മോഡിക്കെതിരെ വാജ്പയിയുടെ വിമര്‍ശങ്ങള്‍ ആയുധമാക്കി കോണ്‍ഗ്രസ് വെബ്‌സൈറ്റ്

  Posted on: April 12, 2014 12:02 am | Last updated: April 11, 2014 at 11:50 pm

  ന്യൂഡല്‍ഹി: കടുത്ത അനാരോഗ്യം മൂലം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയ് ഇപ്പോള്‍ സജീവ രാഷ്ട്രീയത്തില്‍ ഇല്ല. പക്ഷേ, ഗോദയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ സജീവമായി നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ ആക്രമിക്കാനുള്ള ആയുധമാണ് കോണ്‍ഗ്രസിന് വാജ്പയ്. ഗുജറാത്ത് വംശഹത്യക്ക് ശേഷം മോദിക്കെതിരെ വാജ്പയ് നടത്തിയ വിമര്‍ശങ്ങള്‍ അക്കമിട്ട് നിരത്തുകയാണ് കോണ്‍ഗ്രസ് വെബ്‌സൈറ്റ്. അതും ചിത്ര സഹിതം.
  മോദിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ വാജ്പയി ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. രാജധര്‍മം പാലിക്കണമെന്ന് മോദിയെ വാജ്പയി ഉണര്‍ത്തിയിരുന്നുവെന്നും വെബ്‌സൈറ്റ് എടുത്തു പറയുന്നുണ്ട്. രാജധര്‍മ പരാമര്‍ശത്തിന് പിറകേ, വാജ്പയി മണാലിയില്‍ നടത്തിയ പരാമര്‍ശവും വെബ്‌സൈറ്റ് ഉപയോഗിച്ചിരിക്കുന്നു. 2004ലെ പൊതു തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതിന് കാരണം മോദിയാണെന്ന് വാജ്പയി സൂചിപ്പിച്ചതായും വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു.
  ‘ചിലയാളുകള്‍ അദ്ദേഹത്തെ മാറ്റണമെന്ന് ആഗ്രഹിച്ചു. എനിക്കും അതേ അഭിപ്രായമാണ് ഉണ്ടായിരുന്നത്’ -വാജ്പയി പറയുന്നു. ഇത് പിന്നീട് മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗ് ശരിവെച്ചു. മോദിക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്നു വരെ വാജ്പയി ഭീഷണി മുഴക്കിയെന്നും വെബ്‌സൈറ്റില്‍ പറയുന്നു.
  മോദിയെന്ന ഭരണാധികാരിയുടെ പരാജയമാണ് വാജ്പയി ചൂണ്ടിക്കാണിച്ചത്. കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടത് മാത്രമല്ല പ്രശ്‌നം. പുനരധിവാസ പ്രവര്‍ത്തനങ്ങളിലും സമ്പൂര്‍ണ പരാജയമായിരുന്നു. മോദിയുടെ കീഴിലെ ഗുജറാത്തില്‍ ന്യൂനപക്ഷങ്ങളുടെ നില പരിതാപകരമായി. ഇക്കാര്യങ്ങളാണ് വാജ്പയി തുറന്ന് പറഞ്ഞത്. സംസ്ഥാനം ഭരിക്കാന്‍ യോഗ്യതയില്ലെന്ന് വാജ്പയി തന്നെ വ്യക്തമാക്കിയ മോദി എങ്ങനെ രാജ്യം ഭരിക്കും?
  മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ അവഹേളിച്ചാണ് മോദി മുന്നേറുന്നത്. വാജ്പയിയുടെ അടുത്ത അനുയായി ആയിരുന്ന ജസ്വന്ത് സിംഗ് പാര്‍ട്ടി വിടുന്നതിലേക്ക് നയിച്ചത് ഈ അവഹേളനമാണ്. മോദിയുടെ ഉദയം ആഘോഷിക്കുന്ന ബി ജെ പി വാജ്പയിയെപ്പോലുള്ളവരുടെ പാരമ്പര്യം തമസ്‌കരിക്കാന്‍ ശ്രമിക്കുകയാണ്. ഇത് മനസ്സിലാക്കിയാണ് വാജ്പയിയുടെ അനന്തിരവള്‍ കരുണ ശുക്ല ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
  1998ല്‍ ബി ജെ പി സര്‍ക്കാറിനെ അട്ടിമറിച്ചതിന്റെ ബുദ്ധികേന്ദ്രം സുബ്രഹ്മണ്യന്‍ സ്വാമിയാണെന്ന് ആരോപിക്കുന്ന വെബ്‌സൈറ്റ് അദ്ദേഹത്തെ ബി ജെ പിയില്‍ എടുത്തതിനെയും രൂക്ഷമായി വിമര്‍ശിക്കുന്നു.