുടങ്ങി. അതോടെ മുസ്‌ലിംകളെ സ്വന്തം മണ്ഡലമായി കരുതിപ്പോന്നവര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു. എറണാകുളത്ത് നടന്ന എസ് വൈ എസ്സിന്റെ സമ്മേളനത്തില്‍ ആരും പങ്കെടുക്കരുത് എന്ന് പ്രസ്താവനയിറക്കാന്‍ പിന്നീട് പലരെയും പ്രേരിപ്പിച്ച ഘടകവും അതു തന്നെയായിരുന്നു. പക്ഷേ, 1989ലെ ഏറണാകുളം സമ്മേളനത്തിന് തടിച്ചുകൂടിയ ജനലക്ഷങ്ങള്‍ തങ്ങള്‍ കാതോര്‍ക്കുന്ന വാക്കുകളും ആഹ്വാനങ്ങളും ആരുടെതാണ് എന്ന് സാക്ഷ്യപ്പെടുത്തുക കൂടിയായിരുന്നു. കേരള മുസ്‌ലിംകളുടെ ചരിത്രത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച സമ്മേളനമായി അത് മാറി. അതൊരു ചരിത്ര നിയോഗം കൂടിയായിരുന്നുവെന്നു പിന്നീടുള്ള മുസ്‌ലിം കേരളത്തിന്റെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തി. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെയും എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെയും കാന്തപുരം ഉസ്താദിന്റെയും നേതൃത്വത്തില്‍ സമസ്തയുടെ പുനഃസംഘാടനത്തിലേക്ക് പിന്നീട് കാര്യങ്ങളെ കൊണ്ടു ചെന്നെത്തിച്ചത് എസ് വൈ എസ് നേടിയ വളര്‍ച്ചയും സ്വാധീനവും ആദര്‍ശ ശത്രുക്കളില്‍ ഉണ്ടാക്കിയ അങ്കലാപ്പും അസ്വസ്ഥതകളുമായിരുന്നു. എസ് വൈ എസ്സിന്റെ ഓരോ സമ്മേളനവും ശത്രുക്കളുടെ അസ്വസ്ഥതകള്‍ ഏറ്റിക്കൊണ്ടിരുന്നു. ഏറ്റവുമൊടുവില്‍, കോഴിക്കോട് കടപ്പുറത്ത് നടന്ന എസ് വൈ എസ്സിന്റെ ഐതിഹാസികമായ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടിയില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് താജുല്‍ ഉലമ നടത്തിയ പ്രസംഗവും അതിന്റെ ഫലങ്ങളും കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഗതിവിഗതികളും മുന്‍ഗണനകളും മാറ്റും വിധം വിശ്വാസപരമായ സുന്നികളുടെ ശാക്തീകരണം അനുരണങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതിന്റെ പ്രതിഫലനമായിരുന്നു.
ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തിയും സ്വാധീനവുമുള്ള മുസ്‌ലിം യുവജന പ്രസ്ഥാനമായി എസ് വൈ എസ് മാറിക്കഴിഞ്ഞു. കോഴിക്കോട് അന്‍സാറുല്‍ മുസ്‌ലിമീനിന്റെ ഓഫീസില്‍ നിന്ന് തുടങ്ങിയ ജൈത്രയാത്ര അതിര്‍ത്തികളും ഭൂഖണ്ഡങ്ങളും കടന്ന് കൂടുതല്‍ വിപുലവും വ്യവസ്ഥാപിതവുമായി. എറണാകുളത്ത് നടന്ന എസ് വൈ എസ്സിന്റെ ദേശീയ സമ്മേളനം പ്രസ്ഥാനത്തിന്റെ ദേശീയ തലത്തിലുള്ള വളര്‍ച്ചയെ അടയാളപ്പെടുത്തുന്നതായിരുന്നു. ഇന്ന്, കേരളത്തിനു പുറമേ 23 സംസ്ഥാനങ്ങളില്‍ എസ് വൈ എസ്സിന് വേരുകളുണ്ട്. മുസ്‌ലിംകള്‍ വേദനിക്കുന്നിടത്തെല്ലാം എസ് വൈ എസ്സിന്റെ സഹായവും സാന്നിധ്യവുമുണ്ട്. അവഗണിക്കാന്‍ പരിശ്രമിച്ചവര്‍ക്ക് പോലും ഇന്ന് എസ് വൈ എസ്സിന്റെ പിന്തുണയും സഹായവും വേണമെന്നായി. കേരളത്തില്‍ നിന്നുള്ള ഒരിസ്‌ലാമിക പ്രസ്ഥാനത്തിന് വളരാന്‍ കഴിയുന്നതിലും അപ്പുറത്താണ് ആ ജൈത്ര യാത്ര ഇന്ന് എത്തിനില്‍ക്കുന്നത്. കേരളത്തിലെ കുഗ്രാമങ്ങളിലെ ആശുപത്രികളില്‍ അശരണരായ രോഗികളെ പരിചരിക്കുന്നിടത്തു നിന്ന് തുടങ്ങി മ്യാന്മാറിലെ നരകിക്കുന്ന മുസ്‌ലിംകളുടെ ജീവിതത്തിനു താങ്ങും തണലുമായി നില്‍ക്കാനും വരെ ഇന്ന് എസ് വൈ എസ്സിന്റെ പ്രവര്‍ത്തകര്‍ ഉണ്ട്. വിശ്വാസപരമായ ശാക്തീകരണം ഒരു സമൂഹത്തെയും അവരുടെ വര്‍ത്തമാനത്തെയും ഭാവിയെയും എങ്ങനെയാണ് തിരുത്തി എഴുതിയത് എന്നറിയാന്‍ എസ് വൈ എസ്സിന്റെ 60 വര്‍ഷത്തെ ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ മതി. ഒരു സമുദായം എങ്ങനെയാണ് അതിന്റെ പാരമ്പര്യത്തില്‍ വേരുകള്‍ ഊന്നി അതിന്റെ ഭാവിയെ തിരിച്ചുപിടിച്ചത് എന്ന് അപ്പോള്‍ മനസ്സിലാകും.
എസ് വൈ എസ്സിനെ സമസ്തയുടെ ഊന്നുവടി എന്ന് വിശേഷിപ്പിച്ച ദീര്‍ഘദര്‍ശികളായ ആ പണ്ഡിതര്‍ക്കും തെറ്റിയില്ല. സമസ്തയുടെ ആത്മാഭിമാനത്തിന് നേരെ വിരല്‍ ചൂണ്ടിയവരോട് പ്രതിരോധം തീര്‍ക്കാനും അത് വഴി സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാനും എസ് വൈ എസ് ഉണ്ടായിരുന്നു. സമസ്തയെ തോല്‍പ്പിക്കാന്‍ എസ് വൈ എസ്സിനെ തകര്‍ക്കണമെന്നു വാശി പിടിച്ചവര്‍ക്ക് ആ ഊന്നുവടിയുടെ ആദര്‍ശക്കരുത്തിനു മുന്നില്‍ മുഖം കുനിക്കേണ്ടി വന്നു. ഈ ഊന്നുവടിയെ കൂടുതല്‍ കരുത്തോടെയും കരുതലോടെയും വരും തലമുറക്ക് കൈമാറണം. അതിനാവശ്യമായ ഊര്‍ജവും മികവും നാം കൈവരിക്കണം. അതിലേക്കുള്ള വിളംബരമാണ് അറുപതാം വാര്‍ഷികാഘോഷത്തിലൂടെ എസ് വൈ എസ് ലക്ഷ്യമിടുന്നത്.

Latest