ആളിയാറില്‍നിന്ന് ജലം ലഭിച്ചില്ലെങ്കില്‍ കുടിവെള്ളം മുട്ടും

Posted on: April 19, 2014 12:41 pm | Last updated: April 19, 2014 at 8:41 am

പാലക്കാട്: ആളിയാര്‍ ഡാമില്‍ നിന്നും വെള്ളം വേണമെന്ന കേരളത്തിന്റെ ആവശ്യം ശക്തമാകുന്നു. വെള്ളം ലഭിച്ചില്ലെങ്കില്‍ ചിറ്റൂര്‍ പുഴയെ ആശ്രയിച്ചുള്ള 12 കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനവും രണ്ട് ലക്ഷം പേരുടെ കുടിവെള്ളവും അവതാളത്തിലാകും. നിലവില്‍ ഈ മാസം 24 വരെയാണ് തമിഴ്‌നാട് വെള്ളം നല്‍കുക. പറമ്പിക്കുളം ആളിയാര്‍ പദ്ധതി പ്രകാരം ഈ മാസം ഒന്ന് മുതല്‍ അടുത്ത മാസം 15 വരെ കേരളത്തിന് വെള്ളം നല്‍കേണ്ടതില്ല എന്നായിരുന്നു കരാര്‍. എന്നാല്‍, കുടിവെള്ളക്ഷാമം പരിഗണിച്ച് ഉദ്യോഗസ്ഥതലത്തില്‍ നടന്ന ചര്‍ച്ചയെതുടര്‍ന്ന് ഈ മാസം 24 വരെ 90 ക്യൂസെക്‌സ് വെള്ളം ചിറ്റൂര്‍ പുഴയിലേക്ക് തുറന്നുവിടാന്‍ തമിഴ്‌നാട് സമ്മതിക്കുകയായിരുന്നു. 24 ന് ശേഷം വെള്ളം ലഭിക്കണമെങ്കില്‍ കേരളം തമിഴ്‌നാടുമായി ചര്‍ച്ച നടത്തണം. വരള്‍ച്ച അവലോകനയോഗത്തിന് പാലക്കാട്ടെത്തിയ മന്ത്രി പി ജെ ജോസഫിനോടും ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ അനുകൂല നടപടിയൊന്നും ഉണ്ടായില്ല.
ചിറ്റൂര്‍ പുഴയില്‍ നേരിയതോതിലെങ്കിലും നീരൊഴുക്ക് നിലനിര്‍ത്തിയില്ലെങ്കില്‍ പുഴയെ ആശ്രയിച്ചുള്ള 12 കുടിവെള്ളപദ്ധതികളുടെ പ്രവര്‍ത്തനം അവതാളത്തിലാകും. ഒപ്പം രണ്ട് ലക്ഷം പേര്‍ക്കു കുടിവെള്ളം മുടങ്ങും. മാത്രമല്ല ചിറ്റൂര്‍ പുഴയിലെ നീരൊഴുക്കിനെ ആശ്രയിച്ചാണ് ഭാരതപ്പുഴയുടെ നിലനില്‍പ്പ്. തുലാവര്‍ഷത്തോടൊപ്പം വേനല്‍മഴയും കൈവിട്ടതോടെ 24 ന് ശേഷം കുടിവെള്ളത്തിനായി ഇനി തമിഴ്‌നാടിന്റെ കനിവിനായി കാത്തിരിക്കണം. പറമ്പിക്കുളംആളിയാര്‍ കരാര്‍പ്രകാരം ഈ മാസം ഒന്ന് മുതല്‍ അടുത്ത മാസം 15 വരെ തമിഴ്‌നാട്ടിലെ ആളിയാര്‍ഡാമില്‍ നിന്ന് സംസ്ഥാനത്തിന് വെള്ളം നല്‍കേണ്ടതില്ല. വേനല്‍മഴ പ്രതീക്ഷിച്ച തോതില്‍ ലഭിക്കാതെ വന്നത് പ്രദേശത്തുണ്ടാക്കിയ രൂക്ഷമായ കുടിവെള്ള പ്രശ്‌നം ചൂണ്ടിക്കാട്ടി സംസ്ഥാന ജലവിഭവ വകുപ്പ് അധികൃതര്‍ തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരോട് അനൗദ്യോഗിക ചര്‍ച്ച നടത്തി 100 ഘനയടി വെള്ളം ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം ഒന്ന് മുതല്‍ 24 വരെ 8090 ഘനയടി എന്ന തോതില്‍ വെള്ളം വിട്ടുനല്‍കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്നാണ് നിലവില്‍ വെള്ളം നല്‍കിവരുന്നത്.
കഴിഞ്ഞ ദിവസം മഴവെള്ളം 116 ഘനയടി വെള്ളം മൂലത്തറ റെഗുലേറ്ററില്‍ ഒഴുകിയെത്തിയിരുന്നു. 24ന് ശേഷം ആളിയാറില്‍ നിന്ന് വെള്ളം ലഭ്യമായില്ലെങ്കില്‍ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുമെന്ന് ജലവിഭവ വകുപ്പ് അധികൃതര്‍ തന്നെ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. മൂലത്തറ റെഗുലേറ്ററിലെയും ചിറ്റൂര്‍ പുഴയില്‍ കുടിവെള്ള പദ്ധതികള്‍ക്കായി ജല അഥോറിറ്റി നിര്‍മിച്ച തടയണകളിലെയും വെള്ളം ഒരാഴ്ച ഉപയോഗിക്കാന്‍ മാത്രമേ കഴിയൂ. പിന്നീട് പ്രദേശവാസികളുടെ ദാഹമകറ്റണമെങ്കില്‍ തമിഴ്‌നാടിന്റെ കനിവിനായി കാത്തിരിക്കണം. തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ നടത്തിയാല്‍ മാത്രമേ സാധ്യമാകൂ എന്ന് ജലവിഭവ വകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം, 24 ന് തമിഴ്‌നാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ അന്തര്‍സംസ്ഥാന നദീജല കരാറുമായി ബന്ധപ്പെട്ട ചര്‍ച്ച പെരുമാറ്റച്ചട്ട ലംഘനമാകുമോ എന്ന ആശങ്കയും ഇല്ലാതില്ല.
ജൂണ്‍ ഒന്ന് മുതല്‍ ജുലൈ 31 വരെയുള്ള ജലവര്‍ഷത്തില്‍ പി—എ—പി കരാര്‍ പ്രകാരം 7.—25 ടി എം—സി വെള്ളമാണ് ആളിയാറില്‍ നിന്ന് ലഭിക്കേണ്ടത്. കരാര്‍ പ്രകാരം ജൂണ്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ 6.35 ടി—എം—സി വെള്ളമാണ് കേരളത്തിന് ലഭിക്കേണ്ടത്. എന്നാല്‍, ഇക്കാലയളവില്‍ 650 ദശലക്ഷം ഘനയടി വെള്ളം അധികമായി ലഭിച്ചിട്ടുണ്ട്. തുലാവര്‍ഷം കുറവായതിനാല്‍ പ്രദേശത്തെ കൃഷിയെ സംരക്ഷിച്ചെടുക്കുന്നതിനാണ് കരാറില്‍ നിന്ന് അധികമായി വെള്ളം വാങ്ങിയെടുത്തത്.
കരാര്‍ പ്രകാരം 1.2 ടി—എം—സി വെള്ളം മാത്രമാണ് കിട്ടാനുള്ളത്. അടുത്ത മാസം 16 മുതല്‍ ജൂണ്‍ 30 വരെ ലഭിക്കുന്ന ബാക്കി വെള്ളം ഒന്നാം വിള നെല്‍കൃഷിക്ക് നിലം ഒരുക്കുന്നതിനാണ് ഉപയോഗിച്ചുവരുന്നത്. 0.7 ടി—എം സി വെള്ളം സംഭരിച്ചിട്ടുള്ള ആളിയാര്‍ ഡാമില്‍ നിന്ന് കുടി വെള്ളത്തിനായി ഈ മാസം 24ന് ശേഷം വെള്ളം വാങ്ങിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ട അധികൃതര്‍.