Connect with us

Gulf

ശൈഖ് മുഹമ്മദിന്റെ പുസ്തകം ഹിന്ദിയില്‍

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പുസ്തകം ഇന്ത്യയുടെ രാഷ്ട്ര ഭാഷയായ ഹിന്ദിയില്‍ ഇറങ്ങി. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ഏറെ സന്തോഷവും അഭിമാനവും നല്‍കുന്ന വാര്‍ത്തയായിരിക്കയാണ് പുസ്തകത്തിന്റെ ഹിന്ദി പതിപ്പ്.
രാജ്യത്തെ മികച്ച കവികളില്‍ ഒരാള്‍ കൂടിയായ ശൈഖ് മുഹമ്മദിന്റെ ഫഌഷസ് ഓഫ് തോട്ട്(ചിന്തയുടെ മിന്നലാട്ടങ്ങള്‍) എന്ന പുസ്തകമാണ് ഹിന്ദിയിലൂടെ ഇന്ത്യന്‍ മനസിലേക്ക് കൂടുതല്‍ ചേക്കേറാന്‍ ഒരുങ്ങുന്നത്. വിചാരോം കി ധാര(ചിന്തകളുടെ സരണി) എന്ന പേരിലാണ് ശൈഖ് മുഹമ്മദിന്റെ ചിന്തകളും രാഷ്ട്രത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളും സങ്കല്‍പ്പങ്ങളും ഉള്‍ക്കൊള്ളുന്ന പുസതകം പുറത്തിറങ്ങിയിരിക്കുന്നത്. ആരും അകമഴിഞ്ഞ് സ്‌നേഹിച്ചുപോകുന്ന മഹാനായ രാഷ്ട്ര നേതാവിന്റെ പുഞ്ചിരി പൊഴിക്കുന്ന മുഖം ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകത്തിന്റെ പുറം ചട്ട ഏറെ ആകര്‍ഷകമാണ്.
മോട്ടിവേറ്റ് പബ്ലിഷിംഗ് കമ്പനിയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, മോട്ടിവേറ്റ് പബ്ലിഷിംഗ് ഗ്രൂപ്പ് എഡിറ്ററും മാനേജിംഗ് പാര്‍ട്ണറുമായ ഇയാന്‍ ഫെയര്‍സെര്‍വീസ്, ഇന്ത്യാ ക്ലബ്ബ് ചെയര്‍മാന്‍ റാം ബുക്‌സാനി എന്നിവര്‍ ചേര്‍ന്നാണ് ദുബൈയില്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്.
ഇന്ത്യയുടെ അഭിമാനം ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തിലെത്തിയെന്നാണ് പുസ്തകം വായിച്ച അനുരാഗ് ഭൂഷണ്‍ ചടങ്ങില്‍ പറഞ്ഞത്. 1970 കളില്‍ മണല്‍ക്കാടായിരുന്ന ഒരു പ്രദേശം ഇത്രയും പുരോഗതി ആര്‍ജിച്ചത് ചിട്ടയായ പദ്ധതികളും സ്വപ്‌നതുല്യമായ വീക്ഷണവും കൈമുതലാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കും യു എ ഇക്കും ഇടയിലുള്ള സാമൂഹികവും സാംസ്‌കാരികവും കച്ചവടപരവുമായ ബന്ധത്തിന്റെ രേഖാചിത്രമാണ് പുസ്തകമെന്ന് പ്രസാധകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
അറബിക്കൊപ്പം ഇംഗ്ലീഷ്, സ്പാനിഷ്, പാര്‍സി, ഫ്രഞ്ച്, മണ്ടാരിന്‍ എന്നീ ഭാഷകളിലും പുസ്തകം ബെസ്റ്റ് സെല്ലറായി മാറിയിരിക്കയാണ്. ഹിന്ദി പതിപ്പിനും മികച്ച പ്രതികരണമാണ് പ്രസാധകര്‍ പ്രതീക്ഷിക്കുന്നത്.

 

Latest