Connect with us

Palakkad

ബണ്ട് നിര്‍മാണത്തിന്റെ മറവില്‍ കുന്നിടിക്കല്‍ തകൃതി

Published

|

Last Updated

കൂറ്റനാട്: ബണ്ട് നിര്‍മാണത്തിന്റെ മറവില്‍ ജില്ലയിലെ കുന്നിടിക്കല്‍ തകൃതി. ഇവിടെനിന്നും എടുക്കുന്ന മണ്ണ് മലപ്പുറം ജില്ലയിലേക്കാണ് കൊണ്ടുപോകുന്നത്.
ജില്ലാ അതിര്‍ത്തിയിലെ കല്ലടത്തൂര്‍ ഗോഖലെ സ്‌കൂളിന് എതിര്‍വശത്തുളള കുന്നില്‍ നിന്നാണ് പകലും രാത്രിയുമില്ലാതെ മലപ്പുറം ജില്ലയിലെ പൊന്നാനി, കുറ്റിപ്പുറം ഭാഗങ്ങളിലേക്ക് മണ്ണ് കടത്തുന്നത്. തൃശൂര്‍ കോള്‍ വികസനത്തിന്റെ ഭാഗമായി കായലിലൂടെ ബണ്ട് നിര്‍മ്മിക്കുന്നതിന്റെ പേരിലാണ് മണ്ണെടുത്ത് കൊണ്ടുപോകുന്നത്.
—എന്നാല്‍ ഇവിടെ നിന്ന് ഇത്രയും ലോഡ് മണ്ണുകൊണ്ടുപോകുന്നുണ്ടെങ്കിലും ബണ്ട് നിര്‍മ്മാണത്തിന് കുറച്ച് ലോഡ് മാത്രമെ എത്തുന്നുളളു. ബാക്കി പുറത്തേക്ക് പോകുകയാണ്.—ഒരു ലോഡ് മണ്ണിന് ജില്ലയിലെ വിലയേക്കാള്‍ ഇരട്ടിയാണ് മലപ്പുറം ജില്ലയില്‍ ലഭിക്കുന്നത്.
കല്ലടത്തൂരില്‍ നിന്ന് രണ്ട് തവണയായി 200 ലോഡ് മണ്ണ് കൊണ്ടുപോകാനാണ് അനുമതിയുളളതെങ്കില്‍ ഇലക്ഷന്റെ മറവില്‍ രണ്ടായിരത്തിലേറെ ലോഡ് മണ്ണ് ഇവിടെ നിന്ന് കയറ്റിപോയതായി നാട്ടുകാര്‍ പറയുന്നു.—കേരളത്തിലെ റോഡില്‍കൂടി പോകാന്‍ പോലും പെര്‍മിറ്റ് ലഭിക്കാത്ത ട്രക്‌സ്, ടിപ്പര്‍ ലോറി എന്നിവയാണ് ഗ്രാമീണ റോഡിലൂടെ മണ്ണുമായി കുതിച്ച് പായുന്നത്.—നേരത്തെ റോഡ് നിര്‍മാണത്തിനെന്ന് പറഞ്ഞ് ആനക്കര പഞ്ചായത്തിലെ മേലേഴിയത്തെ കുന്നിടിച്ച് മലപ്പുറം ജില്ലയിലേക്ക് മണ്ണ് കൊണ്ടുപോയിരുന്നു.
പലവട്ടം നാട്ടുകാര്‍ ഇത് തടഞ്ഞിടുകയും പിന്നീട് പോലീസ് എത്തി വീണ്ടും മണ്ണെടുപ്പ് തുടരുകയുമാണ് ചെയ്യുന്നത്.—മലപ്പുറം ജില്ലയിലെ റോഡ്, പാലങ്ങളുടെ അപ്രോച്ച് റോഡ്, ബണ്ട് നിര്‍മാണം എന്നിവക്കായി പാലക്കാട് ജില്ലയിലെ കുന്നുകളില്‍ നിന്ന് പെര്‍മിറ്റെടുത്ത് ഇതിന്റെ പത്തിരട്ടിയിലധികം മണ്ണാണ് ഇവിടങ്ങളില്‍നിന്ന് കയറ്റിപോകുന്നത്.—
അമിത ഭാരമുളള വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നത്മൂലം ജില്ലാ അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രധാന റോഡുകളെല്ലാം തകര്‍ച്ച നേരിടുകയാണ്.
തൃത്താല മേഖലയിലെ പ്രധാന കുന്നുകളെല്ലാം സമീപ ജില്ലയിലെ റോഡ്, ബണ്ട് എന്നിവയുടെ നിര്‍മാണത്തിന്റെ മറവില്‍ നശിപ്പിക്കപ്പെടുമ്പോള്‍, ഇതിനെതിരെ ചെറുവിരലനക്കാന്‍ ബന്ധപ്പെട്ട ഭരണകൂടങ്ങള്‍ ശ്രമിക്കുന്നില്ല. ഇതിനെതിരെ ശബ്ദിക്കാന്‍ ഒരു രാഷ്ട്രീയ കക്ഷികളും തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.