Connect with us

International

ഫലസ്തീനുമായുള്ള ചര്‍ച്ച നിര്‍ത്തിവെക്കണം: നെതന്യാഹു

Published

|

Last Updated

ടെല്‍അവീവ്: ഫലസ്തീന്‍ ഉന്നതരുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെക്കണമെന്ന് മന്ത്രിമാരോട് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സമാധാന ചര്‍ച്ചകളുടെ ഫലമായുണ്ടായ കീഴ്‌വഴക്കങ്ങള്‍ ഫലസ്തീന്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് നെതന്യാഹു തന്റെ മന്ത്രിസഭയിലെ മന്ത്രിമാരോട് ഇക്കാര്യം നിര്‍ദേശിച്ചത്. ഐക്യരാഷ്ട്ര സഭയുടെ 15 ഇന ഉടമ്പടികളില്‍ തങ്ങളെയും ചേര്‍ക്കണമെന്ന് ഫലസ്തീന്‍ അപേക്ഷ നല്‍കിയതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹുവിന്റെ പുതിയ നീക്കം. ഇതോടെ അമേരിക്കയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്ന ഫലസ്തീന്‍- ഇസ്‌റാഈല്‍ സമാധാന ചര്‍ച്ചകള്‍ക്ക് വീണ്ടും തടസ്സം നേരിട്ടിരിക്കുകയാണ്. അതേസമയം, പ്രതിരോധ, സുരക്ഷാ വിഭാഗങ്ങള്‍ക്ക് ഫലസ്തീനികളുമായുള്ള ബന്ധം തുടരുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. ഇതുതന്നെ ചെറിയ തലത്തിലുള്ള ചര്‍ച്ചകളാകണമെന്നും നിര്‍ദേശമുണ്ട്.
അടുത്തിടെയുണ്ടായ തിരിച്ചടികള്‍ അവഗണിച്ച് ഫലസ്തീന്‍- ഇസ്‌റാഈല്‍ സമാധാന ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് യു എസ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഇരു രാജ്യങ്ങളെയും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചിരുന്നത്. ഇസ്‌റാഈല്‍ തുടര്‍ച്ചയായി ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന അക്രമണ പ്രവര്‍ത്തനങ്ങളെയും സമാധാന ചര്‍ച്ചകള്‍ക്ക് തുരങ്കം വെക്കാനുള്ള ആ രാജ്യത്തിന്റെ ശ്രമങ്ങളെയും ഫലസ്തീന്‍ ശക്തമായി എതിര്‍ത്തിരുന്നു.

Latest