ആളിയാറില്‍ നിന്നുള്ള വെള്ളം നനക്കാന്‍ ഉപയോഗിക്കുന്നു

Posted on: April 23, 2014 12:22 am | Last updated: April 23, 2014 at 12:22 am

ചിറ്റൂര്‍: ആളിയാര്‍ ഡാമില്‍ നിന്ന് കുടിവെള്ളത്തിന് അനുവദിക്കുന്ന വെള്ളം തെങ്ങിന്‍തോപ്പ് നനക്കാന്‍ ഉപയോഗിക്കുന്നു. ചിറ്റൂരില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി തമിഴ്‌നാട്ടിലെ ആളിയാര്‍ ഡാമില്‍ നിന്നും അനുവദിച്ച വെള്ളമാണ് കള്ളുചെത്തുന്ന തെങ്ങിന്‍തോട്ടങ്ങള്‍ നനക്കാന്‍ ഉപയോഗിക്കുന്നത്. ഇത് തടയേണ്ട ചിറ്റൂര്‍ പുഴ പദ്ധതി അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 15 വരെ പി എ പി കരാര്‍ പ്രകാരം കേരളത്തിന് വെള്ളത്തിന് അര്‍ഹതയില്ല. എന്നാല്‍, മേഖലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ആളിയാര്‍ ഡാമില്‍ നിന്ന് 50 മുതല്‍ 90 ഘനയടി വെള്ളം നല്‍കുന്നുണ്ട്. കുടിവെള്ളത്തിന് മാത്രമായി സംഭരിക്കുന്ന തടയണകളില്‍ നിന്നാണ് വന്‍കിട മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് തോട്ടം നനക്കുന്നത്. ആളിയാറില്‍ നിന്നും വലതുകര കനാലിലൂടെ 63 ഘനയടി വെള്ളമേ നല്‍കുന്നുള്ളൂ. 130 ഘനയടിയെന്ന തോതില്‍ വലതുകര കനാലിലൂടെ ഒഴുക്കിവിട്ടാല്‍ മാത്രമേ വാലറ്റ പ്രദേശങ്ങള്‍ക്കൊപ്പം തടയണകളും ഏരികളും നിറക്കാനാകു.
നിലവില്‍ കോരയാര്‍ പുഴയിലെ രണ്ട് തടയണകള്‍ മാത്രമേ നിറക്കാനായിട്ടുള്ളൂ. ബാക്കി ‘ഭാഗം വരണ്ടു കിടക്കുകയാണ്. പ്രദേശത്തെ കുഴല്‍ കിണറുകളിലെ ജലനിരപ്പ് താഴ്ന്നതോടെ ഒരു ദിവസം ഒരു മണിക്കൂര്‍ പോലും മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. കൂടാതെ തെങ്ങുകളില്‍ കള്ളിന്റെ നീര്‍വീഴ്ച കുറഞ്ഞതു കാരണം രാഷ്ട്രീയ, ‘ഭരണ സ്വാധീനം ഉപയോഗിച്ച് തോട്ടങ്ങള്‍ നനക്കുകയാണ്. കുടിവെള്ളത്തിനായി നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളം നാളെ വരെ മാത്രമേ കിട്ടുകയുള്ളു. എന്നാല്‍ കിഴക്കന്‍ മേഖലയിലെ മിക്ക’ഭാഗങ്ങളും ഇപ്പോഴും വരള്‍ച്ചയിലാണ്.
നിലവില്‍ മൂലത്തറ റഗുലേറ്ററിലേയും ചിറ്റൂര്‍പുഴ തടയണകളിലെയും വെള്ളം ഉപയോഗിച്ച് ഒരാഴ്ച കൂടി മാത്രമെ കുടിവെള്ളം വിതരണം നടത്താന്‍ കഴിയുകയുള്ളൂവെന്ന ജലവിഭവ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് അധികജലം അനുവദിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തുമെന്ന് ഏപ്രില്‍ ആദ്യവാരത്തില്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല.