ആണവ പരിപാടികള്‍ ഉപേക്ഷിക്കില്ല: ഖാംനഇ

Posted on: April 10, 2014 11:01 pm | Last updated: April 10, 2014 at 11:01 pm

ടെഹ്‌റാന്‍: ആണവ പരിപാടികള്‍ ഇറാന്‍ ഉപേക്ഷിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ. അതേസമയം, ഇറാന്‍ ആണവ പരീക്ഷണം നടത്തുന്നത് സൈനിക ആവശ്യത്തിനാണെന്ന പ്രചാരണം ഇല്ലാതാക്കാന്‍ ചര്‍ച്ചകള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മുതല്‍ ലോകരാഷ്ട്രങ്ങളുമായി മൂന്നാം വട്ട ആണവ ചര്‍ച്ചക്ക് വിയന്നയില്‍ തുടക്കമായതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ഇറാന്‍ അണ്വായുധങ്ങള്‍ക്ക് പിന്നാലെയല്ലെന്ന് അമേരിക്കക്ക് അറിയാമെന്നും എന്നാല്‍, ഇറാന്‍വിരുദ്ധ വികാരം ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ഖാംനഇ കൂട്ടിച്ചേര്‍ത്തു. ദേശീയ ആണവോര്‍ജ ദിനത്തില്‍ ശാസ്ത്രജ്ഞരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യം പുറത്തുവരികയും ലോകം മനസ്സിലാക്കുകയും ചെയ്യട്ടെ എന്ന താത്പര്യത്തിലാണ് ചര്‍ച്ച പുനരാരംഭിക്കാന്‍ അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ശക്തികള്‍ ചുമത്തിയ ഉപരോധങ്ങള്‍ എടുത്തുകളയാനുള്ള ഉപാധിയായാണ് ചര്‍ച്ചയെ ഇറാന്‍ കാണുന്നത്.
ഉപരോധങ്ങള്‍ മറികടക്കുന്നതിന് കഴിഞ്ഞ ജനുവരിയില്‍ ചില ആണവ പരിപാടികള്‍ ആറ് മാസത്തേക്ക് ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറായിരുന്നു.