അല്‍മഖര്‍ സില്‍വര്‍ ജൂബിലി നിറവില്‍

Posted on: April 12, 2014 5:10 am | Last updated: April 12, 2014 at 12:11 am

സമൂഹത്തിന്റെ നാഡിമിടിപ്പറിഞ്ഞ് ആത്മീയോത്കര്‍ഷത്തിന്റെ വഴിയില്‍ കൂടെ നടത്താന്‍ പണ്ഡിത സാദാത്തുക്കളുടെയും പൗര പ്രമുഖരുടെയും കൂട്ടായ്മയില്‍ നിന്നാണ് അല്‍മഖര്‍ ഉദയം കൊള്ളുന്നത്. ഉത്തര മലബാറിലെ വിശേഷിച്ചും കണ്ണൂര്‍ ജില്ലയിലെ ഇസ്‌ലാമിക പ്രബോധന രംഗത്ത് അഹ്‌ലുസ്സുന്നയുടെ ആശയ സംവേദനത്തില്‍ വിദ്യാഭ്യാസ, സാംസ്‌കാരിക, ജീവകാരുണ്യ, സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബഹുമുഖ സംരംഭമാണ് അല്‍മഖര്‍ എന്ന സുന്നി കേന്ദ്രബിന്ദു. ആത്മീയഉന്നതിക്ക് വേണ്ടി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച പണ്ഡിത നേതൃത്വത്തിന്റെ ആഴത്തിലുള്ള ആലോചനയുടെയും ധീരമായ തീരുമാനങ്ങളുടെയും സാക്ഷാത്കാരമാണ് അല്‍മഖര്‍. 1989ല്‍ തളിപ്പറമ്പ് ബദരിയാ നഗറിലെ വെയിലേറ്റുവാടിയ മൊട്ടപ്പറമ്പില്‍ അല്‍മഖറിന് ശില പാകുമ്പോള്‍ അഭിമാനവും അതിലേറെ പ്രതീക്ഷയുമുണ്ടായിരുന്നു. കാലം കാത്തുനിന്ന അനിവാര്യമായ തുടക്കമായിരുന്നു മഖറിന്റെത്. വിദ്യാഭ്യാസരംഗത്ത് പ്രത്യകിച്ച് ആത്മീയ വിദ്യയില്‍ പിന്നാക്കം പോയിക്കൊണ്ടിരിക്കുന്ന സമൂഹത്തിന് നേരിന്റെ ദിശ കാണിക്കുകയായിരുന്നു അല്‍മഖര്‍. തളിപ്പറിമ്പിലെയും സമീപദേശങ്ങളിലെയും ഉന്നത കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനും അവര്‍ക്ക് ആത്മീയ ശിക്ഷണം ലഭ്യമാക്കുന്നതിനും ഹോസ്റ്റല്‍ സൗകര്യമെന്ന നിലക്കാണ് മഖറിന്റെ ആദ്യ സംരംഭമായ ആര്‍ ഐ സി സിക്ക് തുടക്കമായത്. പിന്നീട് കരിമ്പാറക്കൂട്ടങ്ങള്‍ കഥ പറയുന്ന വിജനമായ നാടുകാണിയിലെ വിശാലമായ ഭൂവില്‍ മഖര്‍ വ്യാപിച്ചു. ജനങ്ങള്‍ വഴി നടക്കാനും യാത്ര ചെയ്യാനും പേടിച്ചിരുന്ന നാടുകാണി എന്ന ദേശം മഖറിന്റെ വരവോടെ ‘ദാറുല്‍ അമാനാ’യി മാറി.
സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന മഖറിന് ഇരുപതിലേറെ സ്ഥാപനങ്ങളുണ്ട്. നാടുകാണി ദാറുല്‍ അമാനില്‍ ഉയര്‍ന്നു നില്‍ക്കുന്ന ശരീഅത്ത് കോളജ് അതില്‍ പ്രധാനമാണ്. മുതവ്വല്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മൗലവി ഫാളില്‍ അമാനി ബിരുദത്തോടൊപ്പം അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷാ പരിജ്ഞാനവും കമ്പ്യൂട്ടര്‍ വിജ്ഞാനവും നല്‍കുന്നു. പ്രസംഗം, ജേര്‍നലിസം എന്നിവയില്‍ പരിശീലനവും സര്‍വകലാശാലാ ബിരുദവും നേടാനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ദീനി പ്രബോധനരംഗത്ത് നല്ലൊരു ചുവടുവെപ്പിനുള്ള പാകത്തിലാണ് അമാനികള്‍ സമൂഹത്തിലേക്കിറങ്ങുന്നത്.
ദഅ്‌വാ കോളജില്‍ എട്ട് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അമാനി ബിരുദവും ഇംഗ്ലീഷില്‍ എം എ ബിരുദവും നല്‍കുന്നു. ദഅ്‌വാ രംഗത്ത് ആവശ്യമായതെല്ലാം ഇവിടെ ലഭ്യമാക്കുന്നുണ്ട്. ഇസ്‌ലാമിക് എജ്യൂക്കേഷനല്‍ ബോര്‍ഡുമായി സഹകരിച്ചാണ് ദഅ്‌വാ കോളജിലെ പാഠ്യപദ്ധതി. പഠനത്തോടൊപ്പം ജീവകാരുണ്യ രംഗത്തും കൈവെക്കുന്നതിന് ദഅ്‌വാ വിദ്യാര്‍ഥികള്‍ മറക്കുന്നില്ല. ‘കാരുണ്യം’ ദഅ്‌വാ സെല്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സമൂഹത്തിന് അര്‍പ്പിച്ചത്.
അനാഥ പെണ്‍കുട്ടികളെ മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ഗേള്‍സ് ഓര്‍ഫനേജ് കേരളത്തിലെ അപൂര്‍വം സ്ഥാപനങ്ങളിലൊന്നാണ്. സമയവും സാഹചര്യവും അനുകൂലമായാല്‍ അനാഥ മക്കളെ അനുയോജ്യരായ ഭര്‍ത്താക്കള്‍ക്ക് വിവാഹം കഴിച്ചുകൊടുത്ത് സനാഥരാക്കുന്നു എന്ന പ്രത്യേകത കൂടി ഈ സ്ഥാപനത്തിനുണ്ട്. ഇതിനകം 78 അനാഥ പെണ്‍മക്കളുടെ വിവാഹം നടത്തിക്കഴിഞ്ഞു. മികച്ച താമസ, പഠന, ഭക്ഷണ സൗകര്യങ്ങളാണിവിടെയുള്ളത്.
പഠനത്തോടൊപ്പം ആത്മീയ പുരോഗതി ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അനുഗൃഹീത സ്ഥാപനമാണ് അല്‍മഖര്‍ വിമന്‍സ് കോളജ്. എസ് എസ് എല്‍ സി കഴിഞ്ഞവര്‍ക്ക് കണ്ണൂര്‍ സര്‍വകലാശായുടെ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി, ബി എ അറബിക് കോഴ്‌സ് നല്‍കി വരുന്നു. താത്പര്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യവുമുണ്ട്. സാമ്പത്തിക ശേഷിയുള്ളവരുടെ മക്കള്‍ക്ക് ഇരു വിദ്യാഭ്യാസം നല്‍കാനുള്ള സംവിധാമാണ് ബോര്‍ഡിംഗ് മദ്‌റസ. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ബോര്‍ഡിംഗ് ആണ് സംവിധാനിച്ചിരിക്കുന്നത്. പിതാക്കളുടെ ലാളനയേല്‍ക്കാത്ത അനാഥകളെയും സാമ്പത്തിക വിഷമതകള്‍ അനുഭവിക്കുന്ന അഗതികളെയും സംരക്ഷിക്കുന്നതിന് സ്ഥാപിച്ച അഗതി, അനാഥ മന്ദിരം. ആണ്‍കുട്ടികള്‍ക്ക് ചെറുപുഴക്കടുത്ത് വയക്കര നിബ്രാസ് നഗറിലും പെണ്‍കുട്ടികളുടെത് ദാറുല്‍ അമാനിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ തൊഴില്‍ പരിശീലനം നല്‍കുന്നു എന്ന പ്രത്യേകതയുമുണ്ട്. പെണ്‍കുട്ടികളുടെ ശരീഅത്ത് കോളജും മഖറിന്റെ പ്രത്യേകതയാണ്.
മതപഠനത്തിന് മതിയായ സൗകര്യമോ ഇസ്‌ലാമിക സംസ്‌കാരം കാത്തുസൂക്ഷിക്കാനുള്ള സാഹചര്യമോ ലഭിക്കാത്ത ഇംഗ്ലീഷ് സ്‌കൂളില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മികച്ച പാഠ്യേതര സംവിധാനത്തൊടെയും മദ്‌റസാ പഠനത്തോടെയുമാണ് അല്‍മഖര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിതമായത്. സി ബി എസ് ഇ അംഗീകാരമുള്ള സ്‌കൂളില്‍ ദാറുല്‍ അമാനിലും ബദരിയാ നഗറിലുമായി ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ വിദ്യ നുകരുന്നുണ്ട്. ഇവര്‍ക്ക് പ്രത്യേക ബോര്‍ഡിംഗ് സൗകര്യവുമുണ്ട്.
ഹിഫഌല്‍ ഖുര്‍ആന്‍ കോളജ് അല്‍മഖറിന്റെ ഏറ്റവും പുതിയ സംരംഭമാണ്. സ്‌കൂള്‍, മദ്‌റസ അഞ്ചാം ക്ലാസ് പൂര്‍ത്തിയായവര്‍ക്കാണ് ഇവിടെ പ്രവേശം നല്‍കുന്നത്. കണ്ണൂര്‍ മയ്യില്‍ പ്രദേശത്ത് വാദി അമാനില്‍ ദര്‍സും മദ്‌റസയും ജുമാ മസ്ജിദും പ്രവര്‍ത്തിക്കുന്നു. പാനൂരില്‍ ജൂനിയര്‍ ശരീഅത്ത് കോളജും മദ്‌റസയും പ്രവര്‍ത്തിക്കുന്നുണ്ട്. മൂവായിരത്തോളം വിദ്യാര്‍ഥികളാണ് മഖറില്‍ പഠനം നടത്തുന്നത്. അറുനൂറോളം വിദ്യാര്‍ഥികളുടെ ഭക്ഷണ താമസ പഠന ചെലവുകള്‍ അല്‍മഖറാണ് വഹിക്കുന്നത്. ഇതിനു പുറമെ സി ആര്‍ പി എഫ് ക്യാമ്പിലെ മസ്ജിദ്, കണ്ണൂര്‍ ജില്ലയില്‍ ഇരുപതോളം സ്ഥലങ്ങളില്‍ പള്ളികളും മദ്‌റസകളും സാംസ്‌കാരിക നിലയങ്ങളും അല്‍മഖറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. വികലാംഗ വിദ്യാലയവും പരിയാരം, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് മഖര്‍ സെന്ററും പദ്ധതിയിലുണ്ട്. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് പൊസോട്ട് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ത്രൈമാസ ദിക്ര്‍ ഹല്‍ഖയില്‍ ആയിരങ്ങളാണ് സംബന്ധിക്കുന്നത്.
സില്‍വര്‍ ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന അല്‍മഖറിന് ഇനിയും ഒരുപാട് ദൂരം താണ്ടാനുണ്ട്. മുന്നിലുള്ള വഴി എളുപ്പമല്ല. കല്ലും മുള്ളും നിറഞ്ഞതാണ്. സില്‍വര്‍ ജൂബിലിയുടെ ഓര്‍മക്കായി ആരംഭിക്കുന്ന സ്‌നേഹഭവന്‍ പ്രഖ്യാപനം ഈ സമ്മേളനത്തില്‍ നടക്കും. നിരാലംബരും നിരാശ്രയരുമായി അലക്ഷ്യമായി ജീവിക്കുന്നവരെ കണ്ടെത്തി അവരെ പാര്‍പ്പിക്കുന്നതിനും ഭാസുര ജീവിതം നല്‍കുന്നതിനുമാണ് സ്‌നേഹഭവന്‍ ആരംഭിക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, പ്രവാസി ഫാമിലി മീറ്റ്, അനുസ്മരണ സമ്മേളനം, മീഡിയാ സെമിനാര്‍, അഖിലേന്ത്യാ ബുര്‍ദ പാരായണ മത്സരം തുടങ്ങിയ പരിപാടികള്‍ നടത്തി. 12ന് സമ്മേളനത്തിന് തുടക്കം കുറിക്കും. ആത്മീയ മജ്‌ലിസോടെ 13ന് ഞായറാഴ്ച സമാപിക്കും.

ALSO READ  ലൈഫ് പാർപ്പിട പദ്ധതി മാത്രമല്ല, ജീവിതം തന്നെ