Connect with us

Kerala

അധ്യയന വര്‍ഷത്തില്‍ അഞ്ച് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങള്‍

Published

|

Last Updated

കോഴിക്കോട് : പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പുതിയ അധ്യയന വര്‍ഷത്തില്‍ അഞ്ച് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ മാറും. പാഠ്യപദ്ധതി ആധുനികവത്കരിക്കുന്നതിന് സമഗ്രമായ മാറ്റങ്ങള്‍ വരുത്തി ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, പ്ലസ് വണ്‍ ക്ലാസുകളിലെ പുസ്തകങ്ങളാണ് പരിഷ്‌കരിക്കുന്നത്.

പ്ലസ് വണ്‍ ഒഴികെയുള്ള പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിക്കഴിഞ്ഞു. പഠന സഹായത്തിനായി അധ്യാപകര്‍ക്കുള്ള ഹാന്‍ഡ് ബുക്ക് തയ്യാറാക്കുന്ന പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പഠന നിലവാരം ഉയര്‍ത്തുന്നതിന് അനുയോജ്യമായ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളുടെ ഭൗതിക പഠന നിലവാരം ഉയര്‍ത്തുന്നതിനും ചിന്താശേഷി വര്‍ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തില്‍ സിലബസ് പരിഷ്‌കരിക്കുന്നത്.
ഒന്നാം ക്ലാസില്‍ കണക്കിനും മലയാളത്തിനും വ്യത്യസ്ത ടെസ്റ്റ് ബുക്കുകളാണ് ഇത്തവണയുണ്ടാകുക. എല്‍ പി തലത്തില്‍ തന്നെ കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ കൂടുതല്‍ പരിജ്ഞാനം നേടുന്നതിനുള്ള മാറ്റങ്ങള്‍ രണ്ട്, നാല് ക്ലാസുകളിലെ സിലബസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ പാഠഭാഗം കഴിയുമ്പോഴും കുട്ടി എന്തു നേടി എന്നു പരിശോധിക്കാനുള്ള സംവിധാനങ്ങളും സിലബസില്‍ ഉണ്ടാകും. കുട്ടികള്‍ക്ക് കലാ, കായിക വിദ്യാഭ്യാസം നല്‍കുന്നതിനും നാടകം, നൃത്തം, തിയേറ്റര്‍ എന്നിവയെക്കുറിച്ച് മെച്ചപ്പെട്ട അറിവ് ലഭിക്കുന്നതിനും പുതിയ സിലബസ് സാഹായകമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അവകാശവാദം.
പാഠപുസ്തകങ്ങള്‍ പഠനത്തിനായുള്ള ഒരു ഉപകരണം മാത്രമായാണ് കാണുന്നത്. പഠനത്തിനായി പുസ്തകത്തിന് പുറമെ മറ്റു മാര്‍ഗങ്ങളെയും ആശ്രയിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാനുള്ള പരിശീലനവും പുതിയ സിലബസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അധ്യാപകരെ സഹായിക്കാനുള്ള ഹാന്‍ഡ് ബുക്കിലെ ഏറെക്കുറെ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ടെക്സ്റ്റ് പുസ്തകങ്ങളിലൂടെ തന്നെ ലഭിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. കണ്ടിന്യൂവസ് ഇവാലുവേഷന്‍, ടെര്‍മിനല്‍ ഇവാലുവേഷന്‍ എന്നിവയിലൂടെ കുട്ടികളുടെ പഠന പുരോഗതി അപ്പപ്പോള്‍ വിലയിരുത്തും.
പുതിയ സിലബസ് പ്രകാരം വിദഗ്ധരുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ എസ് ആര്‍ ജി പരിശീലനം 25, 26, 27 തീയതികളില്‍ നടക്കും. അടുത്ത മാസം അഞ്ച് മുതലാണ് അധ്യാപകര്‍ക്കുള്ള പരിശീലനം ആരംഭിക്കുക. രണ്ട്, നാല്, ആറ്, എട്ട്, പ്ലസ് ടു ക്ലാസുകളിലെ സിലബസ് അടുത്ത വര്‍ഷം പരിഷ്‌കരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

Latest