Connect with us

Kozhikode

നാട്ടുകാര്‍ ബസ് സ്റ്റാന്‍ഡ് ഉപരോധിച്ചു

Published

|

Last Updated

വടകര: സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ഥി ബസിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വടകര പഴയ ബസ് സ്റ്റാന്‍ഡ് ഉപരോധിച്ചു. നിരന്തരം അപകടം ഉണ്ടാക്കുന്ന കാട്ടില്‍ ഡീലക്‌സ്- വിസ്മയ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുക, മദ്യപിച്ച് ബസോടിച്ച ഡ്രൈവറുടെയും മറ്റു ജീവനക്കാരുടെയും പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ് ഉപരോധിച്ചത്.
ഉപരോധം കാരണം അരമണിക്കൂറോളം ബസ് ഗതാഗതം തടസ്സപ്പെട്ടു. സഹകരണ ആശുപത്രി പരിസരത്ത് നിന്ന് പ്രകടനമായി എത്തിയാണ് നൂറുകണക്കിനാളുകള്‍ ബസ് സ്റ്റാന്‍ഡ് ഉപരോധിച്ചത്.
വ്യാഴാഴ്ച കാലത്ത് പതിനൊന്ന് മണിയോടെയാണ് നാരായണ നഗറില്‍ വെച്ച് സൈക്കിള്‍ യാത്രക്കാരനായ കരിമ്പനപ്പാലം പടന്നയില്‍ സുജിത്ത് (16) ബസിടിച്ച് മരിച്ചത്.
ഉപരോധ സമരം ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി സി എം ഷാജി ഉദ്ഘാടനം ചെയ്തു. കെ കെ ബിജു അധ്യക്ഷത വഹിച്ചു. ജിനീഷ് സ്വാഗതം പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി സി എം രമേശനെയും കണ്‍വീനറായി കെ ടി ജിനീഷിനെയും തിരഞ്ഞെടുത്തു.
അതേസമയം പോലീസ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടി കൈക്കൊള്ളാന്‍ സാധിക്കുകയുള്ളൂവെന്ന് വടകര ജോ. ആര്‍ ടി ഒ. എം മനോഹരന്‍ പറഞ്ഞു.

 

Latest