പൊന്നാനിയില്‍ ലീഗ് കനത്ത പരാജയം നേരിടുമെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി

Posted on: April 12, 2014 10:47 am | Last updated: April 12, 2014 at 10:47 am

abdurahmanതിരൂരങ്ങാടി: മുസ്‌ലിംലീഗിന് പൊന്നാനിയില്‍ കനത്ത പരാജയം നേരിടേണ്ടി വരുമെന്ന് എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. കുണ്ടൂരില്‍ ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ കഴിയുന്ന സുന്നിപ്രവര്‍ത്തകനെ സന്ദര്‍ശിക്കാനെത്തിയ അബ്ദുര്‍റഹ്മാന്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
പൊന്നാനി ലോകസഭാ മണ്ഡലത്തിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും തനിക്ക് ഭൂരിപക്ഷം ലഭിക്കും. പരമ്പരാഗതമായ ലീഗുകാരില്‍ നല്ലൊരു ശതമാനം തനിക്ക് വോട്ടുചെയ്തിട്ടുണ്ട്. പരപ്പനങ്ങാടി, താനൂര്‍ ഭാഗങ്ങളില്‍ എക്കാലത്തും ലീഗിനെ തുണച്ചിട്ടുള്ള തീരദേശവാസികള്‍ ഈ തിരഞ്ഞെടുപ്പില്‍ ഏറെ ആവേശത്തോടെയാണ് എന്നെ സ്വീകരിച്ചിട്ടുള്ളത്.
ലീഗിന്റെ ധാര്‍ഷ്ഠ്യത്തിനുള്ള തിരിച്ചടി കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലം. മതസംഘടനാപ്രവര്‍ത്തകരെപ്പോലും അടിച്ചുപരുക്കേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ലീഗുകാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
താനൂരില്‍ ചുമരെഴുത്ത് നടത്തിക്കൊണ്ടിരിക്കുന്ന സുന്നിപ്രവര്‍ത്തകരെയാണ് ലീഗുകാര്‍ ക്രൂരമായി അക്രമിച്ചത്. കുണ്ടൂരില്‍ സുന്നി പ്രവര്‍ത്തകനെ ലീഗുകാര്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചു. പരാജയം മുന്നില്‍ കണ്ടാണ് ലീഗുകാര്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.