വി എസിന്റെ മുന്‍ പി എയില്‍ നിന്ന് മൊഴിയെടുത്തു

Posted on: April 12, 2014 12:34 am | Last updated: April 12, 2014 at 12:34 am

കൊച്ചി: ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ പ്രാഥമിക അന്വേഷണം നടത്തുന്ന സി ബി ഐ സംഘം മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദന്റെ പി എ ആയിരുന്ന എ സുരേഷില്‍ നിന്നും ഡാറ്റാ സെന്റര്‍ അഴിമതി കേസിലെ പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരക്കലില്‍ നിന്നും മൊഴിയെടുത്തു. ജോമോനെ ഇന്നലെ കൊച്ചിയിലെ സി ബി ഐ ഓഫീസില്‍ വിളിച്ചു വരുത്തിയും സുരേഷിനെ പാലക്കാട് റസ്റ്റ് ഹൗസില്‍ വെച്ചുമാണ് സി ബി ഐ ഡിവൈ എസ് പി മോനിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. കേസില്‍ ആരോപണ വിധേയനായ വ്യവഹാര ദല്ലാള്‍ ടി ജി നന്ദകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ഡാറ്റാ സെന്റര്‍ കൈമാറ്റത്തില്‍ ടി ജി നന്ദകുമാറിന്റെ പങ്ക് സംബന്ധിച്ചാണ് സി ബി ഐ അന്വേഷിക്കുന്നത്. നന്ദകുമാറിന്റെ ബേങ്ക് അക്കൗണ്ടുകളിലൂടെ നടന്ന കോടിക്കണക്കിന് രൂപയുടെ ഇടപാട് സംബന്ധിച്ച് നന്ദകുമാറിനെ വിളിച്ചു വരുത്തി സി ബി ഐ വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി. നന്ദകുമാറിന്റെ മൊഴികളിലെ വൈരുധ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എ സുരേഷിനെയും ജോമോന്‍ പുത്തന്‍പുരക്കലിനെയും സി ബി ഐ ചോദ്യം ചെയ്തിരിക്കുന്നത്.
വി എസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എ സുരേഷിനെ പാലക്കാട് റസ്റ്റ് ഹൗസില്‍ വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തത്. രണ്ടര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഡാറ്റാ സെന്ററുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും തനിക്കറിയില്ലെന്നും ഇതുസംബന്ധിച്ച ഫയലുകളൊന്നും താന്‍ കണ്ടിട്ടില്ലെന്നുമാണ് സുരേഷ് മൊഴി നല്‍കിയതെന്നറിയുന്നു.
ഇരുവരും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നന്ദകുമാറിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ ബോധ്യമായാല്‍ മാത്രമാണ് കേസില്‍ സി ബി ഐ കോടതിയില്‍ എഫ് ഐ ആര്‍ നല്‍കി വിശദമായ അന്വേഷണം ആരംഭിക്കുക. പരാതിയില്‍ കഴമ്പില്ലെന്നാണ് കണ്ടെത്തുന്നതെങ്കില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്ന് കോടതിയെ അറിയിക്കും.