മെട്രോ സ്‌റ്റേഷന്‍ വികസനം: ബുര്‍ജ്മാന്‍ മ്യൂസിക് ഗ്യാലറിയായി മാറും

Posted on: April 23, 2014 2:29 pm | Last updated: April 23, 2014 at 2:29 pm

ദുബൈ: മെട്രോ സ്‌റ്റേഷനുകള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കുന്നതിനുള്ള 18.4 കോടി ദിര്‍ഹത്തിന്റെ പദ്ധതി യാഥാര്‍ഥ്യമാവുമ്പോള്‍ ബുര്‍ജ്മാന്‍ മെട്രോ സ്‌റ്റേഷന്‍ മ്യൂസിക് ഗ്യാലറിയായി മാറും. ദുബൈ മെട്രോ ലൈനിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ സ്‌റ്റേഷനായ ബുര്‍ജ്മാന്‍ ഉള്‍പ്പെടെ ആറു സ്റ്റേഷനുകളാണ് മുഖം മിനുക്കാന്‍ ഒരുങ്ങുന്നത്. 2015 മാര്‍ച്ചിനകം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. നഗരത്തില്‍ കലാകാരന്മാരുടെയും കാലാരൂപങ്ങളുടെയും സംഗമഭൂമിയായി ഭാവിയില്‍ ബുര്‍ജ്മാന്‍ സ്റ്റേഷന്‍ മാറും.
പദ്ധതി യാഥാര്‍ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ ടി എ, ദുബൈ കള്‍ച്ചറല്‍ അതോറിറ്റിയുമായി കരാറില്‍ ഒപ്പിട്ടു. ആറു സ്റ്റേഷനുകളെ മ്യൂസിയങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമാണ് ബുര്‍ജ്മാനില്‍ മ്യൂസിക് ഗ്യാലറി സ്ഥാപിക്കുന്നത്. ബുര്‍ജ് ഖലീഫ മെട്രോ സ്‌റ്റേഷന്‍ ഇലൈബ്രറിയാക്കി രൂപാന്തരപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. സ്റ്റേഷന്‍ എന്നതിലുപരി ഇത് അടുത്ത വര്‍ഷം ഇലൈബ്രറിയുടെ നഗരത്തിലെ മുഖ്യ കേന്ദ്രങ്ങളില്‍ ഒന്നായി മാറും. രാജ്യത്തിന്റെ കലാപാരമ്പര്യം യാത്രക്കാരിലേക്ക് എളുപ്പം എത്തിക്കാന്‍ ലക്ഷ്യമിട്ടുകൂടിയാണ് ഇത്തരം ഒരു പദ്ധതി സാക്ഷാത്ക്കരിക്കാന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ ടി എ) ഒരുങ്ങുന്നത്. ഇത് കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കുമെന്നാണ് കണക്കുകൂട്ടല്‍.
എമിറേറ്റ്‌സ് ടവര്‍ സ്‌റ്റേഷന്‍ ഇസ്‌ലാമിക ഗ്യാലറിയായാണ് വികസിപ്പിക്കുക. ഇവിടെ ഇസ്‌ലാമിക രീതിയിലുള്ള അലങ്കാരങ്ങളും പഴയ കൈയെഴുത്തു പ്രതികളുടെ ഫോട്ടോഗ്രാഫുകളും ഉണ്ടാകും. ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്റ്റേഷന്‍ ഇസ്‌ലാമിക ഭരണ കാലഘട്ടത്തിലെ വിവിധ തരം നാണയങ്ങള്‍ ഉപയോഗപ്പെടുത്തിയാവും മനോഹരമാക്കുക. സ്‌റ്റേഷനില്‍ വന്നിറങ്ങുന്നവര്‍ക്ക് വിവിധ കാലഘട്ടങ്ങളില്‍ അറബ് രാജ്യത്തിന്റെ നേതൃത്വം കൈയാളിയ ഭരണാധികാരികളെക്കുറിച്ചും ആ കാലഘട്ടത്തിലെ സമ്പല്‍ സമൃദ്ധിയെക്കുറിച്ചുമെല്ലാം ബോധ്യപ്പെടാന്‍ ഇത് ഉപകരിക്കും. ബിസിനസ് ബേ സ്റ്റേഷനെ ഫോട്ടോ ഗ്യാലറിയായാവും രൂപകല്‍പ്പന ചെയ്യുക. നൂര്‍ ബേങ്ക് സ്റ്റേഷനെ സമകാലിക കലയുടെ മ്യൂസിയമാക്കി മാറ്റും. ഇതോടൊപ്പം നഗരത്തിലെ പാലങ്ങളും, അടിപാതകളും കാലാസൃഷ്ടികള്‍ ഉപയോഗിച്ച് മനോഹരമാക്കാനും ഇരുവിഭാഗവും ധാരണയില്‍ എത്തിയിട്ടുണ്ട്.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണ് ഇത്തരം ഒരു പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ വ്യക്തമാക്കി. ദുബൈ മെട്രോയെ സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.