Connect with us

International

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന് വിട: ഭാവനാലോകം ഏകാന്തതയില്‍

Published

|

Last Updated

_74314179_6044d555-a4cd-4bee-8f74-87da375f67e0മെക്‌സിക്കോ സിറ്റി: മാന്ത്രിക യാഥാര്‍ഥ്യത്തിന്റെ ആഴവും പരപ്പും വാക്കുകളില്‍ ആവാഹിച്ച ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് വിടവാങ്ങുമ്പോള്‍ ബാക്കിയാക്കുന്നത് കോടിക്കണക്കായ വായനക്കാരന്റെ ഉള്ളിലെ ഭാവനാ സമ്രാജ്യങ്ങളാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30ന് (പ്രാദേശിക സമയം ഉച്ചക്ക്)മെക്‌സിക്കോ സിറ്റിയുടെ പ്രാന്തപ്രദേശത്തുള്ള വസതയിലാണ് മാര്‍കേസ് കഥാവശേഷനായത്. ലാറ്റിനമേരിക്കയുടെ അതിവൈകാരികതയും അന്ധവിശ്വാസങ്ങളും പകയും അസമത്വം സൃഷ്ടിച്ച അമര്‍ഷവും തീവ്ര പ്രണയവുമെല്ലാം തന്റെ മിത്തിക്കല്‍ എഴുത്തുകൊണ്ട് ലോകത്തിന്റെയാകെ അനുഭവമാക്കി മാറ്റിയ എഴുത്തുകാരനാണ് നൊബേല്‍ സമ്മാന ജേതാവായ മാര്‍കേസ്. ശ്വാസ കോശ സംബന്ധമായ അസുഖവും മൂത്രാശയ രോഗങ്ങളും മറവിരോഗവും എല്ലാംചേര്‍ന്ന് കടുത്ത രോഗപീഡയിലായിരുന്നു അദ്ദേഹം. 87 വയസ്സായിരുന്നു.
സ്പാനിഷ് ആയിരുന്നു മാര്‍കേസിന്റെ ഇഷ്ടഭാഷ. പക്ഷേ എഴുതുന്ന ഭാഷ മറികടന്ന് മാര്‍കേസിന്റെ രചനാകൗശലം ലോകത്തെ ഏതാണ്ടെല്ലാ ഭാഷകളിലേക്കും മൊഴിമാറ്റങ്ങളായി പരന്നു. അതത് ഭാഷകളിലെ ഏറ്റവും പ്രതിഭാധനര്‍ തന്നെ മാര്‍കേസിനെ മൊഴിമാറ്റാന്‍ മത്സരിച്ചു. അങ്ങനെയാണ് മലയാളിക്ക് മാര്‍കേസ് മറ്റൊരു നാട്ടുകാരനല്ലാതായി മാറിയത്. എഴുപതുകളിലെയും എണ്‍പതുകളിലെയും കേരളീയ ക്യാമ്പസുകള്‍ മാര്‍കേസിനെ കൊണ്ടാടി. എം ടി വാസുദേവന്‍ നായര്‍ അടക്കമുള്ള അക്കാലത്തിന്റെ എഴുത്തുകാരെല്ലാം മാര്‍കേസിന്റെ ഭാവനാ ലോകങ്ങളില്‍ നിന്ന് പ്രചോദിതരായവരാണ്. ഏറ്റക്കുറച്ചലുകളുണ്ടെങ്കിലും പുതിയ തലമുറയിലെ വായനക്കാരും മാര്‍കേസിനെ തങ്ങളുടെ വായനാപുറത്തേക്ക് ആവേശപൂര്‍വം വിളിക്കുന്നു, കൂട്ടുകൂടുന്നു.
1967ല്‍ പുറത്തിറങ്ങിയ “വണ്‍ ഹണ്‍ഡ്രഡ് ഇയേര്‍സ് ഓഫ് സോളിറ്റിയൂഡ്” 50 ദശലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്. 25 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. “ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളായി മലയാളത്തില്‍ ഈ നോവല്‍ പിറന്നപ്പോള്‍ ഒരു നോവലിനും കിട്ടാത്ത സ്വീകരണമാണ് ലഭിച്ചത്. മാര്‍ക്ക് ട്വെയിനും ചാള്‍സ് ഡിക്കന്‍സിനുമൊപ്പമാണ് ചില നിരൂപകര്‍ മാര്‍കേസിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. മക്കോണ്ടോ എന്ന സാങ്കല്‍പ്പിക ഗ്രാമത്തെ കേന്ദ്രീകരിച്ച് മാര്‍കേസ് സൃഷ്ടിച്ച പ്രതീതി ലോകം ഇങ്ങ് കേരളത്തില്‍ വരെ വായനക്കാരന്റെ ഭാവനയില്‍ പുനര്‍സൃഷ്ടിക്കപ്പെടുകയായിരുന്നു.
“കോളറാ കാലത്തെ പ്രണയം”, “കുലപതിയുടെ ശരത്കാലം”, “കപ്പല്‍ച്ഛേദത്തിലെ നാവികന്റെ കഥ” തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ക്ക് 1982ല്‍ നൊബേല്‍ സമ്മാനം ലഭിച്ചു. “ലിവിംഗ് ടു ടെല്‍ എ ടെയില്‍” ആണ് ആത്മകഥ.
1929ല്‍ കൊളംബിയയിലെ മാഗ്ഡലീനിയിലെ അരക്കറ്റാക്ക എന്ന നദീതീര പട്ടണത്തില്‍ ജനനം. പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചെറുകഥകളിലാണ് എഴുത്തു ജീവിതം തുടങ്ങിയത്. മെര്‍സിഡസ് ബാര്‍ക്കയാണ് ഭാര്യ. റോഡ്രിഗോ ഗാര്‍സിയയും ഗോണ്‍സാലോ ഗാര്‍സിയയുമാണ് മക്കള്‍.
ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോയുമായുള്ള ഗാര്‍സിയ മാര്‍കേസിന്റെ സൗഹൃദം അതീവചാരുതയുള്ള മറ്റൊരു രചന പോലെ ഗാഢമായിരുന്നു. തന്റെ എഴുത്തിനെ ആഴത്തില്‍ സ്വാധീനിച്ച വ്യക്തിയാരെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂവെന്ന് അത് ഫിദല്‍ ആണെന്ന് മാര്‍കേസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നും ഇടതുപക്ഷത്ത് ഓരം ചേര്‍ന്നു നടന്നു മാര്‍കേസ്.
ഒടുവില്‍ തന്റെ രചനാ ലോകം ബാക്കിയാക്കി മാര്‍കേസ് വിടവാങ്ങിയിരിക്കുന്നു. എഴുത്തില്‍ നിറവും മണവും രുചിയും ഒളിപ്പിച്ചു വെക്കാന്‍ അപാരമായ ശേഷിയുള്ള മനുഷ്യനാണ് അസ്തമിക്കുന്നത്. മാജിക്കല്‍ റിയലിസത്തിന്റെ ആശാന്‍. കണ്ട ലോകത്തെക്കുറിച്ചല്ല, കണ്ടിട്ടേയില്ലാത്ത ലോകത്തെ കണ്ടപോലെ എഴുതുകയായിരുന്നു അദ്ദേഹം. അവിടെ ഒരിക്കലും കാണാത്ത നിറങ്ങളുണ്ട്. ഒരിക്കലും കേള്‍ക്കാത്ത ശബ്ദങ്ങളും.