ആര്‍ എസ് സി ‘ലോഗ് ഇന്‍’ നാളെ

Posted on: April 10, 2014 12:15 am | Last updated: April 10, 2014 at 11:55 pm

കോഴിക്കോട്: പ്രവാസ ലോകത്ത് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ എസ് എസ് എഫിന്റെ പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കിളിന്റെ പുതിയ പതിറ്റാണ്ടിലേക്കുള്ള പ്രവേശം ‘ലോഗ് ഇന്‍’ എന്ന പേരില്‍ നാളെ ഗള്‍ഫിലെ ഇരുപതുകേന്ദ്രങ്ങളില്‍ നടക്കും. ഐസി എഫ്, ആര്‍ എസ് സി സംഘടനകളിലെ നേതാക്കള്‍ ഒരു വര്‍ഷത്തേക്കുള്ള പദ്ധതികളും പ്രമേയവും പ്രഖ്യാപിക്കും. നാളെ പല സമയങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുക്കും.
യുവ ശാക്തീകരണം ലക്ഷ്യംവെക്കുന്ന ഒരുവര്‍ഷ കര്‍മ പദ്ധതികളോടെയാണ് സംഘടന അടുത്ത പതിറ്റാണ്ടിലേക്കു പ്രവേശിക്കുന്നത്. പ്രവാസ യൗവനങ്ങളുടെ സാംസ്‌കാരിക സംഘബോധം എന്ന സന്ദേശത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടന യുവാക്കളുടെ ധാര്‍മികവും സാംസ്‌കാരികവുമായ പുരോഗതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിദ്യാര്‍ഥിത്വത്തിന്റെ നന്മയും സംഘടന ലക്ഷ്യംവെക്കുന്നു. പ്രവാസ ലോകത്ത് ധാര്‍മിക ഇസ്‌ലാമിക കലാ, സംസ്‌കാരത്തിന്റെ പതിവു അരങ്ങുകള്‍ സൃഷ്ടിക്കുന്നതിനും മനുഷ്യരുടെ ധൈഷണികവും ധനപരവുമായ വിഭവങ്ങളെ ചോര്‍ത്തിയെടുക്കുന്നതും ശരീരത്തെ നശിപ്പിക്കുന്നതുമായ ദുഷ്പ്രവണതകള്‍ക്കെതിരെ സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതിനും സംഘടന ശ്രദ്ധിക്കുന്നു. സേവനം സംസ്‌കാരമാക്കി മാറ്റുന്ന രീതിശാസ്ത്രം സ്വീകരിച്ചാണ് സംഘടനയില്‍ യുവാക്കള്‍ പ്രവര്‍ത്തിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ കരുതലോടെയുള്ള തുടര്‍ച്ചക്കാണ് നാളെ ഗള്‍ഫ് നാടുകളില്‍ ‘ലോഗ് ഇന്‍’ ചെയ്യുന്നത്.
ലോഗ് ഇന്‍ പരിപാടിയുടെ ഐക്യദാര്‍ഢ്യ സംഗമം നാളെ മൂന്ന് മണിക്ക് കോഴിക്കോട് ഹെംലെറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എസ് ശറഫുദ്ദീന്‍, എം മുഹമ്മദ് സ്വാദിഖ്, എന്‍ എം സ്വാദിഖ് സഖാഫി, വി പി എം ബഷീര്‍ പറവന്നൂര്‍, ആര്‍ പി ഹുസൈന്‍, വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ അബ്ദുല്‍ കലാം നേതൃത്വം നല്‍കും. ആര്‍ എസ് സിയുടെ പൂര്‍വകാല നേതാക്കളും നാട്ടിലുള്ള ആര്‍ എസ് സി പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിക്കും.