Connect with us

Kerala

ഷാനിമോള്‍ക്ക് കെ പി സി സി താക്കീത്; പി രാമകൃഷ്ണന് ഷോക്കോസ്

Published

|

Last Updated

തിരുവനന്തപുരം: കെ പി സി സി നിര്‍വാഹകസമിതി യോഗത്തില്‍ കെ സി വേണുഗോപാലിനെതിരെ വിമര്‍ശം നടത്തിയ ഷാനിമോള്‍ ഉസ്മാനെ പരസ്യമായി താക്കീത് ചെയ്തു. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരും കെ സി വേണുഗോപാലുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പാര്‍ട്ടി കമ്മീഷനെ നിയോഗിക്കണമെന്നായിരുന്നു ഷാനി മോള്‍ ഉസ്മാന്‍ നിര്‍വാഹകസമിതിയില്‍ ആവശ്യപ്പെട്ടത്. വ്യക്തി വിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയ ഷാനിമോള്‍ ഉസ്മാന്റെ നടപടിയില്‍ നിര്‍വാഹകസമിതി യോഗം അതൃപ്തി രേഖപ്പെടുത്തിയതായി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഷാനിമോള്‍ ഉസ്മാനെപ്പോലുള്ള ഉത്തരവാദപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകയില്‍ നിന്ന് ഇത്തരത്തിലൊരു പരാമര്‍ശമുണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ എം പി. കെ സുധാകരനെതിരെ വിവാദപരാമര്‍ശങ്ങള്‍ നടത്തിയ കെ പി സി സി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും നിര്‍വാഹകസമിതി യോഗത്തില്‍ തീരുമാനമായി. സുധാകരനെതിരെ ചില മാധ്യമങ്ങളില്‍ പി രാമകൃഷ്ണന്‍ നടത്തിയ പ്രസ്താവനകളെക്കുറിച്ച് ഡി സി സി പ്രസിഡന്റ് സുരേന്ദ്രന്‍ നല്‍കി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സുധാകരന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും താന്‍ നടത്തിയ ആരോപണങ്ങളല്ല, സുധാകരന്റെ പ്രവൃത്തികളാണ് തോല്‍വിക്ക് കാരണമാകുന്നതെന്നുമായിരുന്നു രാമകൃഷ്ണന്റെ പ്രസ്താവന. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സിലെ വില ഇടിക്കുന്ന തരത്തില്‍ അപ്രസക്തവും അനാവശ്യവുമായ പരസ്യവിവാദങ്ങളിലേക്ക് പോവുമ്പോള്‍ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന സമീപനത്തിന്റെ ഭാഗമായാണ് ഇക്കാര്യം ഗൗരവമായി കാണുന്നതെന്ന് സുധീരന്‍ പറഞ്ഞു.

Latest