Connect with us

Kerala

വിശാലമാകാനൊരുങ്ങി ഇടതുമുന്നണി

Published

|

Last Updated

കണ്ണൂര്‍: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇടതുമുന്നണി വിശാലമാകാന്‍ തയ്യാറാകുന്നു. മുന്നണി പ്രവേശം കാത്ത് നാല് കക്ഷികളാണ് പുറത്തുനില്‍ക്കുന്നത്. ഈ കക്ഷികളെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിന് വേണ്ടി രംഗത്തിറങ്ങിയവരുമാണ്. ഇന്ത്യന്‍ നാഷനല്‍ ലീഗ്, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പിന് ശേഷം മുന്നണിയില്‍ ഘടകകക്ഷിയാക്കാമെന്ന് ഉറപ്പ് ലഭിച്ചതാണ്. ഈ ഉറപ്പ് ലംഘിക്കപ്പെടുകയില്ലെന്ന പ്രതീക്ഷയിലാണ് ഇരു പാര്‍ട്ടികളുടെയും നേതൃത്വം. ഇവര്‍ക്ക് പുറമെ ഐക്യമുന്നണി വിട്ട് ഇടതുമുന്നണിയുമായി സഹകരിച്ച സി എം പി, ജെ എസ് എസ് പാര്‍ട്ടികള്‍ കൂടി എല്‍ ഡി എഫില്‍ ഘടക കക്ഷികളാകും. എ എ അസീസ് സെക്രട്ടറിയായുള്ള ആര്‍ എസ് പി ഇടതുമുന്നണി വിട്ടുവെങ്കിലും ബാബു ദിവാകരന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ ആര്‍ എസ് പിയായി നിലനിര്‍ത്താനും സാധ്യതയുണ്ട്. മുന്നണിയില്‍ പുതിയ കക്ഷികളെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തീരുമാനമുണ്ടാകും. ഇതോടെ ഇടതുമുന്നണി ഘടക കക്ഷികളുടെ എണ്ണം ആറില്‍ നിന്ന് പത്തായി ഉയരും.
ഇടതുമുന്നണി വിട്ട ആര്‍ എസ് പി, യു ഡി എഫില്‍ നിലവിലുള്ള ഘടക കക്ഷിയായ ഷിബു ബേബി ജോണിന്റെ നേതൃത്വത്തിലുള്ള ആര്‍ എസ് പിയുമായി യോജിക്കുകയാണ് ചെയ്യുകയെന്നതിനാല്‍ യു ഡി എഫില്‍ ഘടക കക്ഷികളുടെ എണ്ണത്തില്‍ വ്യത്യാസം വരില്ല. ജെ എസ് എസിലെ ഒരു വിഭാഗത്തെ യു ഡി എഫില്‍ നിലനിര്‍ത്തുമോയെന്ന കാര്യത്തില്‍ തീരുമാനവുമായിട്ടില്ല.
കഴിഞ്ഞ രണ്ടര പതിറ്റാണ്ട്കാലമായി എല്‍ ഡി എഫുമായി സഹകരിക്കുന്നവരാണ് ഐ എന്‍ എല്‍. എന്നാല്‍ പാര്‍ട്ടിയെ ഇതുവരെ ഘടക കക്ഷിയാക്കിയിട്ടില്ല. ഇതേത്തുടര്‍ന്ന് ഘടക കക്ഷിയാക്കിയില്ലെങ്കില്‍ തനിച്ച് മത്സരിക്കുമെന്നും ഇനിയും പുറത്തുനിന്ന് പിന്താങ്ങാനില്ലെന്നുമുള്ള ഐ എന്‍ എല്‍ നേതൃത്വത്തിന്റെ അന്ത്യശാസനത്തെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പിന് ശേഷം എല്‍ ഡി എഫില്‍ ഘടക കക്ഷിയാക്കുമെന്ന വ്യക്തമായ ഉറപ്പ് ലഭിച്ചത്. ഇതോടെയാണ് തിരഞ്ഞെടുപ്പില്‍ അവര്‍ സഹകരിച്ചതും. ഐ എന്‍ എല്ലിന്റെ ഭീഷണി ഫോര്‍വേഡ് ബ്ലോക്കിന് കൂടി സഹായകരമായി. നേരത്തെ നിരവധി തവണ എല്‍ ഡി എഫില്‍ ഘടക കക്ഷിയാക്കണമെന്നാവശ്യപ്പെട്ട് ഫോര്‍വേഡ് ബ്ലോക്ക് കത്ത് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ തീരുമാനമുണ്ടായിരുന്നില്ല. ഐ എന്‍ എല്ലിനോടൊപ്പം ഫോര്‍വേഡ് ബ്ലോക്കിനെയും എല്‍ ഡി എഫില്‍ ഉള്‍പ്പെടുത്തുമെന്ന് അവര്‍ക്ക് വാക്കും കൊടുത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെന്ന പരാതിയുമായല്ല സി എം പിയും ജെ എസ് എസും യു ഡി എഫ് വിട്ടത്. കാലങ്ങളായി യു ഡി എഫില്‍ അവഗണിക്കപ്പെടുകയാണെന്ന് അവര്‍ക്ക് പരാതിയുണ്ട്. മാത്രമല്ല, സി എം പിയില്‍ ഇതേച്ചൊല്ലി അഭിപ്രായവ്യത്യാസമുണ്ടാകുകയും പിളരുകയും ചെയ്തു. എം വി ആറിന്റെ പിന്തുണ കൂടി അവകാശപ്പെടുന്ന കെ അരവിന്ദാക്ഷന്‍ വിഭാഗം എല്‍ ഡി എഫുമായി സഹകരിക്കാന്‍ തയ്യാറായപ്പോള്‍ സി പി ജോണ്‍ വിഭാഗം യു ഡി എഫില്‍ ഉറച്ചു നില്‍ക്കുകയാണ്. പാര്‍ട്ടി പിളര്‍ന്ന ദിവസം തന്നെ എല്ലാ ജില്ലകളിലും സി പി എമ്മിന്റെയും എല്‍ ഡി എഫിന്റെയും സഹകരണം അരവിന്ദാക്ഷന്‍ വിഭാഗത്തിന് ലഭിച്ചിരുന്നു. മാത്രമല്ല, തിരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ സി എം പി നേതാക്കളെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. അടുത്ത ഘട്ടം മുന്നണി പ്രവേശമാണ്. സി പി എമ്മിനെ സംബന്ധിച്ചിടത്തോളം സി എം പിയുടെ മുന്നണി പ്രവേശം സമ്മിശ്ര പ്രതികരണമാണ് പാര്‍ട്ടിയില്‍ ഉണ്ടാക്കാന്‍ പോകുന്നത്. 25 വര്‍ഷം മുമ്പ് എം വി രാഘവന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട് രൂപവത്കരിച്ച സി എം പിയെ മുന്നണിയില്‍ ലഭിക്കുന്നുവെന്നത് സന്തോഷകരമായ കാര്യം. എന്നാല്‍ സി എം പി രൂപവത്കരണത്തിന് ശേഷം സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചോദ്യം ചെയ്യപ്പെടും. എന്നാല്‍ സി പി എമ്മില്‍ നിന്ന് പുറത്തുപോയ രണ്ട് അതികായന്മാരെ തിരിച്ചു ലഭിക്കുന്നുവെന്നതാണ് സി എം പി, ജെ എസ് എസ് സഖ്യത്തിലൂടെ സി പി എമ്മിന് കിട്ടുന്ന നേട്ടം.

Latest