ഊട്ടി പര്‍വത തീവണ്ടിക്ക് ഒരു ബോഗികൂടി ഘടിപ്പിക്കും

Posted on: April 15, 2014 10:28 am | Last updated: April 15, 2014 at 10:28 am

ഗൂഡല്ലൂര്‍: ഊട്ടി പൈതൃക തീവണ്ടിക്ക് ഒരു ബോഗികൂടി ഘടിപ്പിക്കാന്‍ റെയില്‍വേവകുപ്പ് തീരുമാനിച്ചതായി ഉന്നത റെയില്‍വേ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനായി തിരുച്ചിയില്‍ നിന്ന് പുതിയ എന്‍ജിന്‍ കൊണ്ടുവന്നിട്ടുണ്ട്. കുന്നൂര്‍-മേട്ടുപാളയം റെയില്‍പാതയിലാണ് ബോഗി ഘടിപ്പിക്കുക. സീസണ്‍ പ്രമാണിച്ചാണ് പുതുതായി ഒരു ബോഗികൂടി ഘടിപ്പിക്കുന്നത്. ഇപ്പോള്‍ മൂന്ന് ബോഗികളാണ് സര്‍വീസ് നടത്തുന്നത്. ഊട്ടി-കുന്നൂര്‍ റെയില്‍പാതയില്‍ ഇപ്പോള്‍ അഞ്ച് ബോഗികളാണ് സര്‍വീസ് നടത്തുന്നത്. യനെസ്‌കോയുടെ പൈതൃക പദവി ലഭിച്ച നീലഗിരി പര്‍വത തീവണ്ടി യാത്രക്കായി ദിനംപ്രതി നൂറുക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ഇപ്പോള്‍ തന്നെ ട്രെയിന്‍ ടിക്കറ്റിന്റെ ബുക്കിംഗ് പൂര്‍ത്തിയായിട്ടുണ്ട്. പര്‍വത തീവണ്ടി 1899 ജൂണ്‍ 15നാണ് മേട്ടുപാളയം-കുന്നൂര്‍ പാതയില്‍ ഓടിത്തുടങ്ങിയത്. 1908 സെപ്തംബര്‍ 16ന് കുന്നൂര്‍ മുതല്‍ ഫേണ്‍ഹില്‍ വരെയും ഒക്‌ടോബര്‍ 15ന് ഊട്ടിവരെയും ഓടിത്തുടങ്ങി. മേട്ടുപാളയം മുതല്‍ ഊട്ടി വരെയുള്ള 46 കിലോമീറ്റര്‍ പാതയില്‍ 16 തുരങ്കങ്ങളും 200 കൊടും വളവുകളും 250 പാലങ്ങളുമുണ്ട്.