Connect with us

Sports

ബാഴ്‌സ-റയല്‍ ഫൈനല്‍ നാളെ

Published

|

Last Updated

മാഡ്രിഡ്: സ്പാനിഷ് കിംഗ്‌സ് കപ്പ് ഫൈനലില്‍ നാളെ റയല്‍മാഡ്രിഡും ബാഴ്‌സലോണയും നേര്‍ക്കുനേര്‍. ലാ ലിഗയിലെ എല്‍ ക്ലാസികോയില്‍ ജയിച്ചതാണ് ബാഴ്‌സലോണക്ക് ആത്മവിശ്വാസമേകുന്നത്.
എന്നാല്‍, ചാമ്പ്യന്‍സ് ലീഗില്‍ സെമി കാണാതെ പുറത്തായതും ലാ ലിഗയില്‍ ഗ്രനഡയോട് തോറ്റ് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ബാഴ്‌സയുടെ വീര്യം ചോദ്യം ചെയ്യുന്നു. റയല്‍മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക് മുന്നേറുകയും ലാ ലിഗ കിരീടപ്പോരില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം സജീവമായി തുടരുകയും ചെയ്യുന്നു. എന്നാല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പരുക്ക് റയലിന് തിരിച്ചടിയാണ്. ഫൈനലില്‍ സൂപ്പര്‍ താരം കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നായി 45 ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോയുടെ അഭാവം ബാഴ്‌സക്ക് ആശ്വാസമാകും.
മെസി, നെയ്മര്‍, ഫാബ്രിഗസ്, ഷാവി, ഇനിയെസ്റ്റ എന്നിവരെല്ലാം ഒരുമിച്ചിറങ്ങിയിട്ടും ബാഴ്‌സക്ക് രക്ഷയില്ലാത്ത അവസ്ഥയാണിപ്പോള്‍. കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോയുടെ സ്ഥാനം ഇളകിത്തുടങ്ങി. പോകുന്നതിന് മുമ്പ് ഒരു കിരീടം. അത് മാത്രമാകും മാര്‍ട്ടിനോയുടെ ലക്ഷ്യം.