ബീഹാറില്‍ പുതിയ തന്ത്രവുമായി ബി ജെ പി

    Posted on: April 22, 2014 6:00 am | Last updated: April 22, 2014 at 12:30 am

    BJPപാറ്റ്‌ന: ബിഹാറില്‍ ശേഷിക്കുന്ന നാല് ഘട്ട തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുന്നതിന് വേണ്ടി ബി ജെ പി അടവ് നയത്തില്‍ മാറ്റം വരുത്തുന്നു. ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയും കോണ്‍ഗ്രസും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയെന്നാണ് ബി ജെ പിയുടെ വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് നരേന്ദ്ര മോദിയുടെ മേല്‍നോട്ടത്തിലാണ് പുതിയ നയത്തിന് രൂപം നല്‍കിയത്.
    ബീഹാറിലെ നാല്‍പ്പത് സീറ്റുകളില്‍ ഇരുപത് സീറ്റെങ്കിലും ബി ജെ പിക്ക് ലഭിക്കേണ്ടത് അത്യാവശ്യമാണ്. 272 സീറ്റുകളെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ബി ജെ പിക്ക് ഈ വിജയം കൂടിയേ തീരു. ബി ജെ പി സഖ്യം വിട്ട നിതീഷ് കുമാറിന്റെ ഐക്യ ജനതാദളാണ് ബി ജെ പിക്ക് ഇപ്പോള്‍ പ്രധാന വെല്ലുവിളി. ഈ വെല്ലുവിളിയും മറികടന്ന് കോണ്‍ഗ്രസിനെയും ലാലുവിനെയും മലര്‍ത്തിയടിച്ച് വിജയത്തിലെത്തുകയെന്നത് ബി ജെ പിക്ക് അഗ്നിപരീക്ഷയാകും. ബി ജെ പിക്ക് സാധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളിലെല്ലാം മോദി നേരിട്ട് പ്രചാരണത്തിനിറങ്ങുന്നുണ്ട്. ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ മത്സരിക്കുന്ന സംവരണ മണ്ഡലമായ സസാരം മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ഥി ചേദി പാസ്വാന് വേണ്ടി പ്രചാരണത്തിന് മോദിയെത്തിയിരുന്നു,
    ഗിരിരാജ് സിംഗിന്റെ നവാഡ മണ്ഡലത്തിലും മോദി പ്രചാരണത്തിനെത്തി. ഇവിടെയും ബി ജെ പിക്ക് ഭീഷണിയായി ഐക്യ ജനതാദള്‍ രംഗത്തുണ്ട്. ശക്തമായ ത്രികോണ മത്സരമാണ് ഈ രണ്ട് മണ്ഡലങ്ങളിലും നടക്കുന്നത്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് സീറ്റുകളില്‍ മൂന്നിലും മോദി പ്രചാരണത്തിനെത്തിയിട്ടുണ്ട്.
    ജഹനാബാദ്, അറ, പാടലീപുത്ര എന്നീ മണ്ഡലങ്ങളില്‍ ആര്‍ ജെ ഡിയും ബി ജെ പിയുമാണ് മത്സരം. ലാലുവിന്റെ വിശ്വസ്തനായിരുന്ന രാം കൃപാല്‍ യാദവും ലാലുവിന്റെ മകള്‍ മിസയുമാണ് പാടലീപുത്രയില്‍ മത്സരിക്കുന്നത്. ആര്‍ ജെ ഡി വിട്ട രാം കൃപാല്‍ യാദവ് ബി ജെ പി ടിക്കറ്റിലാണ് മത്സരിക്കുന്നത്.