കുട്ടികളുടെ പഠനത്തിനായി മിക്കവരും തുക കരുതുന്നില്ലെന്ന് പഠനം

Posted on: April 19, 2014 10:35 pm | Last updated: April 19, 2014 at 10:49 pm

ദുബൈ: യു എ ഇയില്‍ ജീവിക്കുന്ന രക്ഷിതാക്കളില്‍ ഭൂരിഭാഗവും കുട്ടികളുടെ പഠനത്തിനായി തുക കരുതിവെക്കുന്നില്ലെന്ന് പഠനം. പ്രമുഖ ധനകാര്യ സ്ഥാപനമായ എച്ച് എസ് ബി സിയുടെ ഗ്ലോബല്‍ റിസേര്‍ച്ച് വിംഗ് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 15 രാജ്യങ്ങളില്‍ നിന്നുളള ഉയര്‍ന്ന വരുമാനക്കാരായ 4,500 പേരെ ഉള്‍ക്കൊള്ളിച്ചാണ് പഠനം നടത്തിയത്. യു എ യില്‍ കഴിയുന്നവരില്‍ 20,000 ദിര്‍ഹത്തിന് മുകളില്‍ പ്രതിമാസ ശമ്പളം വാങ്ങുന്നവരെയാണ് സര്‍വേയില്‍ പങ്കെടുപ്പിച്ചത്.
23 വയസിന് താഴെയുള്ള ഒരു കുട്ടിയെങ്കിലുമുള്ള മാതാപിതാക്കളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ എച്ച് എസ് ബി സി വ്യക്തമാക്കി. യു എ ഇയില്‍ നിന്ന് 300 പേരാണ് സര്‍വേയില്‍ പ്രതികരിച്ചത്. ലഭിക്കുന്ന വരുമാനത്തിന്റെ 33 ശതമാനവും പഠനാവശ്യങ്ങള്‍ക്കായാണ് രക്ഷിതാക്കള്‍ ചെലവിടുന്നത്. ആഗോള ശരാശരി 43 ശതമാനമാണ്. അഞ്ചില്‍ നാലു രക്ഷിതാക്കളും കുട്ടികളുടെ വിദ്യഭ്യാസത്തിനായി നല്‍കുന്ന തുക നിക്ഷേപമായാണ് കാണുന്നത്. ഇന്ത്യയില്‍ വരുമാനത്തിന്റെ 73 ശതമാനവും ബ്രിട്ടണില്‍ 48 ശതമാനവുമാണ് മാതാപിതാക്കള്‍ കുട്ടികളുടെ പഠനത്തിനായി ചെലവിടുന്നത്.
യു എ ഇയില്‍ കഴിയുന്ന രക്ഷിതാക്കള്‍ക്ക് മക്കളുടെ ഭാവിയെക്കുറിച്ച് നിറമുള്ള സ്വപ്‌നങ്ങളാണുള്ളത്.് 86 ശതമാനത്തിനും കുട്ടികള്‍ ബിരുദാനന്തര ബിരുദം വരെയെങ്കിലും പഠിക്കണമെന്നാണ്. എന്നാല്‍ ഇതിനായി ബഹുഭൂരിഭാഗത്തിനും വ്യക്തമായ സേവിംഗ് പ്ലാന്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യമെന്ന് സര്‍വേക്ക് നേതൃത്വം നല്‍കിയ എച്ച് എസ് ബി സി ബേങ്ക് മിഡില്‍ ഈസ്റ്റ് ലിമിറ്റഡ് മിന(മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക) മേഖലക്കുള്ള ഹെഡ് ഗിഫോര്‍ഡ് നക്കാജിമ വ്യക്തമാക്കി.
മുന്‍കൂട്ടി കരുതിവെക്കാത്തതിനാലാണ് വരുമാനത്തിന്റെ സിംഹഭാഗവും വിദ്യാഭ്യാസത്തിനായി ചെലവിടേണ്ടി വരുന്നത്. ഇത്തരക്കാര്‍ക്ക് ആവശ്യമായി ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും എച്ച് എസ് ബി സിയുടെ നേതൃത്വത്തില്‍ നല്‍കുന്നതായും നക്കാജിമ പറഞ്ഞു.