മലാപ്പറമ്പ് എ യു പി സ്‌കൂള്‍ തകര്‍ത്ത സംഭവം: നേരിട്ട് തെളിവെടുക്കുന്നതിന് ബാലാവകാശ കമ്മീഷന്‍ പരിശോധനാ നോട്ടീസ് നല്‍കും

Posted on: April 23, 2014 1:39 pm | Last updated: April 23, 2014 at 1:39 pm

കോഴിക്കോട്: മലാപ്പറമ്പ് എ യു പി സ്‌കൂള്‍ ജെ സി ബി ഉപയോഗിച്ച് ഇടിച്ച് നിരത്തിയ സംഭവത്തില്‍ നേരിട്ട് തെളിവെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന്‍ പരിശോധനാ നോട്ടീസ് നല്‍കും.
സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം ജില്ലാ കലക്ടര്‍ക്കും എ ഇ ഒക്കും ഇന്‍സ്‌പെക്ഷന്‍ നോട്ടീസ് നല്‍കുമെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. നസീര്‍ ചാലിയം അറിയിച്ചു. നോട്ടീസ് നല്‍കിയ ശേഷം അന്വേഷണത്തിന്റെ ഭാഗമായി മലാപ്പറമ്പിലെ അധ്യാപകരില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും മറ്റും കമ്മീഷന്‍ മൊഴിയെടുക്കും.
കേരള ബാലാവകാശ കമ്മിഷന്‍ ചട്ടം 38 പ്രകാരമാണ് സ്‌കൂള്‍ പൊളിക്കാനിടയായ സാഹചര്യവും അതിനായി കൈക്കൊണ്ട നടപടികളും കമ്മീഷന്‍ വിശദമായി അന്വേഷിക്കുന്നത്. സ്‌കൂള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മാനേജര്‍ പി കെ പത്മരാജന്‍ സര്‍ക്കാറിലും കോടതിയിലും സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വസ്തുതകള്‍ സംബന്ധിച്ചും ബാലാവകാശ കമ്മീഷന്‍ അന്വേഷിക്കുന്നുണ്ട്.
സ്‌കൂള്‍ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടായിരുന്നോയെന്നും വിദ്യാര്‍ഥികള്‍ കുറവായിരുന്നോയെന്നും സംബന്ധിച്ച് അന്വേഷിച്ച് സര്‍ക്കാറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്റെ തീരുമാനം. ഇത് സംബന്ധിച്ച് അന്വേഷിച്ച് ഈ മാസം 28 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറോടും ജില്ലാ കലക്ടറോടും സിറ്റി പോലീസ് കമ്മീഷണറോടും ഡി ഡി ഇയോടും ആവശ്യപ്പെട്ടതെന്ന് കമ്മീഷന്‍ അറിയിച്ചു. പോലീസിന്റെ അന്വേഷണത്തിന് പുറമെയാണ് കമ്മീഷന്‍ അംഗം നേരിട്ട് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.