തിരുപ്പൂര്‍ നെയ്‌തെടുക്കുന്ന നേതാവാര്?

  Posted on: April 20, 2014 6:00 am | Last updated: April 19, 2014 at 11:58 pm

  cooimbatore

  ഏഷ്യയിലെ തന്നെ വലിയ തുണി വ്യവസായ നഗരിയെന്ന് ഖ്യാതി നേടിയ തിരുപ്പൂരില്‍ വ്യവസായ പ്രതിസന്ധിയും വൈദ്യുതി ക്ഷാമവും തന്നെയാണ് ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിടുന്ന വെല്ലുവിളി. മലയാളികളടക്കം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് ജീവിക്കാന്‍ തിരുപ്പൂരില്‍ കുടിയേറിയിരിക്കുന്നത്. ആദ്യ കാലങ്ങളില്‍ സൗഭാഗ്യം വാരി വിതറിയ തിരുപ്പൂരില്‍ നിന്ന് ഇന്ന് ഉയരുന്നത് കദനകഥകള്‍ മാത്രമാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തോടൊപ്പം വൈദ്യുതി ക്ഷാമവും തുണി വ്യവസായത്തിന്റെ നട്ടെല്ല് ഒടിച്ചിരിക്കുന്നു. ബനിയന്‍ നിര്‍മാണവും റെഡിമെയ്ഡ് വസ്ത്രങ്ങളുമാണ് കൂടുതല്‍ നിര്‍മിക്കുന്നത്. വിദേശ രാജ്യങ്ങളിലടക്കം തിരുപ്പൂര്‍ തുണിയുടെ ഖ്യാതി പ്രസിദ്ധമാണ്. എന്നാല്‍, വസ്ത്ര നിര്‍മാണത്തിനാവശ്യമായ നൂലിന്റെ വിലവര്‍ധനവും ക്ഷാമവും തുണിവ്യവസായത്തിന് ക്ഷതമേല്‍പ്പിച്ചു. ഇതിനെ പുറമെ വൈദ്യുതി ക്ഷാമം കൂടിയായപ്പോള്‍ തുണി വ്യവസായം വന്‍ പ്രതിസന്ധിയിലാണ്. തുണി വ്യവസായത്തിന്റെ തകര്‍ച്ച മലയാളികടക്കം നിരവധി പേരെയാണ് ബാധിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് മലയാളികളാണ് പ്രതിസന്ധിയെ തുടര്‍ന്ന് തിരുപ്പൂര്‍ വിട്ടത്. ഇപ്പോഴുള്ള മലയാളികളടക്കമുള്ളവര്‍ നിലനില്‍പ്പിനായി പൊരുതുന്നു.

  ഇതേ പോരാട്ടമാണ് തിരുപ്പൂരില്‍ ഭരണകക്ഷിയായ എ ഐ എ ഡി എം കെ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്നത്. രണ്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ നിലവിലുള്ള ഗോപിചെട്ടിപാളയത്തിലെ ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ മണ്ഡല പുനര്‍നിര്‍ണയത്തില്‍ തിരുപ്പൂരിനു രൂപം കൊടുത്തത്. തിരുപ്പൂര്‍ നോര്‍ത്ത്, സൗത്ത്, പെരുന്തുറൈ, ഭവാനി, അന്തിയൂര്‍, ഗോപിചെട്ടിപ്പാളയം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് തിരുപ്പൂര്‍ ലോക്‌സഭാ മണ്ഡലം. 2004 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ നിലവിലുണ്ടായിരുന്ന ഗോപിചെട്ടിപാളയത്ത് ആറ് തവണ വിജയം കണ്ടത് എ ഐ എ ഡി എം കെയാണ്. 2009ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിലും എ ഐ എ ഡി എം കെക്കായിരുന്നു വിജയം. 1957, 62, 77, 2004 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ഡി എം കെ മൂന്ന് തവണ ലോക്‌സഭയില്‍ ഗോപിചെട്ടിപാളയത്തെ പ്രതിനിധാനം ചെയ്തു.

  എ ഐ എ ഡി എം കെയുടെ ശക്തികേന്ദ്രമായ ഇവിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി കരുത്തുകാട്ടി. ആറ് മണ്ഡലങ്ങളില്‍ അഞ്ചിലും എ ഐ എ ഡി എം കെ സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ഒരു സീറ്റില്‍ സഖ്യകക്ഷിയായ സി പി എം വിജയം കണ്ടു. വെള്ളാള ഗൗണ്ടര്‍മാര്‍ക്കു നിര്‍ണായക സ്വാധീനമുള്ള ഇവിടെ ഇത്തവണ ശക്തമായ ബഹുകോണ മത്സരമാണ് നടക്കുന്നത്. ഡി എം കെക്കു വേണ്ടി മുതിര്‍ന്ന പ്രവര്‍ത്തകനായ സെന്തില്‍നാഥനാണ് കളത്തിലിറങ്ങിയിരുക്കുന്നത്. എ ഐ എ ഡി എം കെക്കു വേണ്ടി പുതുമുഖമായ വി സത്യഭാമയാണ് രംഗത്തുള്ളത്. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ വി കെ എസ് ഇളങ്കോവനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സഖ്യമില്ലാത്തതിനാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനു വിജയസാധ്യതയില്ലാതിരുന്നിട്ടും സീറ്റ് ചോദിച്ചു വാങ്ങിയാണ് ഇളങ്കോവന്‍ മത്സരിക്കുന്നത്. 2004ല്‍ ഡി എം കെ സഖ്യത്തില്‍ ഇളങ്കോവന്‍ ഗോപിചെട്ടിപാളയത്തു നിന്ന് വിജയിച്ചിരുന്നു. ബി ജെ പി സംഖ്യത്തിലുള്ള ക്യാപ്റ്റന്‍ വിജയകാന്തിന്റെ ഡി എം ഡി കെയാണ് ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. യുവജന വിഭാഗം നേതാവായ എന്‍ ദിനേശ്കുമാറാണ് ഡി എം ഡി കെക്ക് വേണ്ടി മത്സരരംഗത്തുള്ളത്. ഇടതുപക്ഷത്തിനുവേണ്ടി മുന്‍ എം പി. കെ സുബ്ബരായന്‍ മത്സരിക്കും.

  മുമ്പ് കോയമ്പത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സുബ്ബരായന്‍ രണ്ട് തവണ തിരുപ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. തിരുപ്പൂരിലെ ഇന്നത്തെ ദുരവസ്ഥക്ക് എ ഐ ഡി എം കെയാണ് പ്രധാന കാരണമെന്ന് ഡി എം കെയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ളവര്‍ വാദിക്കുമ്പോള്‍ കഴിഞ്ഞ ഡി എം കെ സര്‍ക്കാറിന്റെ ചെയ്തികളുടെ തുടര്‍ക്കഥയാണ് ഇപ്പോഴും പ്രതിസന്ധിക്ക് കാരണമെന്നും അതോടൊപ്പം കേന്ദ്ര സര്‍ക്കാറിന്റെ വികലനയങ്ങളും ചേര്‍ന്നപ്പോള്‍ പ്രതിസന്ധി രൂക്ഷമായെന്നാണ് എ ഐ എ ഡി എം കെയുടെ വാദം. രാഷ്ട്രീയ കക്ഷികള്‍ പരസ്പരം പഴിചാരി വിജയത്തിനായി വിവാദങ്ങള്‍ കൊഴുപ്പിക്കുമ്പോഴും ബാലറ്റിലൂടെ പ്രതികരിക്കാനായി കാത്തിരിക്കുകയാണ് തിരുപ്പൂര്‍ നിവാസികള്‍.