വിഷു ആഘോഷത്തിന്റെ പൊലിമ കുറച്ച് പച്ചക്കറി വില

Posted on: April 14, 2014 7:18 am | Last updated: April 14, 2014 at 7:18 am

കോഴിക്കോട്: വിഷു പടിവാതില്‍ക്കലെത്തി. പച്ചക്കറിക്കെല്ലാം മേടത്തിലെ വെയിലിനേക്കാള്‍ പൊള്ളുന്ന വിലയാണിപ്പോള്‍. കഴിഞ്ഞ രണ്ട് ദിവസം കൊണ്ടുതന്നെ അഞ്ച് രൂപ മുതല്‍ 20 രൂപവരെ പച്ചക്കറി ഇനങ്ങള്‍ക്കു വിലവര്‍ധനവുണ്ടായി. അതേസമയം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പച്ചക്കറികള്‍ക്കു വില ഇത്തവണ കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ വിലവര്‍ധനവുള്ളത് ചെറിയനാരങ്ങക്കും പയറിനുമാണ്. പയറിനു കിലോക്ക് 40 രൂപയാണു വില. കഴിഞ്ഞാഴ്ച ഇത് 20 രൂപയായിരുന്നു. നാരങ്ങക്കു 40 മുതല്‍ 50 രൂപവരെയാണു വില. നാരങ്ങക്കു നാട്ടിന്‍ പുറങ്ങളില്‍ ഒന്നിനു അഞ്ച് രൂപവരെ ഈടാക്കുന്നുണ്ട്. മുരങ്ങക്കു 15 രൂപയായിരുന്നു രണ്ടാഴ്ച മുമ്പുണ്ടായിരുന്നത്.
എന്നാല്‍ ഇന്നലെ കിലോക്ക് 30 രൂപ നിരക്കിലാണ് വില ഈടാക്കിയത്. ഉരുളക്കിഴങ്ങിനു കഴിഞ്ഞാഴ്ചത്തേക്കാള്‍ രണ്ട് രൂപമാത്രമാണു വര്‍ധനവുള്ളത്. 22 രൂപയാണ് ഇന്നലെ ഉരുളക്കിഴങ്ങിന്റെ വില. തക്കാളിക്കും പച്ചക്കായയ്ക്കും കഴിഞ്ഞാഴ്ച 15 രൂപയായിരുന്നു. എന്നാല്‍ ഇന്നലെ 20 രൂപയാണ് വില. 10 രൂപ കഴിഞ്ഞാഴ്ചക്കു വിറ്റ കാബേജിന് ഇന്നലെ 15 രൂപയായിരുന്നു വില. മുളകിന് 20 ല്‍ നിന്നും വില 25 ആയി. കാരറ്റിനും എളവനും അഞ്ച് രൂപ വര്‍ധിച്ചിട്ടുണ്ട്. കാരറ്റിന് ഇന്നലെ 25 രൂപയാണ് വില. കഴിഞ്ഞാഴ്ച 20 രൂപയായിരുന്നു. അതേസമയം 20 രൂപയുളള എളവന് 25 രൂപയായും വില ഉയര്‍ന്നു.
വെളുത്തുള്ളിക്കു 10 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞാഴ്ച 40 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇന്നലെ 50 രൂപയാണുള്ളത്. വഴുതിന 13 രൂപയാണ് വില. കഴിഞ്ഞാഴ്ച ഇത് 10 രൂപയായിരുന്നു. ചെറിയ ഉള്ളി, കയ്പ എന്നിവയ്ക്കു 20 രൂപയില്‍ നിന്നും 30 രൂപയായി വില വര്‍ധിച്ചിട്ടുണ്ട്. കണിവെള്ളരിയ്ക്കു 25 രൂപയാണ് കിലോ വില. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് പച്ചക്കറികള്‍ നേരിട്ട് പാളയത്തെത്തിക്കുന്നത്. ഇവിടങ്ങളിലെ വില വര്‍ധിക്കുന്നതിനനുസൃതമായാണ് കോഴിക്കോട് മാര്‍ക്കറ്റിലും നേരിയ വര്‍ധനവുണ്ടാകുന്നത്.