വരാപ്പുഴയില്‍ ടൂറിസ്റ്റ് ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു

Posted on: April 16, 2014 9:05 am | Last updated: April 18, 2014 at 7:43 am

accidentപറവൂര്‍: വരാപ്പുഴ പാലത്തിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ക്ലീനര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി തമ്പിയാണ് (34) മരിച്ചത്. ഡ്രൈവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു അപകടം. പാലത്തിനു സമീപം അപ്രോച്ച് റോഡിന്റെ കിഴക്കുഭാഗത്ത് പത്തടിയോളം താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു.

രണ്ടു തവണ തകിടം മറിഞ്ഞ ബസിനുള്ളില്‍ ജീവനക്കാര്‍ ഇരുവരും കുടുങ്ങി. തമ്പിയുടെ ശിരസിനും നട്ടെല്ലിനും ഗുരുതരമായ പരിക്കേറ്റിരുന്നു. ബസിനുള്ളില്‍ നിന്ന് പുറത്തെടുത്തപ്പോഴേക്കും തമ്പി മരിച്ചു. എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബസിന്റെ നിയന്ത്രണം വിട്ടതാണെന്നാണ് ഡ്രൈവര്‍ പറയുന്നത്. ഏരൂര്‍, ഗാന്ധി നഗര്‍ ഫയര്‍സ്‌റ്റേഷനുകളില്‍ നിന്നെത്തിയ റിക്കവറി വാനുപയോഗിച്ച് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കുകയായിരുന്നു.

കൊടുങ്ങല്ലൂരില്‍ നിന്നും വൈറ്റിലയിലേക്ക് പോകുകയായിരുന്ന ഗ്രീന്‍ ബേര്‍ഡ് എന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് വരാപ്പുഴ-എറണാകുളം റൂട്ടില്‍ രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.