പിലിക്കോട് പഞ്ചായത്തില്‍ സമ്പൂര്‍ണ വിജയം

Posted on: April 17, 2014 12:02 am | Last updated: April 16, 2014 at 10:17 pm

തൃക്കരിപ്പൂര്‍: കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയുടെ ഫലം ഇന്നലെ പുറത്തുവന്നപ്പോള്‍ പിലിക്കോട് പഞ്ചായത്തിലെ സ്‌കൂളിന് അഭിമാനകരമായ നേട്ടം.
പഞ്ചായത്തിലെ പരീക്ഷക്ക് ഇരുത്തിയ മൂന്നു സ്‌കൂളുകളും നൂറു ശതമാനം വിജയം കൈവരിച്ചു. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ ഹൈസ്‌കൂള്‍, വെള്ളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയാണ് നൂറു ശതമാനം വിജയം കൈവരിച്ച പഞ്ചായത്തിലെ സ്‌കൂളുകള്‍. പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ഥികളും വിജയിച്ചത് പ്രദേശത്തിന് കൂടി അഭിമാനമായി. തുടര്‍ച്ചയായി നാലാം തവണയും നൂറു ശതമാനം വിജയം കൈവരിച്ചുകൊണ്ടാണ് പിലിക്കോട് സി കൃഷ്ണന്‍ നായര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മികവ് നിലനിര്‍ത്തിയത്. പരീക്ഷയെഴുതിയ എല്ലാ കുട്ടികളെയും വിജയിപ്പിച്ചുകൊണ്ടാണ് പിലിക്കോട് സ്‌കൂള്‍ വിജയയാത്ര തുടരുന്നത്. 132 കുട്ടികള്‍ പരീക്ഷയെഴുതി. ഇതില്‍ ആണ്‍കുട്ടികള്‍ 65, പെണ്‍കുട്ടികള്‍ 67.20 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്. കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ പരീക്ഷയെഴുതിയ 116 കുട്ടികളും വിജയിച്ചു. 11 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. വെള്ളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും പരീക്ഷയെഴുതിയ 34 കുട്ടികളും വിജയിച്ച് നൂറ് ശതമാനം വിജയം നേടി.
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ സൗത്ത് തൃക്കരിപ്പൂര്‍ സ്‌കൂളും നൂറു ശതമാനം വിജയം കരസ്ഥമാക്കി.പരീക്ഷയെഴുതിയ 113 വിദ്യാര്‍ഥികളും വിജയിച്ചു. മൂന്ന് എ പഌസും നേടി.
ഒരു വിദ്യാര്‍ഥി പരാജയപ്പെട്ടതിനാല്‍ ഇത്തവണയും തൃക്കരിപ്പൂര്‍ ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നൂറു ശതമാനം വിജയം നഷ്ടപെട്ടു. 182 പേര്‍ പരീക്ഷയെഴുതിയതില്‍ 181 പേര്‍ വിജയിച്ചു. ഉദിനൂര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 99 ശതമാനമാണ് വിജയം. ആകെ പരീക്ഷയെഴുതിയ 278 കുട്ടികളില്‍ 275 പേര്‍ വിജയിച്ചു. 24 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. തുടര്‍ച്ചയായി അഞ്ചാം തവണയും നൂറു ശതമാനം വിജയം നേടിക്കൊണ്ട് ജൈത്രയാത്ര തുടരുകയാണ്. കയ്യൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഇവിടെനിന്ന് പരീക്ഷയെഴുതിയ 111 വിദ്യാര്‍ഥികളും വിജയിച്ചു. 9 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. ചീമേനി ഹയര്‍ സെക്കന്‍ഡറിയില്‍ 98 ശതമാനമാണ് വിജയം. ചെറുവത്തൂര്‍ കുട്ടമത്ത് സ്‌കൂളില്‍ 154 പേര്‍ പരീക്ഷയെഴുതിയതില്‍ 153 പേര്‍ വിജയിച്ചു.19 എ പ്ലസ്. കാടങ്കോട് സ്‌കൂളില്‍ 227 പേരില്‍ 11 കുട്ടികള്‍ പരാജയപ്പെട്ടു. ഇവിടുത്തെ ഇംഗ്ലീഷ് മീഡിയം വിഭാഗത്തില്‍ 68 പേരില്‍ രണ്ടുപേരൊഴികെ മറ്റെല്ലാവരും വിജയിച്ചു. കൈക്കോട്ട് കടവ് ഹൈസ്‌കൂളിലും നൂറു ശതമാനം വിജയം നേടി. 143 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്.