Connect with us

Gulf

ഗ്ലോബല്‍ വില്ലേജ് അടഞ്ഞു; നവംബര്‍ ആറിന് തുറക്കും

Published

|

Last Updated

ദുബൈ: രാജ്യത്തെ ഏറ്റവും വലിയ കുടുംബ വിനോദ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജിന്റെ 18-ാമത്തെ പ്രദര്‍ശന പരിപാടികള്‍ക്ക് സമാപ്തിയായി. കഴിഞ്ഞ ഒക്‌ടോബറില്‍ തുടങ്ങി ഇന്നലെ സമാപിച്ച പ്രദര്‍ശനങ്ങളില്‍ സന്ദര്‍ശകരായെത്തിയത് അരക്കോടിയോളം ആളുകളെന്ന് സംഘാടകര്‍.
19-ാമത് പ്രദര്‍ശനങ്ങള്‍ക്കായി കൂടുതല്‍ പുതുമകളോടെ ഗ്ലോബല്‍ വില്ലേജിന്റെ കവാടങ്ങള്‍ വരുന്ന നവമ്പര്‍ ആറിന് വീണ്ടും തുറക്കും. 2015 ഏപ്രില്‍ 11 വരെ തുടരുന്നതായിരിക്കും 19-ാമത് പ്രദര്‍ശനമേളയെന്ന് സംഘാടകര്‍ അറിയിച്ചു.

ദുബൈ നഗരം ലോക പ്രദര്‍ശനമേളയായ എക്‌സ്‌പോ 2020നോട് കൂടുതല്‍ അടുത്ത് വരുന്നതിനാല്‍ ഇനിയുള്ള ഓരോ മേളകളും ഗ്ലോബല്‍ വില്ലേജിന് ഏറെ പ്രധാനമാണ്. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ ആസ്വദിക്കാനും അനുഭവിക്കാനുമുള്ള പുതുമകള്‍, വരും വര്‍ഷങ്ങളില്‍ സൃഷ്ടിക്കും. ഗ്ലോബല്‍ വില്ലേജ് ഓപ്പറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് അഹ്മദ് ഹുസൈന്‍ പറഞ്ഞു. അടുത്ത സീസണില്‍ സന്ദര്‍ശകര്‍ക്ക്, മുമ്പെങ്ങും ലഭിച്ചിട്ടില്ലാത്ത സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്നതിനെക്കുറിച്ച് സംഘാടക സമിതിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി അഹ്മദ് ഹുസൈന്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ എത്തിയ സന്ദര്‍ശകരില്‍ നിന്ന് സ്വരൂപിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഇക്കാര്യത്തില്‍ സംഘാടകര്‍ മുഖവിലക്കെടുക്കും.

കഴിഞ്ഞ സീസണില്‍ 12,000 പ്രദര്‍ശനങ്ങള്‍ നടന്നു. അടുത്ത സീസണില്‍ പ്രദര്‍ശനങ്ങളുടെ ഇനവും എണ്ണവും കൂട്ടും. ഇന്നലെ അവസാനിച്ച 18-ാമത് ഗ്ലോബല്‍ വില്ലേജ് പ്രദര്‍ശന മേള വന്‍ സംഭവമാക്കുന്നതില്‍ പങ്കാളികളായ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും സംഘാടക സമിതി നന്ദി പറഞ്ഞു.

 

---- facebook comment plugin here -----

Latest