ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍; ബയേണ്‍ – റയല്‍ ; ചെല്‍സി – അത്‌ലറ്റിക്കോ

Posted on: April 12, 2014 7:47 am | Last updated: April 12, 2014 at 7:47 am

UEFA-Champions-League Redനിയോണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ബയേണ്‍ മ്യൂണിക്- റയല്‍മാഡ്രിഡ്, ചെല്‍സി-അത്‌ലറ്റിക്കോ മാഡ്രിഡ് പോരാട്ടം. സെമിയുടെ ആദ്യ പാദം ഈ മാസം 22,23 തീയതികളില്‍. രണ്ടാം പാദം 29,30 തീയതികളില്‍.
ചെല്‍സി ലോണില്‍ നല്‍കിയ ഗോള്‍ കീപ്പര്‍ തിബൗട് കുര്‍ടോയിസിന് സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനായി കളിക്കാം. ചെല്‍സി ക്ലബ്ബ് അനുമതി ന ല്‍കിയതോടെയാണിത്. യുവേഫ നിയമപ്രകാരം ലോണില്‍ കളിക്കുന്ന താരങ്ങള്‍ അവരുടെ മാതൃക്ലബ്ബിനെതിരെ കളിക്കാന്‍ പാടില്ലെന്നാണ്. കളിക്കണമെങ്കില്‍ മാതൃക്ലബ്ബിന് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട് ലോണെടുത്ത ക്ലബ്ബ്. എന്നാല്‍, ഇത്തരമൊരു നിയമക്കുരുക്ക് കുര്‍ടോയിസിന്റെ കാര്യത്തിലുണ്ടാകില്ലെന്ന് ചെല്‍സി ചീഫ് എക്‌സിക്യൂട്ടീവ് റോയ് ഗോര്‍ലി പറഞ്ഞു.
ഫുട്‌ബോളിലെ ചാണക്യന്‍മാരായ നാല് പരിശീലകരുടെ ടീമുകളാണ് സെമി ഫൈനലിലെത്തിയതെന്നത് ചാമ്പ്യന്‍സ് ലീഗിനെ പുതിയ ഉയരങ്ങളിലെത്തിക്കുന്നു. എഫ് സി പോര്‍ട്ടോ, ഇന്റര്‍മിലാന്‍ ക്ലബ്ബുകള്‍ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തിയ മൗറിഞ്ഞോ ചെല്‍സിക്കൊപ്പവും കിരീടം നേടിയാല്‍ ചരിത്ര സംഭവമാകും. പണക്കൊഴുപ്പ് അവകാശപ്പെടാനില്ലാത്ത അത്‌ലറ്റിക്കോ മാഡ്രിഡിന്റെത് ശരാശരി നിരയാണ്. പക്ഷേ, അര്‍ജന്റീനയുടെ മുന്‍ മിഡ്ഫീല്‍ഡര്‍ സിമിയോണി പരിശീലകനായെത്തിയതോടെ കഥ മാറി. അത്‌ലറ്റിക്കോ സ്‌പെയിനില്‍ കിരീടത്തോടടുക്കുകയാണ്.
ജര്‍മനിയില്‍ ഏഴ് മത്സരങ്ങള്‍ ശേഷിക്കെ കിരീടം ചൂടിയവരാണ് ബയേണ്‍ മ്യൂണിക്ക്. നിലവിലെ ചാമ്പ്യന്‍മാരായ ബയേണാണ് ഹോട് ഫേവറിറ്റ്. പെപ് ഗോര്‍ഡിയോള എന്ന കോച്ച് തന്നെയാണ് താരം. റയലിന്റെ കോച്ച് കാര്‍ലോ ആന്‍സലോട്ടി എ സി മിലാനൊപ്പം യൂറോപ്പ് കീഴടക്കിയിട്ടുണ്ട്.