Connect with us

Palakkad

സ്‌കൂളിലേക്ക് അനധികൃത കുടിവെള്ള കണക്ഷന്‍; വിവാദമായപ്പോള്‍ വിച്ഛേദിച്ചു

Published

|

Last Updated

പാലക്കാട്: പുതുപ്പരിയാരം വെണ്ണക്കരയില്‍ സ്‌കൂളിലേക്ക് അനധികൃതമായി കുടിവെള്ള കണക്ഷന്‍ നല്‍കിയത് പരാതിക്കിടയാക്കി. നിയമങ്ങള്‍ കാറ്റില്‍ പറത്തി നല്‍കിയ കണക്ഷന്‍ സമീപവാസികളുടെ കുടിവെള്ളം മുട്ടിച്ചതാണ് വിവാദമായത്.
പരാതിയെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ഇടപെട്ട് കണക്ഷന്‍ വിച്ഛേദിച്ചു. അതേസമയം അനധികൃത കണക്ഷന്‍ നല്‍കിയവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്. പഞ്ചായത്ത് മേഖലകളില്‍ കുടിവെള്ള പൈപ്പിന് അര ഇഞ്ച് വ്യാസമുള്ള കണക്ഷനാണ് നല്‍കുക. എന്നാല്‍ ഇവിടെ ഒന്നേകാല്‍ ഇഞ്ച് വ്യാസമുള്ള പി വി സി പൈപ്പാണ് കണക്ഷന് ഉപയോഗിച്ചത്.
ഇവിടത്തെ വാട്ടര്‍ അതോറിറ്റിയുടെ പ്രധാന ലൈനിന് പോലും ഒരു ഇഞ്ച് വ്യാസമാണുള്ളത്. ഇതില്‍ നിന്ന് ഒന്നേകാല്‍ ഇഞ്ച് പൈപ്പിട്ട് രണ്ട് കണക്ഷന്‍ അനധികൃതമായി എടുത്തതോടെ പ്രദേശത്താകെ കുടിവെള്ള വിതരണം തടസപ്പെട്ടു. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി നടത്തിയ പരിശോധനയിലാണ് അനധികൃത കണക്ഷന്‍ കണ്ടെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം കണക്ഷന്‍ വിച്ഛേദിക്കുകയായിരുന്നു. ഇതോടെ സ്‌കൂളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയവര്‍ ദുരിതത്തിലായി.
സാധാരണ കുടിവെള്ള കണക്ഷന് ഇരുമ്പ് പൈപ്പ് ഉപയോഗിക്കണമെന്നാണ് ചട്ടം. ഇവിടെ അതും ലംഘിച്ചിരുന്നു. മുമ്പും നിരവധി പരാതികളുയര്‍ന്ന കരാറുകാരനാണ് ഇവിടെ അനധികൃത കണക്ഷന്‍ നല്‍കിയതെന്ന് അതോറിട്ടി കണ്ടെത്തിയെങ്കിലും നടപടിക്ക് മുതിര്‍ന്നില്ല.
സാധാരണ അനധികൃത കണക്ഷന് 3000 രൂപയെങ്കിലും പിഴ ഈടാക്കുന്ന പതിവുണ്ട്. സംഭവത്തിനു പിന്നില്‍ വിവാദ കരാറുകാരനായതോടെ നടപടി എടുക്കാതെ ഒതുക്കാനാണ് നീക്കം.