Connect with us

International

കൊറിയന്‍ ബോട്ടപകടം: മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ തടസ്സപ്പെട്ടു

Published

|

Last Updated

സിയോള്‍: ദക്ഷിണ കൊറിയയില്‍ യാത്രാ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ വൈകുന്നു. മോശം കാലാവസ്ഥയും കലങ്ങിയ വെള്ളവും മൂലം തിരച്ചിലിന് തടസ്സം നേരിട്ടിരിക്കുകയാണ്. അതേസമയം പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് അടിയന്തര രക്ഷാ പ്രവര്‍ത്തകര്‍ കാണാതായ 287 ആളുകള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ബോട്ടിലുണ്ടായിരുന്നവരില്‍ 179 പേരെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതുവരെ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചുവെന്നാണ് സ്ഥിരീകരിച്ചത്. ദുരന്ത സ്ഥലം സന്ദര്‍ശിച്ച തെക്കന്‍ കൊറിയയുടെ പ്രസിഡന്റ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളിലെ ഓരോ മിനുട്ടും സെക്കന്‍ഡും വളരെ വിലപ്പെട്ടതാണെന്ന് രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ ചൂണ്ടിക്കാട്ടി. ബോട്ട് മുങ്ങി കാണാതാതയവരില്‍ റഷ്യക്കാരും ചൈനക്കാരും ഉള്‍പ്പെട്ടതായി തെക്കന്‍ കൊറിയയിലെ യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ശക്തമായ കാറ്റും തിരമാലകളും മൂലം അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാന്‍ രക്ഷാപ്രവര്‍ത്തകര്‍ വളരെ പ്രയാസം നേരിടുകയാണ്. സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്നും ബോട്ടിനുള്ളിലേക്ക് ഇതുവരെ കടക്കാനായിട്ടില്ലെന്നും ഓരോ നിമിഷം കഴിയും തോറും ആരെങ്കിലും ജീവനോടെ ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞുവരുകയാണെന്നും സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ താത്പര്യമുള്ള സാധാരണക്കാര്‍ക്ക് അനുമതി നല്‍കുമെന്നും വെള്ളത്തിനടിയില്‍ കാണാന്‍ കഴിയുന്ന ക്യാമറകള്‍ എത്തുന്നതോടെ രക്ഷാപ്രവര്‍ത്തനം കുടുതല്‍ എളുപ്പമാകുമെന്നും ജിന്‍ഡോയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിം പറഞ്ഞു.
ഇപ്പോള്‍ 500 മുങ്ങല്‍ വിദഗ്ധരും 171 ബോട്ടുകളും 29 വിമാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ദുരന്തത്തിലിരയായവരുടെ ബന്ധുക്കള്‍ ജിന്‍ഡോ ദ്വീപില്‍ ഒരുമിച്ചുകൂടിയിരിക്കുകയാണ്. ബോട്ട് അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമായിട്ടില്ല. ഇതേ കുറിച്ചുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ബോട്ടിന്റെ ക്യാപ്റ്റനെ പോലീസ് ചോദ്യം ചെയ്തു. തന്നോട് ക്ഷമിക്കണമെന്നും എന്തു പറയണമെന്ന് തനിക്കറിയില്ലെന്നും ക്യാപ്റ്റന്‍ പോലീസിനോട് പറഞ്ഞു. അവസാന കണക്ക് പ്രകാരം 475 പേര്‍ ബോട്ടിലുണ്ടായിരുന്നു. ഇതില്‍ 287 ആളുകള്‍ അപകടത്തിനിരയായെന്നാണ് വിലയിരുത്തപ്പെടുന്നത്. അപകടത്തില്‍പ്പെട്ട ആളുകളുടെ എണ്ണത്തെ കുറിച്ച് സര്‍ക്കാര്‍ നല്‍കിയ വ്യത്യസ്ത വിവരങ്ങള്‍ കൂടുതല്‍ വിമര്‍ശം വിളിച്ചുവരുത്തിയിട്ടുണ്ട്.

Latest