വകുപ്പ് മാറ്റവും കാബിനറ്റ് റാങ്കും ആര്‍ എസ് പി ആവശ്യപ്പെടും

Posted on: April 15, 2014 12:41 am | Last updated: April 15, 2014 at 12:41 am

തിരുവനന്തപുരം: ഇരു ആര്‍ എസ് പികളും ലയിച്ച് യു ഡി എഫില്‍ കൂടുതല്‍ അവകാശവാദം ഉന്നയിക്കാന്‍ ഒരുങ്ങുന്നു. പാര്‍ട്ടിക്ക് അനുവദിച്ച വകുപ്പ് മാറ്റം മുതല്‍ ബോര്‍ഡ്, കോര്‍പറേഷനുകളില്‍ കൂടുതല്‍ പ്രാതിനിധ്യം വരെ ആവശ്യപ്പെടാനാണ് നീക്കം. ഒരു കാബിനറ്റ് പദവി കൂടിയോ അല്ലെങ്കില്‍ തൊഴില്‍ വകുപ്പിന് പകരം മികച്ച മറ്റു വകുപ്പുകളോ വേണമെന്ന ആവശ്യം ആര്‍ എസ് പി ഉന്നയിക്കും. ആദ്യം ലയനം നടത്തിയ ശേഷം മറ്റു നടപടികളിലേക്ക് കടക്കും. എ എ അസീസ് സംസ്ഥാനസെക്രട്ടറിയായ ആര്‍ എസ് പിയും ഷിബു ബേബി ജോണ്‍ നയിക്കുന്ന ആര്‍ എസ് പിയും ലയിക്കുന്നതോടെ ആര്‍ എസ് പി, യു ഡി എഫിലെ ഏറ്റവും വലിയ നാലാമത്തെ കക്ഷിയാകും. ലയന സമ്മേളനം ഈ മാസം 26ന് കൊല്ലത്ത് നടത്താനാണ് ധാരണ. അതേസമയം, ലയനം സംബന്ധിച്ച് ദേശീയ നേതൃത്വത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. ജനറല്‍സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ ഒഴികെയുള്ള മറ്റു നേതാക്കളൊന്നും യു ഡി എഫിന്റെ ഭാഗമായതിനോട് ഇനിയും യോജിച്ചിട്ടില്ല.

ലയനത്തിന് മുന്നോടിയായുള്ള രൂപരേഖ തയാറാക്കുന്നതിനായി ഈ മാസം 21ന് ഔദ്യോഗിക വിഭാഗവും 22ന് ഷിബു ബേബി ജോണ്‍ വിഭാഗവും യോഗം ചേരുന്നുണ്ട്. ഇരു ആര്‍ എസ് പികളും ലയിക്കാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പെ ധാരണയായിരുന്നു. യു ഡി എഫിലേക്ക് ആര്‍ എസ് പി വരാന്‍ സന്നദ്ധത അറിയിച്ചപ്പോള്‍ ഇരു ആര്‍ എസ് പികളും ലയിക്കണമെന്ന ഉപാധി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവെക്കുകയും ചെയ്തു. ഇരു കക്ഷികളും അന്ന് തന്നെ ഇതിന് സന്നദ്ധത അറിയിക്കുകയും ചെയ്തു.
21ന് ചേരുന്ന ആര്‍ എസ് പി സംസ്ഥാന സമിതി ലയന തീരുമാനം കൈക്കൊള്ളുന്നതിന്റെ തുടര്‍ച്ചയായി ആര്‍ എസ് പികളുടെ ശക്തികേന്ദ്രമായ കൊല്ലത്ത് വിപുലമായ സമ്മേളനവും സംഘടിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന ശേഷമായിരിക്കും ലയന സമ്മേളനം. ലയിക്കുന്നതോടെ ആര്‍ എസ് പിയുടെ എം എല്‍ എമാരുടെ എണ്ണം നാലായി ഉയരും. ഇതോടെ, മുന്നണിയില്‍ പാര്‍ട്ടിയുടെ വിലപേശല്‍ ശക്തി വര്‍ധിക്കും. കോണ്‍ഗ്രസും ലീഗും കേരളാകോണ്‍ഗ്രസ് എമ്മും കഴിഞ്ഞാല്‍ സോഷ്യലിസ്റ്റ് ജനതയാണ് നിലവില്‍ നാലാമത്തെ വലിയ കക്ഷി. ഒരു സീറ്റില്‍ മാത്രം മത്സരിച്ചിരുന്ന ഷിബു ബേബി ജോണിന്റെ ആര്‍ എസ് പി നിലവില്‍ യു ഡി എഫിലെ ഏറ്റവും ചെറിയ കക്ഷിയാണ്. ലയിക്കുന്നതോടെ കേരളാ കോണ്‍ഗ്രസ്-ബി, കേരളാ കോണ്‍ഗ്രസ് ജേക്കബ്, സി എം പി, സോഷ്യലിസ്റ്റ് ജനത എന്നിവയുടെ മുന്നിലാകും ആര്‍ എസ് പിയുടെ സ്ഥാനം.
എം എല്‍ എമാരുടെ എണ്ണം നോക്കിയാലും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം പരിശോധിച്ചാലും ആര്‍ എസ് പി തന്നെയാകും വലിയ പാര്‍ട്ടി. ഷിബു ബേബി ജോണിന്റെ ആര്‍ എസ് പി ഒരു സീറ്റില്‍ മാത്രമാണ് മത്സരിച്ചിരുന്നത്. എന്നാല്‍, സോഷ്യലിസ്റ്റ് ജനത അഞ്ച് സീറ്റിലും ജെ എസ് എസ് നാല് സീറ്റിലും സി എം പി മൂന്ന് സീറ്റിലും കേരളാ കോണ്‍ഗ്രസ് ജേക്കബ്, പിള്ള ഗ്രൂപ്പുകള്‍ രണ്ട് വീതം സീറ്റിലും മത്സരിച്ചിരുന്നു.
ഇതു കൊണ്ടുതന്നെ വകുപ്പ് വിഭജനം നടത്തുമ്പോഴും സ്ഥാനങ്ങള്‍ വീതം വെക്കുമ്പോഴും ഷിബു ബേബി ജോണിന്റെ ആര്‍ എസ് പിയെ ഏറ്റവും ഒടുവിലാണ് പരിഗണിച്ചിരുന്നത്. എല്‍ ഡി എഫിലായിരുന്ന ആര്‍ എസ് പിയും അഞ്ച് സീറ്റില്‍ മത്സരിച്ചിരുന്ന സാഹചര്യത്തില്‍ ലയിച്ചാല്‍ ആറ് സീറ്റില്‍ മത്സരിച്ച പാര്‍ട്ടിയായി ആര്‍ എസ് പി മാറും.
ഈ സാഹചര്യം പരമാവധി മുതലെടുക്കാനാണ് നീക്കം. മന്ത്രിസഭാ രൂപവത്കരണ വേളയില്‍ തൊഴില്‍ വകുപ്പ് മാത്രം നല്‍കി ഷിബുവിനെ ഒതുക്കിയത് പാര്‍ട്ടിയുടെ വലിപ്പക്കുറവ് പറഞ്ഞാണ്. ആദ്യം ടി എം ജേക്കബിനും പിന്നീട് അനൂപ് ജേക്കബിനും ഭക്ഷ്യസിവില്‍ സപ്ലൈസ്, രജിസ്‌ട്രേഷന്‍ വകുപ്പുകളും കെ ബി ഗണേഷ്‌കുമാറിനു വനം ഉള്‍പ്പെടെ നാല് പ്രധാന വകുപ്പുകളും കെ പി മോഹനന് കൃഷിയടക്കം മൂന്ന് വകുപ്പും നല്‍കിയപ്പോള്‍ ഷിബുവിന് തൊഴില്‍ വകുപ്പ് മാത്രമാണ് നല്‍കിയത്.
ലയനം പൂര്‍ത്തിയാല്‍ രണ്ട് എം എല്‍ എമാരുള്ള പാര്‍ട്ടി മുന്നണിയിലേക്ക് വന്ന സാഹചര്യത്തില്‍ ഒരു ക്യാബിനറ്റ് പദവി കൂടി ആവശ്യപ്പെടാനാണ് ആര്‍ എസ് പിയുടെ നീക്കം.
മന്ത്രി സ്ഥാനം കിട്ടില്ലെന്ന് ഉറപ്പുള്ളതിനാലാണ് കാബിനറ്റ് പദവിയെക്കുറിച്ച് ആലോചിക്കുന്നത്. ആര്‍ ബാലകൃഷ്ണ പിള്ളക്ക് കാബിനറ്റ് റാങ്ക് നല്‍കിയതിന് സമാനമായി ടി ജെ ചന്ദ്രചൂഡനോ എ എ അസീസിനോ ക്യാബിനറ്റ് റാങ്കുള്ള ഒരു പദവി ചോദിക്കും.